Kerala

വി മുരളീധരന്‍റെ പ്രോട്ടോകോള്‍ ലംഘനം: വിശദീകരണവുമായി പി.ആര്‍ കമ്പനി മാനേജര്‍

യു.എ.ഇയില്‍‌ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോന്‍ കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു

പി.ആര്‍ പ്രൊഫഷണല്‍ എന്ന നിലയ്ക്കാണ് യു.എ.ഇയിലെ പരിപാടിയില്‍ പങ്കെടുത്തതെന്ന് സ്മിത മേനോന്‍. പരിപാടിയില്‍ പങ്കെടുക്കാനായി മീഡിയ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. സ്വന്തം ചെലവിലാണ് യു.എ.ഇയിലേക്ക് പോയതെന്നും സ്മിത മേനോന്‍ മീഡിയവണിനോട് പറഞ്ഞു.

യു.എ.ഇയില്‍‌ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോന്‍ കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു. എന്നാല്‍ ആക്ഷേപത്തിന് കൃത്യമായ മറുപടി പറയാതെ വി. മുരളീധരന്‍ ഒഴിഞ്ഞ് മാറുകയാണുണ്ടായത്. സംഭവത്തില്‍ വി. മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയതായി പ്രധാനമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

2019 നവംബറില്‍ യുഎഇയില്‍ നടന്ന ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ വി മുരളീധരടനക്കമ‌ുള്ള സംഘം പങ്കെടുത്തിരുന്നു. ഇതില്‍ സ്മിത മോനോന്‍ എന്ന സ്ത്രീയും ഉള്‍പ്പെടുന്നു. ഇതാണ് വിവാദത്തിന് കാരണമായത്.

എറണാ‌കുളത്തെ പിആര്‍ സ്ഥാപനത്തില്‍ മാനേജരായ ഇവര്‍ ഔദ്യോഗിക നയന്ത്ര സംഘത്തിന്‍റെ ഭാഗമല്ലെന്ന് എംബസി നല്‍കിയ വിവരവകാശ രേഖയില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ ഇവര്‍ ഇങ്ങനെ സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന് അന്വേഷിക്കണമെന്നാണ് പ്രധാനമന്ത്രിക്ക് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.