India Kerala

ഫാര്‍മസിസ്റ്റ് ഡ്യൂട്ടി എടുക്കാത്തതിന് നഴ്സുമാര്‍ക്ക് നോട്ടീസ്

അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റിന്റെ ജോലി നിർവ്വഹിക്കാതിരുന്ന നഴ്സിന് കാരണം കാണിക്കൽ നോട്ടീസ്. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് സൂപ്രണ്ട് നിർദ്ദേശിച്ച ജോലി നിർവഹിക്കാതിരുന്നത് അനാസ്ഥയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സൂപ്രണ്ടിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി നഴ്സുമാരുടെ സംഘടന രംഗത്തു വന്നു .

കഴിഞ്ഞ ദിവസമാണ് രണ്ട് ഫാര്‍മസിസ്റ്റുകള്‍ അവധിയിലായിരുന്നതിനാല്‍ ഒരു നഴ്സിനെ നിയോഗിക്കാൻ ഹെഡ് നേഴ്സിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഹെഡ്നേഴ് നിർദേശിച്ചിട്ടും സൂപ്രണ്ട് നേരിട്ട് ആവശ്യപ്പെട്ടിട്ടും നഴ്സ് ഫാര്‍മസിസ്റ്റിന്റെ ഡ്യൂട്ടി എടുക്കാന്‍ കൂട്ടാക്കിയില്ലെന്നാണ് ആരോപണം. ഗുരുതരമായി ആ അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാൻ 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് സൂപ്രണ്ട് ഡോക്ടർ നസീമ നജീബ് നൽകിയ നോട്ടീസിൽ പറയുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി നേഴ്സ് മാരുടെ സംഘടന ആയ കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നേഴ്സുമാര്‍ രംഗത്തുവന്നു. മരുന്ന് കൈകാര്യം ചെയ്യേണ്ടത് ഫാർമസിസ്റ്റ് മാത്രമായിരിക്കണമെന്ന നിയമം ലംഘിക്കാൻ ഡോക്ടർ പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ് എന്ന് നഴ്സുമാർ കുറ്റപ്പെടുത്തി. പുതിയ തസ്തികകളിലേക്ക് ഫാർമസിസ്റ്റുമാരെ നിയമിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.