Kerala

സിപിഐഎം പാര്‍ട്ടി സമ്മേളനങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം സമ്മേളനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല. സിപിഐഎം ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് ഇന്നലെ മാത്രം സാധാരണക്കാര്‍ക്കെതിരെ 3,424 കേസുകള്‍ ചാര്‍ജ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൊവിഡ് വ്യാപനത്തിനിടെ പൊതുപരിപാടികള്‍ നടത്തിയ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. ആരാണ് മരണത്തിന്റെ വ്യാപാരികളെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എയ്ക്ക് അടക്കം കൊവിഡ് ബാധിച്ചില്ലേ? തുടക്ക ദിവസങ്ങളിലാവര്‍ പങ്കെടുത്തത്. എന്നിട്ടുപോലും സമ്മേളനം തുടരുകയാണ്. പാര്‍ട്ടി സമ്മേളനം കുറച്ചുദിവസത്തേക്ക് മാറ്റിവെച്ചാല്‍ ആകാഷം ഇടിഞ്ഞുവീഴുമോ? ഇവിടെ ആരാണ് മരണത്തിന്റെ വ്യാപാരികള്‍? പാര്‍ട്ടി സമ്മേളനവും തിരുവാതിരയും നടത്തുന്നവരാണോ അതോ ഉത്തരവാദിത്ത ബോധത്തോടെ പരിപാടികള്‍ മാറ്റിവെച്ച പ്രതിപക്ഷമാണോ?’ വിഡി സതീശന്‍ ചോദിച്ചു.

സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് പിന്നാലെ പൊതുപരിപാടികള്‍ സിപിഐയും റദ്ദാക്കി. ഈ മാസം 31 വരെയുള്ള സിപിഐയുടെ എല്ലാ പൊതുചടങ്ങുകളും സമ്മേളനങ്ങളും റദ്ദാക്കിയതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ നടത്താനിരുന്ന ധര്‍ണയും മാറ്റി.

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെയാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സിപിഐഎമ്മും ബിജെപിയും പൊതുപരിപാടികള്‍ സംഘടിപ്പിച്ചത്. ടിപിആര്‍ 36 ശതമാനം കടന്ന തിരുവനപുരത്ത് സിപിഐഎം ജില്ലാ സമ്മേളനം അടച്ചിട്ട ഹാളില്‍ നടന്നു. ടിപിആര്‍ 27 കടന്ന തൃശൂരില്‍ സിപിഐഎമ്മിന്റെ തിരുവാതിരയും ബിജെപിയുടെ പ്രതിഷേധ പരിപാടിയും നടന്നു. തൃശൂരില്‍ സംഘടിപ്പിച്ച തിരുവാതിരയില്‍ 80 ഓളം പേരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പങ്കെടുത്തത്.