Kerala Travel

അഗസ്ത്യാർകൂടം സന്ദർശനത്തിന് നിയന്ത്രണം

അഗസ്ത്യാർകൂടം സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി ജില്ലാ ഭരണകൂടം. ഇന്ന് മുതലുള്ള ബുക്കിങ്ങുകൾ റദ്ദ് ചെയ്യാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രവേശനം പ്രതിദിനം 50 പേർക്ക് മാത്രമായിരിക്കും. ഓൺലൈനിലൂടെ മാത്രമാണ് പാസ് അനുവദിക്കുക. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.

നേരത്തെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി അടച്ചതായി അധികൃതർ അറിയിച്ചിരുന്നു. ചൊവ്വാഴ്ച്ച മുതൽ സന്ദർശകരെ അനുവദിക്കില്ല. നിലവിൽ പ്രവേശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവർക്ക് തുക ഓൺലൈനായിതന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഇന്നലെ മുതൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമാണ് അനുമതി. നേരത്തെ നിശ്ചയിച്ച യോഗങ്ങളും മാറ്റിവയ്ക്കണമെന്ന് സംഘാടകർക്ക് നിർദേശം നൽകി. തിരുവനന്തപുരം ജില്ലയിൽ കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം.മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാരസ്ഥാപനങ്ങളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണമെന്നും വിവരം പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫിസറെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.