Kerala

‘കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയാകെ സ്വാധീനിച്ച പ്രതിഭ; എം.ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് 90ാം ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയാകെ സ്വാധീനിച്ച പ്രതിഭയാണ് എം. ടിയെന്ന് മുഖ്യമന്ത്രി ആശംസാ കുറിപ്പില്‍ പറഞ്ഞു. ചലച്ചിത്ര രംഗത്തും എം.ടി നല്‍കിയ സംഭാവനകള്‍ വലുതാണ്. എം.ടിയുടെ സ്വരം പുരോഗമന ചിന്തക്ക് പ്രചോദനം പകരുമെന്നും അദ്ദേഹം കുറിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

കേരളത്തിന്റെ അഭിമാനമായ എം.ടി വാസുദേവന്‍ നായരുടെ തൊണ്ണൂറാം ജന്മദിനമാണിന്ന്. മലയാള സാഹിത്യത്തെ മാത്രമല്ല, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയാകെ സ്വാധീനിച്ച അസാമാന്യ പ്രതിഭയാണ് എം. ടി. സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ മലയാളിയുടെ കലാ ഭാവുകത്വത്തെ നിര്‍മ്മിക്കുന്നതില്‍ അനുപമമായ പങ്കാണ് വഹിച്ചത്.

തന്റെ സൃഷ്ടികളിലൂടെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കും വര്‍ഗീയ രാഷ്ട്രീയ സംഹിതകള്‍ക്കും എതിരെ എം.ടി ഉയര്‍ത്തിയ സ്വരം പുരോഗമന ചിന്തക്ക് എക്കാലവും പ്രചോദനം പകരും. പ്രിയ എം.ടിയ്ക്ക് ഹൃദയപൂര്‍വം ആശംസകള്‍ നേരുന്നു.

അതേസമയം എഴുത്തുകാര്‍ മാനവികത ഉയര്‍ത്തിപ്പിടിക്കണമെന്ന് എം ടി വാസുദേവന്‍ നായര്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സമൂഹത്തില്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവ് ഇല്ലാതാക്കണം. സമൂഹത്തില്‍ ഇപ്പോളുണ്ടാകുന്ന വേര്‍തിരിവ് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.