Kerala

പൗരത്വനിയമ വിഷയത്തില്‍ പിണറായി സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് കുഞ്ഞാലിക്കുട്ടി

കേരളത്തില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധച്ചവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

‘സമരക്കാർക്കെതിരെ കേസെടുത്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ച് പറഞ്ഞത്. എന്നാൽ സമരം ചെയ്ത സാംസ്കാരിക, മത, സാമൂഹിക രംഗത്തെ അഞ്ഞൂറിലേറെ പേർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് വിവരാകാശം വഴി അറിയാൻ സാധിച്ചതിൽ നിന്നും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വ്യക്തമാണ്’. കേസുകൾ പിൻവലിക്കണമെന്ന് സർക്കാരിനോട് നാനാ ഭാഗത്തുനിന്നും ആവശ്യങ്ങൾ ഉയർന്നിട്ടും അതിനെതിരെ ചെറുവിരലനക്കാത്തത് സർക്കാരിന്‍റെ ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ഇന്ത്യക്കകത്തും പുറത്തും വലിയ ചലനങ്ങൾ സൃഷ്ടിച്ച വിഷയമാണ് കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം. ജനം ഒറ്റക്കെട്ടായി തെരുവിലിറങ്ങി സമരപോരാട്ടം നടത്തി ഇന്ത്യയുടെ മതേതര പൈതൃകത്തെ തകർക്കാനുള്ള ശ്രമത്തെ ചെറുത്തു. കോൺഗ്രസ്സ് അടക്കമുള്ള മതേതര പ്രസ്ഥാനങ്ങളും മതേതര സർക്കാരുകളുമെല്ലാം ഈ പുതിയ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും അതിനനുസൃതമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു.

കേരളത്തിൽ യു.ഡി.എഫ് അതിശക്തമായിത്തന്നെ ഈ നിയമത്തിനെതിരെ പോരാട്ടം നടത്തി. ഈ വിഷയത്തിൽ ഒന്നിച്ചുള്ള പോരാട്ടമാണ് ഗുണകരമാവുക എന്നുകണ്ട് സർക്കാരുമായി ചേർന്ന് സമരം ചെയ്യാൻപോലും യു ഡി എഫ് തയ്യാറായി. എന്നാൽ എല്ലാവിഷയങ്ങളിലും എന്നപോലെ ഈ വിഷയത്തിലും സർക്കാരിന്‍റെ പ്രതിച്ഛായയായിരുന്നു അവർ ലക്ഷ്യം വെച്ചത്.

സമരക്കാർക്കെതിരെ കേസ്സെടുത്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ച് പറഞ്ഞത്. എന്നാൽ സമരം ചെയ്ത സാംസ്കാരിക, മത, സാമൂഹിക രംഗത്തെ അഞ്ഞൂറിലേറെ പേർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് വിവരാകാശം വഴി അറിയാൻ സാധിച്ചതിൽ നിന്നും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വ്യക്തമാണ്. കേസ്സുകൾ പിൻവലിക്കണമെന്ന് സർക്കാരിനോട് നാനാ ഭാഗത്തുനിന്നും ആവശ്യങ്ങൾ ഉയർന്നിട്ടും അതിനെതിരെ ചെറുവിരലനക്കാത്തത് സർക്കാരിന്റെ ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.

തമിഴ് നാട്ടിൽ ആയിരത്തി അഞ്ഞൂറിലേറെ കേസുകൾ പിൻവലിച്ച സാഹചര്യത്തിലാണ് ഇവിടെയൊരു സർക്കാർ വെറും വാചക കസർത്തുമായി മുന്നോട്ട് പോകുന്നത്. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇത്രയും ദിവസമായിട്ടും കേസുകൾ പിൻവലിക്കാത്ത സർക്കാരിന്റെ സമീപനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു”.