HEAD LINES India Kerala

‘ഇന്നു തന്നെ തൂക്കി കൊല്ലാന്‍ പറ്റുമോ?; ആ കുഞ്ഞിന്റെ ആത്മാവ് അങ്ങനെയെങ്കിലും സന്തോഷിക്കട്ടെ; താജുദ്ദീന്‍

ആലുവ പീഡനകൊലക്കേസിലെ പോക്‌സോ കോടതിയുടെ വിധിക്ക് പിന്നാലെ ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ മധുരം വിതരണം ചെതും പടക്കം പൊട്ടിച്ചും ആഘോഷിച്ചു. ആഘോഷമല്ല, ആ നീറ്റലിനിടെയും കാരണക്കാരനായ നരാധമന് തക്ക ശിക്ഷ കിട്ടിയല്ലോയെന്ന സമാധാനമാണ് അവര്‍ക്ക്. കുട്ടിയെയും കൊണ്ട് പ്രതി അഷ്ഫാക്ക് ആലം മാര്‍ക്കറ്റിന്റെ ഭാഗത്തേക്ക് പോയത് കണ്ടെന്ന് പൊലിസിനെ വിളിച്ചറിയിച്ചത് ആലുവ മാര്‍ക്കറ്റിലെ തൊഴിലാളിയായ താജുദീനാണ്.

ഇന്ന് തന്നെ കൊല്ലാനാകുമെങ്കില്‍ ഇന്നു തന്നെ കൊല്ലണം അവനെ, ആ കുഞ്ഞിന്റെ ആത്മാവ് അങ്ങനെയെങ്കിലും സന്തോഷിക്കട്ടെയെന്നും താജുദ്ദീന്‍ പറയുന്നു. പൊലീസ് വളരെ വേഗത്തിൽ അന്വേഷണം നടത്തി. അവരെ ആശംസിക്കുന്നു. വിധിയിൽ ആലുവ മാർക്കറ്റിന് സന്തോഷമാണ്. നാട്ടുകാർ ആ​ഗ്രഹിച്ചത് പോലെ തന്നെ പ്രതിക്ക് വധശിക്ഷ കിട്ടി. വളരെ സന്തോഷമുണ്ട്. 100 ദിവസം കൊണ്ട് അവൻ കുറ്റവാളിയാണെന്ന് തെളിയിച്ചു. അവന് ശിക്ഷ വാങ്ങിക്കൊടുത്തു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഇത് പാഠമായിരിക്കണമെന്നും താജുദീൻ പറഞ്ഞു.

പ്രതി അസഫാഖ് ആലത്തിന് വധ ശിക്ഷയും വിവിധ വകുപ്പുകളിലായി അഞ്ച് ജീവപരന്ത്യം ശിക്ഷയുമാണ് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമൻ വിധിച്ചത്. പ്രതി ദയ അർഹിക്കുന്നില്ലെന്നും പ്രായം പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന് 110 ആം ദിവസമാണ് ശിക്ഷാ വിധി.