India Kerala

ഡോക്ടര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് രോഗികള്‍

ഐ.എം.എ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ കേരളത്തിലും രോഗികള്‍ ബുദ്ധിമുട്ടി. സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം ഒഴികെയുള്ളവ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്കരിച്ച് പണിമുടക്കിന്‍റെ ഭാഗമായി. രാവിലെ 6 മുതല്‍ 24 മണിക്കൂറാണ് സമരം. സ്വകാര്യ ആശുപത്രികളെയാണ് സമരം കൂടുതല്‍ ബാധിച്ചത്. ആശുപത്രികളുടെ സംരക്ഷണത്തിന് കേന്ദ്രനിയമം വേണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. സമരത്തിന് പിന്തുണയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ 8 മുതല്‍ 10 വരെയും മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍10 മുതല്‍ 11 വരെ ഒ.പി ബഹിഷ്കരിച്ചു.

ഇന്ത്യന്‍ ഡെന്‍റല്‍ അസോസിയേഷന്‍ ഉള്‍പ്പെടെ മെഡിക്കല്‍ സംഘടനകളെല്ലാം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിന്‍റെ ഭാഗമായി രാജ്ഭവന് മുന്നില്‍ ഐ.എം.എയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. പ്രതീകാത്മകമായി തലയില്‍ ബാന്‍ഡേജ് കെട്ടിയായിരുന്നു പ്രതിഷേധം. കൊച്ചിയിലും കോഴിക്കോടുമെല്ലാം ഡോക്ടര്‍മാര്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു.