Kerala

മലപ്പുറത്ത് അച്ഛനും മകനും മരിച്ചത് എലിപ്പനി ബാധിച്ചെന്ന് സ്ഥിരീകരണം

മലപ്പുറത്ത് അച്ഛനും മകനും മരിച്ചുത് എലിപ്പനി ബാധിച്ചെന്ന് സ്ഥിരീകരണം. പൊന്നാനി സ്വദേശികളായ വാസു, മകൻ സുരേഷ് എന്നിരാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിൽ ആണ് എലിപ്പനി സ്ഥിരീകരിച്ചത്. സുരേഷ് ഈ മാസം ഇരുപത്തിനാലിനും വാസു ഇരുപത്തി എട്ടിനും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേരാണ്. ഇതിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിലേക്ക് നയിച്ചത് എലിപ്പനിയും ഡെങ്കിപ്പനിയും എച്ച്.വൺ.എൻ.വൺ പനിയുമാണ്. ജൂൺ മാസം മാത്രം ആശുപത്രിയിൽ ചികിത്സ തേടിയ രോഗികളുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. പകർച്ച പനിക്ക് എതിരെ കൊവിഡിന് സമാനമായ കനത്ത ജാഗ്രതവേണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പരിശോധിച്ചാൽ ഈ വർഷം ഇതുവരെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 75 പേരാണ്. ഇതിൽ 29 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയുടെ കാര്യത്തിൽ ആകെ മരണം 44. അന്തിമ ഫലം പുറത്തുവരാനുള്ളത് 33 പേരുടേതാണ്. 23 എച്ച്.വൺ.എൻ.വൺ മരണങ്ങൾ സ്ഥിരീകരിച്ചപ്പോൾ 9 എണ്ണം ഫലം വരാനുണ്ട്. ഇതിന് പുറമെ മലമ്പനി, ചെള്ള്പനി, ഇൻഫഌവൻസ, സിക്ക എന്നിവയും സംസ്ഥാനത്ത് വ്യാപകമാകുന്നുണ്ട്.

ഈ മാസം മാത്രം 1660 പേരെ ഡെങ്കിപ്പനിയും 142 പേരെ എലിപ്പനിയും തളർത്തി. ജൂണിൽ മാത്രം കേസുകൾ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിദിന രോഗികൾ തുടർച്ചയായി 12000 ന് മുകളിൽ. കഴിഞ്ഞ വർഷങ്ങളേക്കാൾ മരണ നിരക്ക് ഉയർന്ന അവസ്ഥയാണ്. ഡെങ്കി പനിയും എലിപ്പനിയും തീവ്രമാകുന്നതോടെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക.