India Kerala

രാജ്യതാല്പര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ചതിന് അറസ്റ്റിലായ വിദ്യാർത്ഥിക്ക് നേരെ ആക്രമണം

രാജ്യതാല്പര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ചതിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥിക്ക് നേരെ ആക്രമണം. ജാമ്യത്തിൽ കഴിയുന്ന മേലാറ്റൂർ സ്വദേശി റിൻഷാദിനെയാണ് കഴിഞ്ഞ ദിവസം രാത്രി മൂന്നംഗ മുഖംമൂടി സംഘം വീട്ടിൽ കയറി ആക്രമിച്ചത്. സംഘ്പരിവാറിനെതിരെ സംസാരിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ആക്രമിസംഘം ഭീഷണിപ്പെടുത്തിയതായി റിഷാദ് പറഞ്ഞു.

രാജ്യ താൽപര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ച പേരിൽ പോലീസ് അറസ്റ്റ് ചെയ്ത മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥി റിൻഷാദിനെ കോടതി ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ സംഘ്പരിവാറിനെതിരെ മാത്രമാണ് പോസ്റ്റർ എഴുതിയത് എന്നായിരുന്നു റിൻഷാദിന്റെ വിശദീകരണം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം റിൻഷാദിന്റെ വീട്ടിലെത്തിയ മൂന്നംഗ മുഖംമൂടി സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. സംഘ്പരിവാറിനെതിരെ സംസാരിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി റിൻഷാദ് പറഞ്ഞു. കാലിനും കൈക്കും ശരീരത്തിലെ വിവിധ ഭാഗങ്ങളിലും സാരമായി പരിക്കേറ്റ റിൻഷാദിനെ പെരിന്തൽമണ്ണ ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. സംഭവത്തിൽ മേലാറ്റൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.