Kerala

ഇടുക്കി ദേവികുളത്ത് മണ്ണിടിച്ചില്‍ ഭീഷണി; മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

ഇടുക്കി ദേവികുളം അഞ്ചാം മൈലില്‍ മണ്ണിടിച്ചില്‍ ഭീഷണി. ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 70 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തും. 112 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. mudslide in devikulam

കോഴിക്കോടും പത്തനംതിട്ടയിലും മലയോര മേഖലയില്‍ കനത്ത മഴയാണ്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വീടിന് മുകളിലേക്ക് സ്‌കൂള്‍മതില്‍ ഇടിഞ്ഞുവീണു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. പെരുനാട് പഞ്ചായത്തിലും അട്ടത്തോട്ടിലും മണക്കയത്തും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

എറണാകുളം നഗരത്തിലും രണ്ട് മണിക്കൂറായി കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചില്‍ സാധ്യതയുള്ള കടവൂര്‍, നേര്യമംഗലം വില്ലേജുകളില്‍ ആര്‍ആര്‍ടി ടീമുകളെ നിയോഗിച്ചു. ഉച്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഴ ശക്തിപ്രാപിച്ചത്. എറണാകുളം, മലപ്പുറം, തൃശൂര്‍, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളില്‍ മണിക്കൂറുകളായി മഴ തുടരുകയാണ്. മലപ്പുറത്തും പാലക്കാടും ഉരുള്‍പൊട്ടി. ആളപായമില്ല. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.