Europe Kerala Pravasi Switzerland World

അന്തർദ്ദേശീയ അത്മായ സമ്മേളനത്തിൽ “ആഗോള സീറോ മലബാർ അൽമായ സിനഡ് “രൂപീകരണത്തിന് തീരുമാനം …രൂപീകരണകമ്മിറ്റിയിൽ സ്വിറ്റസർലണ്ടിൽ നിന്നും ശ്രീ ആന്റണി പനയ്ക്കൽ .

കത്തോലിക്കാ സഭക്കു നേരിട്ടിരിക്കുന്ന മൂല്യ ച്യുതിയിൽ നിന്നും മോചനത്തിനായും കത്തോലിക്കാ സഭകളിലെ അത്മായർ അനുഭവിക്കുന്ന അവഗണനക്കെതിരെ പോരാടാനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുമായി ആഗോള സീറോ മലബാർ അൽമായ സിനഡ് രൂപീകരണത്തിനുവേണ്ടി കേരളാ കാത്തോലിക് ചർച്ച റീഫോർമേഷൻ മൂവ്‌മെന്റ് നോർത്ത് അമേരിക്കയുടെ ( KCRMNA) നേതൃത്വത്തിൽ കത്തോലിക്ക സഭ നവീകരണ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും കൂട്ടായ്മകളെയും ഒരു കുടക്കീഴിൽ ഒരുമിച്ച് ചേർത്ത് കഴിഞ്ഞ മെയ് പന്ത്രണ്ടാം തിയതി മീറ്റിങ്ങ് സംഘടിപ്പിച്ചു .

മെയ്‌ 12 ബുധനാഴ്ച 8 PM ന് (13ന് വ്യാഴാഴ്ച്ച IST 6.30 AM ) ന്യുയോർക്കിൽ നിന്നും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട് ഓൺലൈൻ ചർച്ചയിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു .കൃത്യസമയത്തു തന്നെ എല്ലാ സംഘടനകളെയും പ്രതിനിധികരിച്ച് ആളുകൾ എത്തുകയുണ്ടായി. പാതിരാവായിരുന്നിട്ടും സ്വിറ്റ്സർലാന്റിലും യൂറോപ്പിലുമുള്ളവരും ഇതിൽ ആദ്യന്തം സജീവമായി പങ്കെടുത്തു. ഇത് തത്സമയം കാണാനുള്ള അവസരവും അനേകായിരങ്ങൾ പ്രയോജനപ്പെടുത്തി. മൂന്നു മണിക്കൂറുകൾ നീണ്ട ചർച്ചകളിൽ എല്ലാവരും വളരെ അച്ചടക്കത്തോടെ പങ്കെടുത്തു. അത്മായരുടേതായി നിലവിലുള്ള എല്ലാ സംഘടനകളും ഈ സംരംഭത്തിന് സോപാധികം പിന്തുണ വാഗ്ദാനം ചെയ്തത് അപ്രതിക്ഷിതമായ ഒരു നീക്കമായിരുന്നു. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കേരളത്തിൽ നിന്നുള്ളവർ നന്നായി ‘ഹോം വർക്ക്’ ചെയ്തതിന്റെ ഫലമായിരുന്നു ഈ നേട്ടം.

ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളിൽ നിന്നും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പതിമൂന്ന് അംഗ അഡ്ഹോക്ക് കമ്മിറ്റിയെ പൊതുയോഗം ഐകകണ്ഠേന തിരഞ്ഞെടുത്തു, ശ്രീ ഷൈജു ആന്റണി നേതൃത്വം നൽകുന്ന കമ്മിറ്റിയിലെ അംഗങ്ങളുടെ പേര് ചുവടെ ചേർക്കുന്നു !!!

ഷൈജു ആന്റണി (ഇന്ത്യ)
അഡ്വക്കേറ്റ് ബോറിസ് പോൾ (ഇന്ത്യ)
മാത്യു തറക്കുന്നേൽ (ഇന്ത്യ)
തോമസ് ഇമ്മാനുവേൽ (ഇന്ത്യ)
അഡ്വക്കേറ്റ് സി. ജെ. ജോസ് (ഇന്ത്യ)
മേരി ഷെഫി (അമേരിക്ക)
ടോബിൻ ലാസർ (ഇംഗ്ലണ്ട്)
ആന്റണി പനക്കൽ (സ്വിറ്റ്സർലൻഡ്)
ജോസ് അലക്സാണ്ടർ (ഓസ്ട്രേലിയ)
ജോസ് കല്ലിടുക്കിൽ (അമേരിക്ക)
ജെയിംസ് കുരീക്കാട്ടിൽ (അമേരിക്ക)
സന്തോഷ്‌ തങ്കച്ചൻ (അയർലണ്ട്)
ജോബ്‌സൺ ജോസ് (മാലിദീപ്)

പതിമൂന്ന് അംഗ അഡ്ഹോക്ക് കമ്മിറ്റിക്കൊപ്പം ഉപദേശക സമിതി അംഗങ്ങളായി ശ്രീ ചാക്കോ കളരിക്കൽ, ശ്രീ ജോർജ് മൂലേച്ചാലിൽ, ശ്രീ ജോസഫ് മറ്റപ്പള്ളി, ശ്രീ ജിജി ഫിലിപ്പ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു !!!

പൂർവികരുടെ ചവിട്ടടികളെ പിന്തുടർന്ന് സമുദായത്തിൻറെ അന്തസ് നിലനിർത്താനും, പട്ടക്കാരുടെയും മേല്പട്ടക്കാരുടെയും ധിക്കാരത്തിനും ധൂർത്തിനും ലൈംഗിക അരാജകത്വത്തിനും ആഡംബര ജീവിത ശൈലിക്കുമെല്ലാം തടയിടാനും പള്ളിപൊതുയോഗങ്ങളെ പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കേ ണ്ടിയിരിക്കുന്നു. അല്മായ സിനഡ് എന്ന ആശയത്തിൻറെ പ്രസക്തി ഇവിടെയാണ്. പക്ഷേ, ലോകമെമ്പാടുമുള്ള സ്വതന്ത്ര അല്മായ പ്രസ്ഥാനങ്ങളെ കണ്ടെത്തി ഏകോപിപ്പിച്ചുകൊണ്ടേ, അല്മായ സിനഡെന്ന ആ ലക്ഷ്യത്തിലേക്കു മുന്നേറാനാവൂ.അതിനുള്ള സാധ്യതകൾ അന്വേഷിക്കുന്ന ആദ്യ ഘട്ട സമ്മേളനമാണ് നടന്നിരിക്കുന്നത് .ആഗോള സീറോ-മലബാർ അല്മായ സിനഡ്’ എന്ന ലക്ഷ്യത്തിലേക്കു ചുവടുവയ്ക്കാൻ എല്ലാവരെയും പ്രാപ്തരാക്കട്ടെ!

ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ഈ യാത്രയിൽ എല്ലാ അല്മയാരെയും ഒരുമിച്ച് ചേർത്ത് വിജയത്തിലേക്ക് എത്തിച്ചേരാൻ കമ്മിറ്റിക്ക് കഴിയട്ടെ !!!

……………………………………………………………………………………………….

എന്താണ് അൽമായ സിനഡ്

അല്മായ സിനഡിൻറെ സാധ്യതകളെപ്പറ്റി ആലോചിക്കുമ്പോൾ സിനഡ് എന്ന പദംകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഗ്രീക്ക് ഭാഷയിലെ ‘sinodos’ എന്ന പദത്തിൻറെ അർത്ഥം ‘assembly’, ‘meeting’ എന്നെല്ലാമാണ്. സിനഡിനെയാണ് ലത്തീനിൽ ‘concilium’ എന്നും ഇംഗ്ലീഷിൽ ‘council’ എന്നും പറയുന്നത്.

മെത്രാന്മാരുടെയോ പുരോഹിതരുടെയോ അല്മായരുടെയോ, കൂടാതെ ഈ മൂന്നുവിഭാഗത്തിൽ പെട്ടവരുടെ പ്രതിനിധികൾ കൂടിയോ, ഉള്ള യോഗങ്ങളാണ്, സിനഡുകൾ അഥവ കൗൺസിലുകൾ. അതായത് മെത്രാന്മാർ, വൈദികപ്രതിനിധികൾ, സന്യസ്തപ്രതിനിധികൾ, അല്മായപ്രതിനിധികൾ എല്ലാം കൂടിയ മഹായോഗമാണ് സഭാസിനഡ് (Church Council). മെത്രാന്മാർ ഒരുമിച്ചുകൂടി നടത്തുന്ന യോഗത്തെ മെത്രാൻ സിനഡ്(Bishop Council) എന്ന് വിളിക്കുന്നതുപോലെ അല്മായർ ഒരുമിച്ചുകൂടി നടത്തുന്ന യോഗത്തെ അല്മായസിനഡ് (Lay Council) എന്നും മെത്രാന്മാരും വൈദികരും അല്മായരും കൂടി നടത്തുന്ന യോഗത്തെ മഹായോഗം (General Council) എന്നും അറിയപ്പെടുന്നു. റോമിൽനിന്നും സ്വയംഭരണാധികാരം ലഭിച്ചിട്ടുള്ള സിറോ-മലബാർ കത്തോലിക്ക സഭയ്ക്ക് മെത്രാൻ സിനഡു മാത്രമേയുള്ളു. അല്മായ സിനഡോ സഭാ സിനഡോ നാളിതുവരെയായിട്ടും സ്ഥാപിച്ചിട്ടില്ല.

പണ്ടു കാലത്തെ മലങ്കരയിലെ മാർതോമ ക്രിസ്ത്യാനികളുടെ പള്ളിഭരണം നടത്തിയിരുന്ന ത്ജാതിത്തലവനായ അർക്കദ്യാക്കോൻറെ അധ്യക്ഷതയിൽ ഇടവകപ്പട്ടക്കാരും അല്മായപ്രതിനിധികളും അടങ്ങിയ മലങ്കരപ്പള്ളിക്കാരുടെ മഹായോഗമായിരുന്നു. അതിന് രണ്ടുദാഹരണങ്ങൾ . മാർതോമ ക്രിസ്ത്യാനികളുടെ പള്ളിപ്രതിപുരുഷയോഗമെന്ന സഭാഭരണഘടനതന്നെ ഉപയോഗിച്ച്,ആ സഭയുടെ ഘടനയെയും സമ്പ്രദായത്തെയും സംസ്കാരത്തെയും തകർത്ത,1599-ൽ നടന്ന ഉദയമ്പേരൂർ സൂനഹദോസ് അഥവ മലങ്കരപ്പള്ളിക്കാരുടെ മഹായോഗമാണ്, അതിൽ ഒന്ന്.

ഗോവ മെത്രാപ്പോലീത്ത അലക്സിസ് മെനേസിസിൻറെ ആവശ്യപ്രകാരം അന്നത്തെ ആർക്കദ്യാക്കോൻ കുരിശിൻറെ ഗീവർഗീസ് (George of the Cross) വിളിച്ചുകൂട്ടിയ സഭയുടെ മഹായോഗമായിരുന്നു അത്. ആ യോഗത്തിൽ ഒരു മെത്രാനും 153 വൈദികരും 644 അല്മായ പ്രതിനിധികളും പങ്കെടുത്തു. ആ സൂനഹദോസ് മലങ്കരയിലെ മാർതോമ ക്രിസ്ത്യാനികളെ റോമാമാർപാപ്പയുടെ വരുതിയിൽ കൊണ്ടുവരുകയും നമ്മുടെ സമുദായത്തിൻറെ ജനാധിപത്യ പള്ളിഭരണ സമ്പ്രദായത്തിൻറെ വിലതീരാത്ത പൈതൃകത്തെ തകർക്കുകയും ചെയ്തു. എന്നിരുന്നാലും, സഭാമഹായോഗത്തെത്തന്നെ വിളിച്ചുകൂട്ടി തീരുമാനങ്ങൾ എടുക്കാനുള്ള മര്യാദയെങ്കിലും മെനേസിസ് മെത്രാപ്പോലീത്ത കാണിച്ചു. എന്നാൽ ഇന്നത്തെ സീറോ-മലബാർ മെത്രാന്മാർ, സഭയിലെ 99% വരുന്ന അല്മായരെ മാറ്റിനിർത്തി, മാർതോമ നസ്രാണിസഭാ പൈതൃകത്തിനു വിരുദ്ധമായി, മെത്രാൻ സിനഡുമാത്രമാണ് നിലവിലുള്ളത്

മാർതോമ ക്രിസ്ത്യാനികളുടെ മലങ്കരയിലുള്ള എല്ലാ പള്ളിക്കാരുംകൂടി അങ്കമാലിയിലെ കത്തീഡ്രൽപള്ളിയിൽവെച്ച് 1773-ൽ നടത്തിയ മഹാസമ്മേളനമാണ് രണ്ടാമത്തെ ഉദാഹരണം.മലങ്കരസഭയുടെ വികാരി അപ്പസ്തോലിക്ക മാർ പ്ലോറൻസിയുസ് 1773-ൽ വാരാപ്പുഴവച്ച് മരിച്ചു. മരിച്ച മെത്രാൻറെ ശവസംസ്കാരത്തിൽ സംബന്ധിക്കുന്നതിന് മാർതോമ നസ്രാണി ക്രിസ്ത്യാനികളുടെ പള്ളികളിൽനിന്ന് ആൾക്കാർ വാരാപ്പുഴയിൽ എത്തി. എന്നാൽ അവിടുണ്ടായിരുന്ന പാതിരിമാർ മലങ്കരപള്ളിക്കാരെ ഒഴിച്ചുനിർത്തി മെത്രാൻറെ ശവസംസ്കാരകർമം നിർവഹിച്ചു. വാരാപ്പുഴത്തെ പാതിരിമാർ കാണിച്ച ആ ധിക്കാരത്തിന് അവരെക്കൊണ്ട് ഖേദപ്രകടനം നടത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു അങ്കമാലിപള്ളിക്കാർ മലങ്കരസഭായോഗം വിളിച്ചുകൂട്ടിയത്. കരിയാറ്റി ജോസഫ് മല്പാൻറെ നേതൃത്വത്തിൽ ഒരു നിവേദന സംഘത്തെ റോമിലേയ്ക്ക് അയയ്ക്കാനുള്ള തീരുമാനമെടുത്തതും മലങ്കരസഭായോഗമാണ്.

ഇടവകപള്ളിയോഗങ്ങൾ, പള്ളിപ്രതിപുരുഷയോഗങ്ങൾ, സഭാമഹായോഗങ്ങൾ എല്ലാം മാർതോമ ക്രിസ്ത്യാനികളുടെ സഭാഭരണപൈതൃകമായിരുന്നു. പള്ളിക്കാര്യങ്ങളും ഇടവകയിലെ സാമുദായിക/ഭൗതിക കാര്യങ്ങളും ഇടവകക്കാരാണ് ചർച്ചചെയ്ത് തീരുമാനങ്ങൾ എടുത്തിരുന്നത്.പൂർവകാലങ്ങളിൽ ശിക്ഷണ നടപടികൾപോലും പള്ളിയോഗങ്ങളാണ് തീരുമാനിച്ചിരുന്നത്. ഇന്ന് പള്ളിപൊതുഗയോഗങ്ങൾ വെറും പേരിനുമാത്രം. തീരുമാനങ്ങളെടുക്കാൻ പള്ളിയോഗങ്ങൾക്ക് അധികാരമില്ല. വികാരിയെ ഉപദേശിക്കുന്ന സമതികളായി അത് അധഃപതിച്ചുപോയി. കൂടാതെ, പള്ളിപ്രതിനിധികളെ ഉൾപ്പെടുത്തികൊണ്ടുള്ള സീറോ-മലബാർ സഭാസിനഡ് നാളിതുവരെയായിട്ടും സ്ഥാപിച്ചിട്ടുമില്ല.

റോമൻ രാജ്യഭരണഘടനയിൽനിന്നും ഉൾക്കൊണ്ട ഏകാധിപത്യ സഭാഭരണ സമ്പ്രദായമായിരുന്നു റോമൻ പാശ്ചാത്യ/പൗരസ്ത്യ സഭകൾക്ക് ഉണ്ടായിരുന്നത്. എന്നാൽ സുവിശേഷാധിഷ്ഠിതമായ ജനാധിപത്യ സഭാഭരണഘടനാസമ്പ്രദായം അപ്പോസ്തലികസഭയായ മാർതോമ ക്രിസ്ത്യാനികളുടെ മുഖമുദ്രയാണ്. ആ ഭരണ സമ്പ്രദായത്തെ തകിടം മറിക്കാൻ മെനേസിസ് മെത്രാപ്പോലീത്തയുടെ കാലംമുതൽ പരിശ്രമം നടന്നിരുന്നെങ്കിലും അവസാനം നാട്ടുമെത്രാന്മാരാണ് അത് സാധിച്ചെടുത്തത്. മാർതോമ മലങ്കര പള്ളിക്കാരുടെ ജനാധിപത്യ പള്ളിഭരണ പൈതൃകത്തിൽ മെത്രാന്മാർ വാചാലരാകാറുണ്ട്; പുസ്തകങ്ങളിലും ലേഖനങ്ങളിലും എഴുതിവിടാറുമുണ്ട്. ഒരു കാലത്ത് സമുദായത്തെ പ്രതിനിധാനം ചെയ്തിരുന്ന അല്മായ സംഘടനയായിരുന്നു അഖില കേരള കത്തോലിക്ക കോൺഗ്രസ്.

(കെസിആർഎം നോർത് അമേരിക്ക ഏപ്രിൽ 14, 2021 ബുധനാഴ്ച 09 PM (EST) സംഘടിപ്പിച്ച സൂം മീറ്റിംഗിൻ ശ്രീ ചാക്കോ കളരിക്കൽ നടത്തിയ ആമുഖപ്രസംഗമാണിത്)

എല്ലാവർക്കും നമസ്കാരം

ഇന്നത്തെ ഈ യോഗം നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒന്നാണ്. കാലങ്ങളായി സഭാ നവീകരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നിരവധി ആൾക്കാർ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് ആഗോള അല്മായ കൂട്ടായ്മ. ലോകം മുഴുവൻ ചിതറിക്കിടക്കുന്ന സീറോ-മലബാർ കത്തോലിക്ക സഭയിലെ അംഗങ്ങളെ സംഘടിപ്പിച്ച് ഒരു ആഗോള അല്മായസിനഡ് യാഥാർത്ഥ്യമാക്കുക എന്ന ആശയത്തിൻറെ സാധ്യതകളെപ്പറ്റി, നാം ഇന്ന് ഉറക്കെ ചിന്തിക്കുകയാണ്. ഇന്ന് സഭയിൽ അനവധി സ്വതന്ത്ര സംഘടനകളുണ്ട്. ആ സഘടനകളുടെ വൈവിദ്ധ്യമാർന്ന ചിന്താഗതികളെ ഉൾക്കൊണ്ടുകൊണ്ടുതന്നെ ഒരു ആഗോള അല്മായ കൂട്ടായ്മ അഥവ അല്മായ സിനഡ് സാധ്യമോ എന്ന നിലപാടിലേക്ക് നാമിപ്പോൾ എത്തിനിൽക്കുന്നു. ഈ വിഷയം ചർച്ച ചെയ്യാനുള്ള അവസരം KCRM നോർത് അമേരിക്കയ്ക്ക് ലഭിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്, അല്മായസിനഡിൻറെ അനിവാര്യത, ലക്ഷ്യം, മാർഗനിർദേശങ്ങൾ, സാധ്യത എന്നിവയെ സംബന്ധിച്ച് ആമുഖമായി ഏതാനും ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തട്ടെ.

കത്തോലിക്ക സഭയിലെ അനേക സ്വതന്ത്ര സംഘടനകളുടെ നായകരും സഭാനവീകരണരംഗത്തെ പ്രഗത്ഭരായ പ്രവർത്തകരും പങ്കെടുക്കുന്ന ഈ ചർച്ചാസമ്മേളനത്തിൽ നിങ്ങൾക്കെല്ലാവർക്കും നിരവധി ആശയങ്ങൾ പങ്കുവെയ്‌ക്കാനുണ്ടാകും. അത് മനസ്സിലാക്കികൊണ്ടുതന്നെ വളരെ ചുരുക്കമായി എൻറെ മനസ്സിൽ ഉദിക്കുന്ന ചില കാര്യങ്ങൾ ചർച്ചയ്ക്ക് ഒരു പ്രാരംഭമായി പറയട്ടെ.
ആഗോള അല്മായ സിൻഡിനെപ്പറ്റി നാം എന്തുകൊണ്ട് ചിന്തിക്കുന്നു? അതിനുത്തരം പലതാണ്. സീറോ-മലബാർ സഭയെ സംബന്ധിച്ചുപറഞ്ഞാൽ, സഭയ്ക്ക് സ്വയംഭരണാധികാരം ലഭിച്ചപ്പോൾ, ആ സഭയുടെ പൂർവ പാരമ്പര്യങ്ങളും പൈതൃകവും എന്താണെന്ന് നിർണയിക്കാതെ ആരാധനാക്രമങ്ങൾ കല്ദായരീതിയിലും സഭാഭരണം പാശ്ചാത്യരീതിയിലുമാക്കി. അതുസംബന്ധമായി പഠനങ്ങളോ ആലോചനകളോ നടന്നില്ല. കല്ദായവൽക്കരണം, കൽദായ ലിറ്റർജി നടപ്പിൽ വരുത്തുക, മാനിക്കേയൻ കുരിശുവണക്കം അടിച്ചേല്പിക്കുക, റോമൻ പൗരസ്ത്യസഭകളുടെ കാനോൻ നിയമം അപ്പോസ്തലസഭയായ സീറോ-മലബാർ സഭയിലും നടപ്പിലാക്കുക, പള്ളിയോഗങ്ങളെ വികാരിയെ ഉപദേശിക്കുന്ന സമതികളാക്കി തരംതാഴ്ത്തുക തുടങ്ങിയ സഭാപരിഷ്‌ക്കാരങ്ങൾ, മെത്രാന്മാരിൽനിന്നും വൈദികരിൽനിന്നും സാധാരണ വിശ്വാസികളിൽനിന്നും ഉണ്ടായ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ട്, ഏതാനും ചില മെത്രാന്മാരുടെ ഇംഗിതങ്ങൾ പൗരസ്ത്യതിരുസംഘത്തിൻറെ ഒത്താശയോടെ സഭയിൽ നടപ്പാക്കുകയാണ് ചെയ്തത്.

അക്കാലത്ത് സഭയിലെ പ്രഗത്ഭരായ, അതായത്, പ്രഫസറും ഗവർണറുമായിരുന്ന കെ എം ചാണ്ടി, ലുവൈൻ ചാക്കോ എന്നറിയപ്പെടുന്ന പ്രഫസർ പി റ്റി ചാക്കോ, വൈസ് ചാൻസിലർ ആയിരുന്ന എം വി പൈലി, പ്രഫസർ ജോസഫ് പുലിക്കുന്നേൽ തുടങ്ങിയ ഒൻപതുപേർകൂടി സഭയുടെ പൈതൃകം എന്തെന്ന് പഠിച്ചതിനുശേഷമേ സഭയിൽ മാറ്റങ്ങൾ വരുത്താവൂ എന്നുകാണിച്ച ഒരു നിവേദനം അന്നത്തെ സഭാതലവൻ കർദിനാൾ മാർ ആൻറ്റണി പാടിയറയ്ക്ക് നൽകിയിട്ട് അതിന് ഒരു മറുപടിപോലും കിട്ടിയില്ലെന്ന് സംസാരത്തിനിടയിൽ ഒരിക്കൽ പുലിക്കുന്നേൽ സാർ പറഞ്ഞത് ഇന്നും ഞാൻ ഓർമിക്കുന്നു. സഭയിലെ 99% വരുന്ന അല്മായർ സഭയുടെ ഭാഗമാണെന്നു ചിന്തിക്കാൻപോലും സഭാധികാരത്തിൻറെ ധാർഷ്ട്യം അവരെ അനുവദി ക്കുന്നില്ലെന്ന് പറഞ്ഞാൽ അത് ഒരു അധികപ്പറ്റാകുകയില്ല.

മെത്രാന്മാരുടെ ആശീർവാദത്തോടെ, കഴിഞ്ഞ 30 വർഷങ്ങളായി കരിസ്മാറ്റിക് പ്രസ്ഥാനം അഴിഞ്ഞാടികൊണ്ടിരുന്നു. അല്മായരിൽ അന്ധവിശ്വാസം പ്രചരിപ്പിച്ച് അവരെ പുരോഹിത അടിമകളാക്കി പാടേ നശിപ്പിച്ചുകളഞ്ഞു.ഇതിനിടെ സഭ മുതലാളിയായി; കോടീശ്വരിയായി. ആവശ്യത്തിലധികം കല്ദായവാദികളും അഹങ്കാരികളും സമ്പത്തിൽമാത്രം കണ്ണും നട്ടിരിക്കുന്ന വൈദികരെ, അല്മായരെ മെരുക്കാൻ മാത്രമായി, വടവാതൂർ സെമിനാരി സൃഷ്ടിച്ചുവിട്ടു. അവരിൽ ചില നല്ലകള്ളന്മാർ മേല്പട്ടക്കാരുമായി. ഇന്നത്തെ സഭാധികാരികൾ രാജകൊട്ടാരങ്ങളിൽ വസിക്കുന്നവരും ധിക്കാരികളും ധൂർത്തരും ലൈംഗികതയിൽ മുഴികി കഴിയുന്നവരും സുഖജീവിതം നയിക്കുന്നവരും ആഡംബരദേവാലയങ്ങളെ പ്രേമിക്കുന്നവരുമാണ്. ഇത്തരക്കാർ സഭയിലെ സമർപ്പിത വൈദികരെ അപ്രശസ്തരാക്കുന്നു. ഏതു സംഘടനയുണ്ടോ അതിൻറെയെല്ലാം തലപ്പത്ത് വികാരിയച്ചനോ, മെത്രാനോ! എകെസിസി-യുടെ തലപ്പത്തും മെത്രാൻ! പോസ്റ്ററുകളിൽ വൈദികരുടെയോ മെത്രാന്മാരുടെയോ ചിത്രം മാത്രം!

സ്വയംഭരണാധികാരം ലഭിച്ച സഭ വളരുകയല്ല, തളരുകയാണ് ചെയ്യുന്നതെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഈ പോക്കിന് തടയിടലായിരിക്കണം നമ്മുടെ ലക്ഷ്യം. പള്ളി പള്ളിക്കാരുടെ സ്വത്താക്കണം; പള്ളിസ്വത്തുക്കൾ പള്ളിപൊതുയോഗത്താൽ സുതാര്യതയോടെ ഭരിക്കപ്പെടണം. നമ്മുടെ പൂർവീകർ സ്വരുമിച്ച സഭാസ്വത്തുക്കൾ തന്നിഷ്ടപ്രകാരം വിറ്റുതുലയ്ക്കാൻ ഭാവിയിലെങ്കിലും ഒരു മെത്രാനെയും അനുവദിച്ചുകൂടാ. അത് പ്രായോഗികമാകണമെങ്കിൽ സഭാഭരണരീതിയിൽ ഒരു അടിസ്ഥാന മാറ്റം ആവശ്യമാണ്; സമഗ്രമായ ഒരു അല്മായ ഐക്യത്തിൽകൂടിയേ അതു സാധ്യമാകൂ. എന്നുവെച്ചാൽ, അല്മായ ശാക്തീകരണം കൂടിയേതീരൂ എന്നുചുരുക്കം. അല്മായ സിനഡിൻറെ അനിവാര്യതയും ലക്ഷ്യവും പ്രസക്തിയും ഇവിടെയാണ്.

ഈ നിർദ്ധിഷ്ട സിനഡിനെ സംബന്ധിച്ച ചില മാർഗ്ഗ നിർദ്ദേശങ്ങൾ പറയട്ടെ:
Catholic Church Citizens Council (CCCC) എന്ന് തൽകാലം ഈ സിൻഡിനെ നമുക്ക് വിളിക്കാം. ഈ കൗൺസിൽ അഥവ സിനഡ്, സഭാംഗങ്ങളായ വ്യക്തികളുടെയും സംഘടനകളുടേയും ആഗോളതല കൂട്ടായ്മയായിരിക്കണം. അടിസ്ഥാനപരമായി യേശുവിൻറെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നവരായിരിക്കുമല്ലോ ഇതിലെ എല്ലാ അംഗങ്ങളും. ഓരോരുത്തരുടെയും ഇപ്പോഴുള്ള സ്ഥാനത്തിനതീതമായി, നാനാത്വത്തിൽ ഏകത്വമായി, റീത്തുകളുടെയും വർഗങ്ങളുടെയും സംസ്കാരങ്ങളുടെയും മറ്റു വിഭാഗീയ ചിന്താഗതികൾക്കും അതീതമായ ഒരു കൂട്ടായ്മയായിരിക്കണം ആഗോള അല്മായസിനഡ്.

കത്തോലിക്ക സഭയേയും അതിൻറെ പഠനങ്ങളെയും ഈ കൗൺസിൽ ബഹുമാനിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ അതേസമയം സഭാംഗങ്ങൾക്ക് നീതിയും ന്യായവും ലഭ്യമാക്കുവാൻ വേണ്ടി പ്രവർത്തിക്കുകയും, സഭാധികാരികളുടെ അധികാര മനോഭാവത്തെയും കടന്നുകയറ്റത്തെയും നിഷേധിക്കുകയും ചെയ്യുന്ന വിഷയത്തിന്, കൗൺസിൽ മുൻ‌തൂക്കം കൊടുക്കുന്ന ഒരു പ്രവർത്തന രീതിയായിരിക്കണം സിനഡ് സ്വീകരിക്കേണ്ടത്. ഔദ്യോഗിക സഭയുടെയോ റീത്തിൻറെയൊ ഭാഗമായിട്ടോ നിയന്ത്രണത്തിലോ ആയിരിക്കുകയില്ല സിനഡ് പ്രവർത്തിക്കേണ്ടത്. ഇൻറ്റർനെറ്റിലൂടെയും ദൃശ്യ-അച്ചടി മാധ്യമങ്ങളിലൂടെയും നീതിക്കു വേണ്ടി ശബ്ദമുയർത്തുകയും പാർശ്വവത്ക്കരിക്കപ്പെട്ട നിസ്സഹായരെ സഹായിക്കുകയും, അവർക്ക് സംരക്ഷണവും നിയമ സഹായങ്ങളും ലഭ്യമാക്കാനുതകുന്ന പരസ്നേഹ പ്രവർത്തികൾ എല്ലാം സംഘടനയുടെ ലക്ഷ്യമായിരിക്കണം. ഓരോരുത്തരും ജീവിക്കുന്ന രാജ്യങ്ങളുടെ നിയമങ്ങൾ പാലിക്കുന്നതോടൊപ്പം അംഗങ്ങളുടെ മാന്യമായ പെരുമാറ്റശൈലിയും ആഗോള സിനഡിൽറെ മുഖമുദ്രയായിരിക്കണം.

സിനഡുസംബന്ധമായി ആശയങ്ങൾ ഹൃസ്വമായി പങ്കുവെയ്ക്കാൻ അവസരമുണ്ടെങ്കിലും ഈ സിൻഡിൻറെ ആവശ്യമേയില്ല എന്ന അഭിപ്രായമുള്ളവരുണ്ടെങ്കിൽ അവർക്കുള്ളതല്ല ഈ പരിപാടിയെന്ന് വിനയപൂർവം അറിയിക്കട്ടെ.

എന്നെ സംബന്ധിച്ചിടത്തോളം ആഗോള അല്മായസിനഡ് സാധ്യമോ എന്ന ചോദ്യത്തിന് യഥാർത്ഥത്തിൽ പ്രസക്തിയില്ല. കാരണം, ഇന്നത്തെ സഭാ ചുറ്റുപാടിൽ അത് അനിവാര്യമാണ്; സാധ്യമാണ്. ലോകമെമ്പാടുമുള്ള സ്വതന്ത്ര അല്മായപ്രസ്ഥാനങ്ങളെയും സഭാസ്നേഹികളും സഭാനവീകരണരംഗത്ത് ആത്മാർത്ഥമായി പ്രവർത്തിച്ചുകൊണ്ടുമിരിക്കുന്ന വ്യക്തികളെയും സഭാധികാരികളുടെ ഇന്നത്തെ പോക്കിൽ അസംതൃപ്തരായവരെയും കണ്ടെത്തി ഏകോപിപ്പിച്ചാൽ, അല്മായസിനഡ് വിജയകരമായി സംഘടിപ്പിക്കാൻ സാധിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഏതാനുംപേർ നായകത്വം ഏറ്റെടുക്കാനുള്ള നന്മനസ്സുകാണിച്ചാൽ മാത്രം മതി. അവരെ ഈ യോഗത്തിൽവെച്ചുതന്നെ തെരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിക്കുമെന്നുള്ള പ്രത്യാശയോടെയും ഈ സംരഭത്തിന് എല്ലാവിധ വിജയാശംസകളും നേർന്നുകൊണ്ടും എൻറെ വാക്കുകൾ ഞാൻ അവസാനിപ്പിക്കുന്നു. എന്നെ ശ്രവിച്ചുകൊണ്ടിരുന്ന നിങ്ങൾ എല്ലാവർക്കും എൻറെ ഹൃദയംനിറഞ്ഞ നന്ദി.