Kerala Pravasi

ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന: സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം

ഈ മാസം ഇരുപത് മുതൽ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ 48 മണിക്കൂറിനു മുമ്പുള്ള കോവിഡ് ടെസ്റ്റ് റിസൽട്ട് കരുതണമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്

ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് ജൂൺ 20 മുതൽ കോവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം. പ്രായോഗിക ബുദ്ധിമുട്ടുകളും സാമ്പത്തിക ചെലവുകളും കാരണം ചാർട്ടേഡ് വിമാന സർവീസ് പദ്ധതിയിൽ നിന്ന് പിൻമാറാൻ സന്നദ്ധ സംഘടനകളും നിർബന്ധിതമാകും.

ഈ മാസം ഇരുപത് മുതൽ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ 48 മണിക്കൂറിനു മുമ്പുള്ള കോവിഡ് ടെസ്റ്റ് റിസൽട്ട് കരുതണമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്. യു.എ.ഇയിൽ മുന്നൂറ് ദിർഹം വരെ പി.സി.ആർ ടെസ്റ്റിന് ഫീസുണ്ട്. മുൻകൂട്ടി യാത്രക്കാരുടെ പേരുകൾ കൈമാറി വേണം ചാർട്ടേഡ് വിമാന അനുമതിക്ക് അപേക്ഷ സമർപ്പിക്കാൻ. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അനുമതി ലഭിക്കാൻ ആഴ്ചകൾ വേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതും. എന്നിരിക്കെ, പുതിയ ഉത്തരവ് വലിയ പ്രയാസം സൃഷ്ടിക്കും.

വന്ദേഭാരത് മിഷൻ വിമാനയാത്രക്ക് യു.എ.ഇയിൽ നിന്ന് 800നു ചുവടെയാണ് ടിക്കറ്റ് നിരക്കെങ്കിൽ ചാർട്ടേഡ് വിമാനത്തിന് ആയിരത്തിനും മുകളിലാണ് തുക. കോവിഡ് ടെസ്റ്റിന്‍റെ പണം കൂടി വരുന്നതോടെ നിരക്ക് പിന്നെയും കൂടും. സൗദി അറേബ്യയിലും മറ്റും ചാർട്ടേഡ് വിമാനങ്ങൾ കൂടി മുടങ്ങുന്നത് കടുത്ത പ്രതിസന്ധിയാവും സൃഷ്ടിക്കുക. പ്രവാസ ലോകത്തെ നിരവധി സംഘടനകളാണ് ചാർട്ടേഡ് വിമാന പദ്ധതിയുമായി രംഗത്തുള്ളത്.

വന്ദേഭാരത് മിഷൻ വിമാനങ്ങൾക്കില്ലാത്ത പുതിയ നിബന്ധന അടിയന്തരമായി പിൻവലിക്കണം എന്ന ആവശ്യമാണ് പ്രവാസലോകത്തു നിന്നും ഉയരുന്നത്. കോവിഡ് ടെസ്റ്റ് ഫലം ലഭിക്കാൻ ഗൾഫ് നാടുകളിൽ വരുന്ന കാലവിളംബവും ചാർട്ടേഡ് വിമാന സർവീസുകൾക്ക് തിരിച്ചടിയാകും.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്‍. ഇതുവഴി പരിശോധന ഉറപ്പാക്കേണ്ടതും ടെസ്റ്റിനുള്ള ചെലവ് വഹിക്കേണ്ടതും വിമാനം ബുക്ക് ചെയ്യുന്നവരാണ്.

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റോ ആന്‍റി ബോഡി ടെസ്റ്റോ ആണ് ഇത്തരത്തില്‍ പ്രവാസികള്‍ ചെയ്യേണ്ടത്. യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിന് മുമ്പാണ് ടെസ്റ്റ് ചെയ്യേണ്ടത്. ജൂണ്‍ 20 മുതല്‍ പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാകും യാത്രാനുമതി ലഭിക്കുക. വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ലായെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.