Kerala

മത്സര ചിത്രം തെളിയുന്നു: പ്രമുഖര്‍ക്ക് ഭീഷണിയായി അപരന്മാര്‍ രംഗത്ത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ മത്സരരംഗത്തുള്ളത് 110 സ്ഥാനാര്‍ത്ഥികള്‍. മിക്ക മണ്ഡലങ്ങളിലും പ്രമുഖര്‍ക്ക് ഭീഷണിയായി അപര സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 23 നാമനിര്‍ദേശ പത്രികകളാണ് ജില്ലയില്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. പലയിടത്തും പ്രമുഖര്‍ക്ക് തലവേദന സൃഷ്ടിക്കാന്‍ അപരര്‍ മത്സരിക്കുന്നുണ്ട്.

സ്റ്റാര്‍ മണ്ഡലമായ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് അപരനായി മുരളീധരന്‍ നായരും കുമ്മനം രാജശേഖരന് അപരനായി രാജശേഖരനുമാണ് പത്രിക നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി ആന്‍റണി രാജുവിന് അതേ പേരിലും രാജു ആന്‍റണി എന്ന പേരിലും സ്വതന്ത്ര സ്ഥാനാര്‍ഥി രംഗത്തുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്‍റെ അപരന്‍ ടി എസ് കൃഷ്ണകുമാറാണ്. കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.എസ് ലാലിന് ലാലുമോന്‍ എന്ന പേരിലാണ് അപര സ്ഥാനാര്‍ത്ഥി. വാമനപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.കെ മുരളിക്കെതിരെ മുരളീധരന്‍ എന്ന പേരില്‍ മറ്റൊരാളും മത്സര രംഗത്തുണ്ട്.

നെടുമങ്ങാട് യുഡിഎഫിലെ പി.എസ് പ്രശാന്തിനാണ് അപരനുള്ളത്. പ്രശാന്ത് സിയാണ് മത്സരിക്കുന്നത്. വര്‍ക്കലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി.ആര്‍.എം ഷഫീറിന് എതിരായി ഷഫീര്‍ എന്ന പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുണ്ട്. ചിറയിന്‍കീഴില്‍ യു.ഡി.എഫിന്‍റെ അനുപിന് എതിരെ രണ്ട് അനൂപുമാരാണ് രംഗത്ത്. ടി എസ് അനൂപും അനൂപ് ഗംഗനുമാണ് മത്സരിക്കുന്നത്. നാളെയാണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. അതിന് ശേഷം മത്സര ചിത്രം കൂടുതല്‍വ്യക്തമാകും.