India Kerala

മനിതി സംഘത്തെ സ്വകാര്യവാഹനത്തില്‍ കൊണ്ടുപോയതെന്തിന്?

ശബരിമലയിൽ മനിതി സംഘത്തെ സ്വകാര്യ വാഹനത്തിൽ എത്തിച്ചതിന് പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. വിഷയത്തില്‍ പൊലീസ് വിശദീകരണം നൽകണമെന്നും കോടതി നിര്‍ദേശിച്ചു. വാഹനങ്ങൾ കടത്തിവിടരുതെന്ന ഉത്തരവ് ലംഘിച്ചതെന്തിനെന്നും കോടതി ചോദിച്ചു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചതിന് ശേഷമാണ് പൊലീസിനെതിരെ വിമർശനമുന്നയിച്ചത്.

ശബരിമലയിലെത്തിയ മനിതി സംഘത്തിലെ യുവതികളെ സ്വകാര്യ വാഹനത്തിൽ പമ്പയിൽ എത്തിച്ചത് എന്തിനെന്നാണ് ഹൈക്കോടതി പൊലീസിനോട് ചോദിച്ചത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്തടിസ്ഥാനത്തിലാണ് ഉത്തരവ് പൊലീസ് ലംഘിച്ചതെന്ന് കോടതി ചോദിച്ചു. ശബരിമല ആർക്കും പ്രതിഷേധിക്കാനുള്ള വേദിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

യുവതികൾ മലകയറിയതിനു പിന്നിൽ രഹസ്യ അജണ്ട ഉണ്ടോ എന്നും കോടതി ആരാഞ്ഞു. സർക്കാരിന് അജണ്ട ഉണ്ടെന്ന് പറയുന്നില്ല, എന്നാൽ അജണ്ടയുള്ളവരെ തിരിച്ചറിയാൻ കഴിയണം. ആരുടെയെങ്കിലും നിർബന്ധപ്രകാരമാണോ യുവതികൾ എത്തിയതെന്നും കോടതി ചോദിച്ചു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിട്ടതിൽ കോടതി വിധിയുടെ ലംഘനമുണ്ടോയെന്നത് സംബന്ധിച്ച് പൊലീസ് ബുധനാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശം