Kerala

എസ്.എ.ടി ആശുപത്രിയിൽ 32 ഐ.സി.യു കിടക്കകൾ; ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ കുട്ടികൾക്കായി ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗം സജ്ജമായി. ഇന്ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. 8 ഹൈഡെപ്പന്റൻസി യൂണിറ്റ് കിടക്കകളും 24 ഐ.സി.യു കിടക്കകളും ഉൾപ്പെടെ ആകെ 32 കിടക്കകളാണ് പീഡിയാട്രിക് വിഭാഗത്തിൽ സജ്ജമാക്കിയത്.

12 മൾട്ടി പാര മോണിറ്ററുകൾ, 10 വെന്റിലേറ്ററുകൾ, 6 നോൺ ഇൻവേസീവ് ബൈപ്പാസ് വെന്റിലേറ്ററുകൾ, 2 പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ, 3 ഡിഫിബ്രിലേറ്ററുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 98 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. നിലവിൽ 18 കിടക്കകളുള്ള അത്യാധുനിക ഉപകരണങ്ങളോടുകൂടിയ പീഡിയാട്രിക് ഐ.സി.യുവാണുള്ളത്. നവജാതശിശു വിഭാഗത്തിൽ 54 ഐ.സി.യു കിടക്കകളുമുണ്ട്. നെഗറ്റീവ് പ്രഷർ സംവിധാനവും പുതിയ ഐ.സി.യുവിലുണ്ട്.

കൊവിഡ് പോലെ വായുവിൽ കൂടി പകരുന്ന പകർച്ചവ്യാധികൾ വെല്ലുവിളിയാകുന്നതിനാൽ നെഗറ്റീവ് പ്രഷർ സംവിധാനമുള്ള തീവ്രപരിചരണ വിഭാഗം രോഗീപരിചരണത്തിൽ ഏറെ സഹായിക്കും. ഈ ഐ.സി.യുവിൽ ഇന്റെൻസീവ് റെസ്‌പിറേറ്ററി കെയറിനായിരിക്കും മുൻഗണനയെന്ന് മന്ത്രി വ്യക്തമാക്കി.