India Kerala

സ്ക്രീനിങ് കമ്മിറ്റിയില്‍ ധാരണയായ മണ്ഡലങ്ങളില്‍ പ്രചരണം തുടങ്ങാന്‍ കോണ്‍ഗ്രസ് നിര്‍ദേശം

ഔദ്യോഗിക പ്രഖ്യാപനം വൈകുമ്പോഴും സ്ക്രീനിങ് കമ്മിറ്റിയില്‍ ധാരണയായ മണ്ഡലങ്ങളില്‍ പ്രചരണം തുടങ്ങാന്‍ കോണ്‍ഗ്രസ് നിര്‍ദേശം. ഇതിനെ തുടര്‍ന്ന് ധാരണയായ മണ്ഡലങ്ങളില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരസ്യ പ്രചരണം തുടങ്ങി.

കേരളത്തില്‍ ചില മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ ധാരണ ഇനിയും വന്നിട്ടില്ല. പക്ഷേ മറുപക്ഷത്ത് എതിരാളികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവും കഴിഞ്ഞ് മണ്ഡല പര്യടനവും തുടങ്ങി. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി നേതൃത്വവുമായി കൂടിയാലോചിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണ രൂപപ്പെട്ട മണ്ഡലങ്ങളില്‍ പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കാതെ പരസ്യ പ്രചരണം തുടങ്ങാനുള്ള നിര്‍ദേശം. ഇതിന് പിന്നാലെ അത്തരം മണ്ഡലങ്ങളില്‍ പോസ്റ്ററുകള്‍ പതിക്കുകയും ചുവരെഴുത്തുകള്‍ തുടങ്ങുകയും ചെയ്തു. കോഴിക്കോട് ജനഹൃദയ യാത്ര എന്ന പേരില്‍ തെരഞ്ഞെടുപ്പ് പര്യടനം നേരത്തെ തുടങ്ങിയ എം.കെ രാഘവനായി ഹൈക്കമാന്‍ഡ് നിര്‍ദേശം ലഭിച്ചതോടെ നഗരത്തിലടക്കം പ്രവര്‍ത്തകള്‍ പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചു തുടങ്ങി.

കണ്ണൂരില്‍ കെ.സുധാകരന് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയതും ഇത്തരം നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പര്യടനം കഴിഞ്ഞാലുടന്‍ ബൂത്ത് തലത്തിലെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തുടക്കമാവും.