India Kerala

കൊല്ലത്ത് നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം നെടുമൺകാവ് ഇളവൂരിൽ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ മുങ്ങൽ വിദഗ്ധര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും.

വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. ഇന്നലെ രാവിലെ പത്തരക്ക് വീട്ടുമുറ്റത്ത് നിന്നാണ് പ്രദീപ്-ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ കാണാതായത്. അമ്മയുടെ വീട്ടിലെത്തിയതായിരുന്നു ദേവനന്ദ. കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുന്‍വശത്തെ ഹാളില്‍ ഇരുത്തിയശേഷമാണ് അമ്മ ധന്യ തുണി അലക്കാന്‍ പോയത്. തുണി അലക്കുന്നതിനിടെ മകള്‍ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാല്‍ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. വീടിനകത്തുനിന്ന് അയല്‍വീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നത് കേട്ടതായാണ് അമ്മ പറയുന്നത്.

പിന്നീട് ദേവനന്ദയുടെ ശബ്ദമൊന്നും കേള്‍ക്കാതായപ്പോഴാണ് ധന്യ മുറിയിലെത്തിയത്. ചാരിയിരുന്ന മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. മകളെ അവിടെ കാണാതായതോടെ പേരുവിളിച്ച് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയല്‍വീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു.