Kerala Pravasi Switzerland

ബാലകൃഷ്ണാ … നീ നമ്മളുടെ ആദ്യത്തെ ഓണസദ്യ ഓർമ്മിക്കുന്നുണ്ടോ?”… .ജോൺ കുറിഞ്ഞിരപ്പള്ളി

എൻ്റെ ഓർമ്മയിൽ ഞാൻ ഓണം ആദ്യമായി ആഘോഷിക്കുന്നത് മൂന്നാംക്‌ളാസ്സിൽ പഠിക്കുമ്പോഴാണ്.അന്ന് എനിക്ക് എട്ടു വയസ്സ് പ്രായം.ഞങ്ങളെ മലയാളം പഠിപ്പിക്കുന്ന ദാമോദരൻ സാർ ഓണത്തെക്കുറിച്ചു വിശദീകരിക്കുകയാണ്.ഉപ്പേരി പായസം പപ്പടം പ്രഥമൻ എല്ലാംകൂട്ടിയുള്ള സമൃദ്ധമായ ഓണസദ്യ, സാർ വിവരിക്കുമ്പോൾ ഞങ്ങളെല്ലാം വായും പൊളിച്ചിരുന്നു കേട്ടു.സാർ ഓരോ വിഭവങ്ങളും ഞങ്ങൾക്ക് വിശദീകരിച്ചു തന്നു.

സാർ ചോദിച്ചു,”എന്താണ് ഉപ്പേരി?”അന്തോണി പറഞ്ഞു,”നേന്ത്രപയം വറുത്തത് “ബഷീർ പറഞ്ഞു,”വായക്ക വറുത്തത്”സാർ ഉപ്പേരിയെക്കുറിച്ചു വിശദീകരിച്ചപ്പോൾ എല്ലാവരുടെയും വായിൽ ഒരു കപ്പലോടിക്കാൻ വേണ്ടുന്ന വെള്ളം.

“എന്താണ് പായസം?”പായസം എന്താണെന്ന് എല്ലാവർക്കും അറിയാം.ഞങ്ങളുടെ സ്‌കൂളിൽ എല്ലാ വർഷവും സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് പായസം ഉണ്ടാക്കാറുള്ളതാണ്.പ്രഥമൻ എന്ന് ആരും കേട്ടിട്ട് കൂടിയില്ല.അവസാനം സാർ പൂവൻ പഴവും പഞ്ചസാരയും ചോറും എല്ലാംകൂടി കുഴച്ചു സമൃദ്ധമായി കഴിക്കുന്ന ഓണസദ്യയെക്കുറിച്ചു വിശദീകരിച്ച് കഴിഞ്ഞപോൾ മനസ്സുകൊണ്ട് വാമനൻ ചേട്ടന് ഞങ്ങൾ നന്ദി പറഞ്ഞു.വാമനൻ ചേട്ടൻ മഹാബലി അങ്കിളിനെ ചവിട്ടി താഴ്ത്തിയതുകൊണ്ടാണല്ലോ നമ്മൾ ഓണം ആഘോഷിക്കുന്നത്.

എല്ലാം ശ്രദ്ധിച്ചുകേട്ടുകൊണ്ടിരുന്ന എൻ്റെ അടുത്തിരുന്ന കുട്ടി, ബാലകൃഷ്ണൻ ക്‌ളാസ്സുകഴിഞ്ഞപ്പോൾ എന്നോട് ഒരു ചോദ്യം,”നിൻ്റെ വീട്ടിൽ ഓണം ആഘോഷിക്കാറുണ്ടോ?” “പിന്നെ,ഞങ്ങൾ എല്ലാ വർഷവും കേമമായി ആഘോഷിക്കും.വലിയ സദ്യയാണ് കുറേപ്പേരെ വിളിക്കും,”ഞാൻ തട്ടി വിട്ടു.ബാലകൃഷ്ണനോട് കള്ളം പറഞ്ഞാൽ കുഴപ്പമില്ല,കാരണം അവൻ പുതിയതായി സ്‌കൂളിൽ വന്ന കുട്ടിയാണ്.ഒരാഴ്ച ആയിട്ടേയുള്ളു.എന്നാലും അവനു ഒരു സംശയം. “ശരിക്കും?” “നിനക്ക് സംശയമുണ്ടെങ്കിൽ നീയ്യുംപോരെ ,ഞങ്ങളുടെ വീട്ടിൽ ഓണം ഉണ്ണാൻ.”എനിക്ക് നല്ല ധൈര്യമാണ്.അവനു എന്റെ വീട് എവിടെയാണെന്ന് അറിയില്ലല്ലോ. “എന്നാൽ എൻ്റെ അനിയത്തിയെ കൂടെ കൂട്ടിക്കോട്ടെ?” “അനിയത്തിയേം വേണോങ്കിൽ അനിയനേം കൂട്ടിക്കോ”.ബാലകൃഷ്ണന് സന്തോഷമായി.

ഓണപരീക്ഷ കഴിഞ്ഞു സ്‌കൂൾ അടക്കാൻ ഒരാഴ്ചയെയുള്ളൂ .എന്നാലും എൻ്റെ ബാലകൃഷ്ണാ ഓണസദ്യയെക്കുറിച്ചു ഞാൻ കേൾക്കുന്നതുതന്നെ ദാമോദരൻ സാറിൻ്റെ ക്‌ളാസിൽ നിന്നും ,അതും ഇന്നാണ്, എന്ന് നീ അറിയുന്നില്ലല്ലോ.ഓണപരീക്ഷ കഴിഞ്ഞു സ്‌കൂൾ അടച്ചു.ഒരു ദിവസം കാലത്തു അമ്മ പറയുന്നതുകേട്ടു,”ഇന്ന് ഓണമാണ്”ഞാൻ പാവം ബാലകൃഷ്ണനെ പറഞ്ഞു പറ്റിച്ചത് ഓർത്തു ഊറിചിരിച്ചു അമ്മ ഓണത്തിന് എന്തെങ്കിലും ചെയ്യാൻ പോകുന്ന ലക്ഷണം ഒന്നും കാണിക്കുന്നില്ല.ഞാൻ പറമ്പിലേക്ക് നടന്നു.അവിടെ മരങ്ങളിൽ വള്ളികളായി വളരുന്ന കൊരണ്ടിപ്പഴം പറിക്കാം.പഴുത്ത കായകൾക്ക് നല്ല മധുരമാണ്.ഒരു വള്ളിയിലെ പഴങ്ങൾ ട്രൗസേഴ്‌സിന്റെ പോക്കറ്റിൽ നിറച്ചു.അപ്പോൾ കേൾക്കാം അമ്മ വിളിക്കുന്നു.

“ഡാ,ഇങ്ങുവന്നേ..”ഞാൻ അമ്മയെ നോക്കി.ഈശ്വരാ ദാ നിൽക്കുന്നു ബാലകൃഷ്ണനും അനിയത്തിയും പിന്നെ അനുജനും.അമ്മ ചോദിച്ചു,”എന്താ പിള്ളേരെ?” “ഞങ്ങളെ ഓണസദ്യയ്ക്ക് വിളിച്ചിട്ടു വന്നതാ.” “ആര്?”അവർ എന്നെ കണ്ടുകഴിഞ്ഞു.ഞാൻ നിൽക്കുന്നിടത്തേക്ക് വിരൽ ചൂണ്ടി ബാലകൃഷ്ണൻ.എൻ്റെ പൊന്നു ബാലകൃഷ്ണ ഇങ്ങനെ എന്നെ ചൂണ്ടാതെ,.ഞാൻ പതുക്കെ പറഞ്ഞു.. “ഡാ,നീ ഇങ്ങു വന്നേ….”‘അമ്മ വീണ്ടും.വിളിച്ചത് ഞാൻ കേൾക്കുന്നില്ല എന്ന ഭാവത്തിൽ നിന്നു.വിളി രണ്ടു മൂന്നു തവണ ആവർത്തിക്കപ്പെട്ടു.ഒന്നും എനിക്ക് കേൾക്കാൻ കഴിയുന്നില്ല.അടവ് അമ്മയ്ക്ക് മനസ്സിലായിട്ടുണ്ടാകും.അവസാനം അമ്മ അവരോടുപറഞ്ഞു, “ദാ,അവിടെ നിൽപ്പൊണ്ട് അവൻ,അവന്റെകൂടെ പോയി കളിച്ചോ.”ബാലകൃഷ്ണനും ടീമും എൻ്റെ അടുത്തേക്ക് വന്നു.”ഡാ,നിന്നെ അമ്മ കുറെ തവണ വിളിച്ചു”

പോടാ പൊട്ടാ,എന്ന് പറയണം എന്നുണ്ടങ്കിലും ഞാൻ വിളിച്ചിട്ടു വന്ന അഥിതികൾ ആണല്ലോ എന്ന് ഓർത്തു സമാധാനിച്ചു.ഞാൻ പതുക്കെ ഏറു കണ്ണിട്ടു അമ്മയെ നോക്കി.മുറ്റത്തിനരുകിൽ വിളവെടുത്ത കാച്ചിൽ,ചേന മുതലായവ കൂട്ടിയിട്ടിരിക്കുന്നതിന് അടുത്തേക്ക് അമ്മ നടന്നു പോയി.കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വീണ്ടും വിളിച്ചു.പക്ഷേ ഞാൻ വിളിച്ചാൽ കേൾക്കുന്ന ഉപകരണത്തിൻ്റെ പ്രവർത്തനം തൽക്കാലത്തേക്ക് നിറുത്തി വച്ചിരിക്കുകയാണ്.എന്നാൽ മണ്ടൻ ബാലകൃഷ്ണൻ പറഞ്ഞു,”ഡാ,’അമ്മ വിളിക്കുന്നു”അവന് ഇതിന്റെ വല്ല കാര്യവും ഉണ്ടോ?കുറച്ചു കഴിഞ്ഞ് അമ്മ വീണ്ടും വിളിച്ചു. ” ടാ, ഊണുകഴിക്കാൻ വാഴയില വെട്ടിക്കൊണ്ടു വാ “അവൻ അമ്മയുടെ അടുത്തേക്ക് ഓടി.ഒരു കത്തിയുമായി തിരിച്ചു വന്നു. ഇല വെട്ടിക്കൊണ്ടു വന്നപ്പോൾ അമ്മ പറഞ്ഞു. “എല്ലാവരും കൂടി ആ ഇല ഒന്നു തുടച്ചേ “.ബാലകൃഷ്ണൻ റെഡി. അവൻ്റെ ടീം കൂടെയുണ്ട്.
അമ്മ വീണ്ടും വിളിച്ചു, “ദാ ,ആ കറിവേപ്പ് മരത്തിൽ നിന്നും നാലഞ്ചുതണ്ട് ഒടിച്ചിട്ടു വാ”

ബാലകൃഷ്ണൻ എന്തും ചെയ്യാൻ റെഡി. അവന് എന്തിൻ്റെ കേടാണ്.ഇതിൻ്റെ വല്ല ആവശ്യവും ഉണ്ടോ?അവൻ ഓടി അമ്മയുടെ അടുത്തുചെന്നു.അമ്മ ബാലകൃഷ്ണ്ണനോട് പറഞ്ഞു. “ആ കറിവേപ്പ് മരത്തിൽ നിന്നും അഞ്ചാറ് തണ്ട് ഒടിച്ചുകൊണ്ടുവരാൻ അവനോട് പറ”ഞാൻ അഞ്ചാറ് തണ്ടൊടിച്ചു അവൻ്റെ കയ്യിൽ കൊടുത്തുവിട്ടു. “എല്ലാരുംകൂടി ഈ പയർ ഒന്ന് ഓടിച്ചു തന്നേ”.’അമ്മ പറഞ്ഞു.മുഖത്തുനോക്കാതെ കുനിഞ്ഞിരുന്ന് ബാലകൃഷ്ണൻ്റെ കൂടെ ഞാനും പയർ ഒടിച്ചു കൊടുത്തു.സമയം ഒന്നര ആയപ്പോൾ അമ്മ വിളിച്ച, “എല്ലാവരും ഊണു കഴിക്കാൻ വാ “

അഥിതികളോടൊപ്പം ഞാനും റെഡി. അമ്മ വാഴയിലയിൽ നല്ല ചൂട് ചോറ് വിളമ്പി. കാച്ചിലും ചേനയും ചേര്‍ത്ത ഒരു കൂട്ടുകറി, പയർ മെഴുക്കുപുരട്ടി, വാഴച്ചുണ്ട് തോരൻ, പഴം ,പപ്പടം,ഒരു പായസം .ബാലകൃഷ്ണനും അനിയത്തിയും അനിയനും നന്നായി ആസ്വദിച്ച് ഭക്ഷണം കഴിച്ചു. ടെൻഷൻ കുറയ്ക്കാൻ ഞാൻ രണ്ടു മൂന്ന് കോമഡി അടിച്ചു നോക്കി.ആര് ശ്രദ്ധിക്കാൻ?ഊണു കഴിഞ്ഞ അവൻ അമ്മയുടെ അടുത്തുചെന്നു പറഞ്ഞു, “എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാ ഓണം ഉണ്ണുന്നത്.എനിക്ക് ഒത്തിരി ഇഷ്ട്ടായി ” “എനിച്ചും”ബാലകൃഷ്ണന്റെ അനിയത്തി. അപ്പോൾ അമ്മയുടെ മുഖം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. “ഞാനും, ആദ്യമായിട്ടാ ബാലകൃഷ്ണാ ഓണം ഉണ്ണുന്നത് “ഞാൻ പതുക്കെ അവർ കേൾക്കാതെ പറഞ്ഞു കുറച്ചു കഴിഞ്ഞു അവർ പോകാൻ ഒരുങ്ങി. ബാലകൃഷ്ണൻ്റെ അനിയത്തി വീണ്ടും ചുറ്റിപറ്റി നിൽക്കുന്നതു കണ്ട് അടുക്കളയിൽ നിന്ന് രണ്ടു വറുത്ത പപ്പടം എടുത്തു കൊണ്ടുവന്ന് രണ്ടു കയ്യിലും വച്ചു കൊടുത്തു. അവർ പോയിക്കഴിഞ്ഞ് അമ്മ എന്നെ വിളിച്ചു.ചെറിയ പേടിയുണ്ട്. “നീ കൂട്ടുകാരെ ഭക്ഷണത്തിനു വിളിച്ചാൽ എന്നോടു പറയണ്ടേ?”

അപ്പോൾ തല്ലില്ല, സന്തോഷം.വർഷങ്ങൾ എത്രയോ കഴിഞ്ഞു പോയി. ഞാൻ ബാലകൃഷ്ണനേയും ആദ്യത്തെ ഓണസദ്യയും മറന്നു കഴിഞ്ഞിരുന്നു. നാട്ടിലും മറുനാട്ടിലുമായി വർഷത്തിൽ ചുരുങ്ങിയത് നാല് ഓണമെങ്കിലും ഉണ്ണുമ്പോൾ ബാലകൃഷ്ണനെ ഒരിക്കൽ പോലും ഓർമ്മിച്ചില്ല.ഇന്ന് അമ്മ ഞങ്ങളുടെ കൂടെയില്ല.
ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു ഓണത്തിന് അമ്മയോടു ചോദിച്ചു, “അമ്മയുടെ ജീവിതത്തിൽ ഏറ്റവും ഓർമ്മയിൽ നിൽക്കുന്ന ഓണം ഏതാണ് എന്ന്?”ഉത്തരം എൻ്റെ മനസ്സിൽ തയ്യാറാക്കി വച്ചിരുന്നു.”നിങ്ങളോടൊപ്പം ഉള്ള ഓണം”പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മ പറഞ്ഞു ”നീ പണ്ട് വിളിച്ചു കൊണ്ടുവന്ന ബാലകൃഷ്ണനും കുട്ടികളും ഉണ്ടായിരുന്ന ഓണം”

ഏതു ബാലകൃഷ്ണൻ ?ഓർമ്മകളുടെ ചെപ്പു തുറന്ന് പരതിയപ്പോൾ അവ്യക്തമായി ഒരു നിഴൽ പോലെ ബാലകൃഷ്ണനും സഹോദരങ്ങളും കടന്നു വരുന്നു.അതെ, എൻ്റെയും ബാലകൃഷ്ണൻ്റെയും ആദ്യത്തെ ഓണം ഇന്ന് അവർ, എവിടെയാണന്ന് അറിഞ്ഞു കൂടാ.എങ്കിലും ,”ബാലകൃഷ്ണാ, കൊച്ചു കള്ളാ, നീ നമ്മളുടെ ആദ്യത്തെ ഓണസദ്യ ഓർമ്മിക്കുന്നുണ്ടോ?” എന്ന് ചോദിക്കാൻ തോന്നുന്നു.