Kerala

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ധനവകുപ്പുമായി ചർച്ച നടത്താൻ ഗതാഗതവകുപ്പ്

കെഎസ്ആർടിസി ശമ്പളപ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട ചർച്ചകളുമായി സർക്കാർ. ധനവകുപ്പുമായി കൂടി ആലോചിച്ച് വളരെ വേഗം തൊഴിലാളികൾക്ക് ശമ്പളം നൽകാനാണ് ഗതാഗതവകുപ്പിൻറെ നീക്കം.
അതേസമയം സമരമുയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് തൊഴിലാളി സംഘടനകൾ.

മാസം പകുതി പിന്നിട്ടു. ശമ്പളം നൽകാത്തതിനെതിരെ പണിമുടക്കടക്കമുള്ള സമരവും നടത്തി. എന്നിട്ടും സർക്കാർ കുലുങ്ങാതായതോടെയാണ് ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരം കടുപ്പിക്കുന്നത്.ഗതാഗമന്ത്രി അനാവശ്യപിടിവാശി കാണിക്കുന്നുവെന്നാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ ആരോപണം.നാളെ മുതൽ ഭരണാനുകൂല സംഘടന സിഐടിയുവും സമരം പ്രഖ്യാപിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി.പിന്നാലെ തിരക്കിട്ട ചർച്ചകൾ. മന്ത്രിസഭാ യോഗത്തിൽ ശമ്പള പ്രതിസന്ധി പരിഗണിക്കാതിരുന്നത് വീണ്ടും പ്രതിഷേധത്തിനിടയാക്കി.തുടർന്ന് ഗതാഗതവകുപ്പ് മന്ത്രിയും ധനമന്ത്രിയും കൂടിയാലോചനകൾ നടത്തിയെങ്കിലും അന്തിമതീരുമാനമായില്ല.

കെടിഡിഎഫ്സിയിൽ നിന്നോ സഹകരണ സൊസൈറ്റിയിൽ നിന്നോ വായ്പ, സർക്കാർ അനുവദിക്കുന്ന അധിക ധനസഹായം. ഇതുരണ്ടുമാണ് പോംവഴി, രണ്ടിനും കടമ്പകളേറെ. കെഎസ്ആർടിസി എംഡി ബിജുപ്രഭാകർ കേരളത്തിലെത്തുന്നതോടെ നടപടികൾ വേഗത്തിലാക്കാനാകുമെന്നാണ് കരുതുന്നത്. 23 ന് മുൻപ് ശമ്പളം പൂർണമായി നൽകാനാണ് ശ്രമം.
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൻറെ കൂടി പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ ഒഴിവാക്കി പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ആലോചന.