Kerala

കണ്ണൂരില്‍ ഒരു കുടുംബത്തിലെ 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

കണ്ണൂരില്‍ ‍120 പേര്‍ രോഗവിമുക്തി നേടി. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

കണ്ണൂര്‍ ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്തിയവരുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധര്‍മ്മടത്തെ ഒരു കുടുംബത്തില്‍ മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി.

വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കുവൈത്തില്‍ നിന്നും രണ്ട് പേര്‍ മസ്ക്കറ്റില്‍ നിന്നും നാട്ടിലെത്തിയവരാണ്. മാലൂര്‍ സ്വദേശികളായ ദമ്പതികളാണ് കുവൈത്തില്‍ നിന്നെത്തിയത്. മുഴപ്പിലങ്ങാട്, തളിപ്പറമ്പ് സ്വദേശികളാണ് മസ്ക്കറ്റില്‍ നിന്നെത്തിയത്. ബാംഗ്ലൂരില്‍ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശിയും മുംബൈയില്‍ നിന്നെത്തിയ ചൊക്ലി സ്വദേശിയും ചെന്നൈയില്‍ നിന്ന് വന്ന ഏച്ചൂര്‍ സ്വദേശിയും മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തിയ ചെറുപുഴ സ്വദേശിയുമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രോഗ ബാധിതര്‍.

ധര്‍മ്മടം സ്വദേശികളായ രണ്ട് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്നലെ രോഗം ബാധിച്ചത്. ഇതോടെ ധര്‍മ്മടത്തെ ഒരു കുടുംബത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി. കണ്ണൂരില്‍ ‍120 പേര്‍ രോഗവിമുക്തി നേടി. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 12478 പേര്‍ നിലവില്‍ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുണ്ട്.

ഇന്നലെ 84 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്നലെ 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാന സ്വദേശിയാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തുന്ന ഉയര്‍ന്ന കോവിഡ് നിരക്കാണിത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 31 പേർ വിദേശത്തുനിന്നും 48 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 3 പേർക്കാണ് നെഗറ്റീവ് ആയത്.

കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും രോഗം പിടിപെട്ടു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങിടങ്ങിലാണ് ഓരോരുത്തരുടെ പരിശോധന ഫലം നെഗറ്റീവായത്‌. 1088 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 526 പേര്‍ സംസ്ഥാനത്ത് ചികിത്സയില്‍. 210 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ പുതുതായി ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കാസര്‍കോട് 3, പാലക്കാട് 2 പഞ്ചായത്തുകള്‍, കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 82 ആയി ഉയര്‍ന്നു.