India National

ഡല്‍ഹി കലാപം; കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി, മരണസംഖ്യ ഉയരുമെന്ന് സൂചന

വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടി പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. മരണസംഖ്യ ഉയരുമെന്നാണ് സൂചന. അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന്റെ വീട് പൊലീസ് സീൽ ചെയ്തു.

ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ വെച്ച് 34 പേരും എൽ എൻ ജെ പിയിൽ 3 പേരും അടക്കം 38 പേർ മരിച്ചു എന്നാണ് ഒടുവിലത്തെ കണക്ക്. ചികിത്സയിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാൽ മരണ സഖ്യ ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നു. വടക്ക് കിഴക്കൻ ഡൽഹിയിലെ ക്രമസമാധാന നില സാധാരണ നിലയിൽ ആയെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും അക്രമം തുടരുകയാണ്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന്റ ഖജൂരി ഖാസിലെ വീടിന്റെ ടെറസ്സിൽ കല്ലുകളും പെട്രോൾ ബോംബുകളും സൂക്ഷിച്ചിരുന്നതായി ആരോപണമുയർന്ന പശ്ചാത്തലത്തിൽ വീട് സീൽ ചെയ്തു.

താഹിര്‍ ഹുസൈനെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്..ഇന്റെലിജെൻസ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശർമ്മയുടെ കൊലപാതകത്തിൽ താഹിർ ഹുസൈന് പങ്കുണ്ടെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താഹിര്‍ ഹുസൈനെ ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. അതേസമയം കലാപം തുടങ്ങിയ ആദ്യ ദിവസം മുതല്‍ തന്റെ വീടിന്റെ നിയന്ത്രണം പൊലീസിന്റെ പക്കലായിരുന്നെന്ന് താഹിര്‍ ഹുസൈന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.