Kerala

Saudi Arabia : സൗദിയില്‍ കടകളില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) വിവിധ കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് (Covid vaccine booster dose) എടുക്കല്‍ നിര്‍ബന്ധമായി. വിവിധ കച്ചവട സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍ എന്നിവിടങ്ങിലെ പ്രവേശനത്തിന് ചൊവ്വാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് എട്ടു മാസവും അതില്‍ കൂടുതലും പിന്നിട്ട, പതിനെട്ട് വയസ്സില്‍ കൂടുതലും പ്രായമുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുത്തിരിക്കണം. ബൂസ്റ്റര്‍ ഡോസ് എടുത്ത് തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചിരിക്കണം. വാക്‌സിനെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പുതിയ തീരുമാനം ബാധകല്ലെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,861 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 5,162 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരില്‍ ഒരാള്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,91,125 ഉം രോഗമുക്തരുടെ എണ്ണം 6,44,730 ഉം ആയി. ആകെ മരണസംഖ്യ 8,941 ആയി. ആകെ 37,454 കോവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതില്‍ 981 പേരാണ് ഗുരുതരനിലയില്‍. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.28 ശതമാനവും മരണനിരക്ക് 1.29 ശതമാനവുമായി. 24 മണിക്കൂറിനിടെ 145,535 ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തി.