Kerala

പുതിയ നിയമനങ്ങളില്ല: താളം തെറ്റി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍

അതാത് വിഷയങ്ങളില്‍ പി.ജിയുള്ളവരെ മാത്രമേ അധ്യാപകരാക്കാവൂവെന്ന നിലപാട് സ്വീകരിച്ച് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകർക്ക് പ്രമോഷന്‍ നൽകുന്നതും പുതിയ നിയമനങ്ങളും നീളുന്നു. നിയമനത്തില്‍ പരാതിയുമായി പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് പ്രോമോഷനിൽ തടസമുണ്ടായത്.

പുതിയ നിയമനങ്ങൾ നടക്കാത്തത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും താളം തെറ്റിച്ചിട്ടുണ്ട്. വിവിധ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി, കാർഡിയാക് സർജറി വിഭാഗങ്ങളിൽ ഉൾപ്പടെയാണ് പുതിയ നിയമനങ്ങളും പ്രൊമോഷനും നടക്കാത്തത്.

2014 മുതലുള്ള ഡോക്ടർമാർ ഇപ്പോഴും പ്രൊമോഷൻ കാത്ത് നിൽക്കുന്നു. ഗൈനക്കോളജി വിഭാഗത്തിൽ മാത്രം 14 അസോസിയേറ്റ് പ്രൊഫസർമാരുടെ ഒഴിവാണുള്ളത്. കാർഡിയാക്ക് സർജറിയിൽ 3 അസോസിയേറ്റ് പ്രൊസർമാരുടെയും 2 പ്രൊഫസർമാരുടെയും ഒഴിവുണ്ട്.

അതാത് വിഷയങ്ങളില്‍ പി.ജിയുള്ളവരെ മാത്രമേ അധ്യാപകരാക്കാവൂവെന്ന നിലപാട് സ്വീകരിച്ച് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളോ പ്രൊമോഷനോ മെഡിക്കൽ കോളേജുകളിൽ നടക്കാത്തത്.

അസിസ്റ്റൻ്റ് പ്രൊഫസർമാർ അസോസിയേറ്റ് പ്രൊഫസറാവുകയും അസോസിയേറ്റ് പ്രൊഫസർമാർ പ്രൊഫസർമാർ ആവുകയും ചെയ്യുന്ന രീതി ഇപ്പോൾ ഇല്ല. ഇക്കാരണത്താൽ പുതിയ തസ്തികകൾ സൃഷ്ടിയ്ക്കപ്പെടുകയോ നിയമനങ്ങൾ നടക്കുകയോ ചെയ്യുന്നില്ല

അസോസിയേറ്റ് പ്രൊഫസർമാരിൽ പലരും 55 വയസിന് മുകളിലായതിനാൽ ഇവർക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടാനും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ പ്രൊമോഷൻ നടപടി ആരംഭിച്ചാൽ അസ്റ്റിറ്റൻ്റ് പ്രൊഫസർമാരുടെ ഒഴിവ് ഉണ്ടാവുകയും ജൂനിയർ ഡോക്ടർമാരെ ഈ തസ്തികയിൽ നിയമിക്കാനുമാവും. ഇതിന് മുമ്പ് മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം 55 ൽ നിന്ന് 62 ആക്കിയപ്പോൾ 7 വർഷം പുതിയ ഡോക്ടർമാരുടെ നിയമനം മുടങ്ങിയിരുന്നു.

പ്രൊമോഷൻ നൽകുകയും പി സി സി വഴി നിയമനം നടത്തുകയും ചെയ്താൽ കോവിഡ് ചികിത്സയിലെ ഇപ്പോഴുള്ള പ്രതിസന്ധിയുൾപ്പടെ മാറ്റാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.