Kerala

മലപ്പുറത്ത് ഉരുള്‍പൊട്ടല്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; വയനാട്ടിലും കനത്ത മഴ

മലപ്പുറം താഴെക്കോട് അരക്കുപറമ്പില്‍ നേരിയ തോതില്‍ ഉരുള്‍പൊട്ടി. അരക്കുപറമ്പ് മാട്ടറക്കലിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല. ജാഗ്രതാ മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകളെ നേരത്തെ തന്നെ മാറ്റിയിരുന്നു. കരുവാക്കുണ്ട് കല്‍കുണ്ടില്‍ 60 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വഴിക്കടവില്‍ പത്ത് വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് സമീപത്തെ മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

വൈകുന്നേരത്തോടെ പാലക്കാട് ഓടന്തോടും ഉരുള്‍പൊട്ടി. വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്. ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. 70 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

കനത്ത മഴയില്‍ വയനാട് ജില്ലയില്‍ 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ഗാന്ധി ജംഗ്ഷനിലും ട്രാഫിക് ജംഗ്ഷനിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ബത്തേരിയിലെ കടകളിലും വെള്ളം കയറി. നാടുകാണി വഴിക്കടവ് റോഡില്‍ രാത്രിയാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തി.