India

”തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവര്‍ക്കെതിരെ ബി.ജെ.പിയുടെ ‘എ ടീം’ പണി തുടങ്ങി”

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെയും നടി തപ്സി പന്നുവിന്‍റെയും വസതികളില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം. ഇന്ന് ഉച്ചക്കാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുവരുടെയും മുംബൈയിലെ വീടുകളില്‍ റെയ്ഡ് നടത്തിയത്.

കേന്ദ്ര സര്‍ക്കാരിന്‍റെ പല നയങ്ങളെയും പ്രത്യക്ഷമായിത്തന്നെ വളരെ കടുത്ത ഭാഷയില്‍ ഇരുവരും മുമ്പ് വിമര്‍ശിച്ചിരുന്നു. പൌരത്വ ഭേദഗതി നിയമത്തെയും പ്രതിഷേധക്കാര്‍‌ക്കെതിരെ നടന്ന അക്രമത്തെയും അനുരാഗ് കശ്യപ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. വിവാദമായ കാര്‍ഷിക നയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഉള്‍പ്പെടെ നിരവധി സാമൂഹ്യ വിഷയങ്ങളില്‍ തപ്സി പന്നുവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിന്‍റെ പകപോക്കലാണ് കേന്ദ്രം ഇരുവര്‍ക്കെതിരെയും നടത്തുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

ഇരുവര്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ രംഗത്തെത്തിയിട്ടുണ്ട്.

”തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ ഉപദ്രവിക്കാനും, ഭീഷണിപ്പെടുത്തി, നിശബ്ദരാക്കാനുമുള്ള തിരക്കിലാണ് ബി.ജെ.പിയുടെ ‘എ’ ടീം. ഇന്ത്യ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ഇ.ഡി, എൻ.‌ഐ.‌എ, പൊലീസ് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളെ ഇത്തരത്തിലുള്ള ദുരുപയോഗം”

സംവിധായകന്‍ അനുരാഗ് കശ്യപ് കേന്ദ്രത്തിനും ബി.ജെ.പിക്കും എതിരെ നടത്തിയ പ്രസ്താവനകള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന സമയത്ത് സമരം ചെയ്യുന്ന ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ അറിയിച്ച് അനുരാഗ് കശ്യപ് എത്തിയിരുന്നു.

”പൊലീസ് അടക്കം എല്ലാം അവരുടെ കയ്യിലാണ്. തെരഞ്ഞെടുപ്പ് ജയിക്കണം എന്ന് മാത്രമാണ് അവരുടെ ചിന്ത. ആളുകളെ എണ്ണാനേ സർക്കാറിനറിയൂ. ഇതൊന്നും കോടതി കാണുന്നില്ലേ? ജാമിഅയിൽ അക്രമം നടത്തിയവരെ ഉടൻ ശിക്ഷിക്കണം. ഗാർഗി കോളജ് ലൈംഗികാതിക്രമ കേസിലെ പ്രതികൾക്ക് ജാമ്യം കിട്ടിയപ്പോള്‍ കഫീൻ ഖാനെ ജാമ്യം ലഭിച്ചിട്ടും വിടുന്നില്ല. പ്രകോപനങ്ങൾ എന്തൊക്കെ ഉണ്ടായാലും പോരാട്ടം തുടരുക”

ഡല്‍ഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രതിഷേധക്കാരനെ ബി.ജെ.പി അനുയായികൾ മർദ്ദിച്ചതില്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷമായ പ്രതികരണവുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. അമിത് ഷായെ മൃഗം എന്ന് വിശേഷിപ്പിച്ച കശ്യപ്, ചരിത്രം ഇയാള്‍ക്ക് മേല്‍ കാര്‍ക്കിച്ച് തുപ്പുമെന്നും അന്ന് പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു കശ്യപിന്‍റെ പ്രതികരണം.

“ഞങ്ങളുടെ ആഭ്യന്തരമന്ത്രി ഒരു ഭീരുവാണ്. അയാളുടെ പൊലീസ്, കൂലിക്കെടുത്ത കുറെ ക്രിമിനലുകള്‍, സ്വന്തം സൈന്യം, ഇതൊക്കെയുണ്ടായിട്ടും അയാൾ സ്വന്തം സുരക്ഷ വർധിപ്പിക്കുകയും നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. അല്‍പ്പത്തരത്തിന്റെയും അപകര്‍ഷതയുടെയും പരിധി ലംഘിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അത് അമിത് ഷാ ആണ്. ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പും. ”

ജെ.എൻ.യുവിനുള്ളിൽ കയറി അക്രമികള്‍ വിദ്യാര്‍ഥികളെ അക്രമിച്ച സംഭവത്തില്‍ കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കശ്യപ് വിമര്‍ശിച്ചത്. മോദിയും ഷായും അവരുടെ ബി.ജെ.പിയും എ.ബി.വി.പിയും തീവ്രവാദികളാണെന്ന് പറയുന്നതിൽ തനിക്ക് ലജ്ജയില്ലെന്നായിരുന്നു കശ്യപിന്‍റെ പ്രതികരണം.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ ക്രൂരമായാണ് ആക്രമമാണ് അവര്‍ അന്ന് അഴിച്ചുവിട്ടത്. ആക്രമണം നടക്കുമ്പോള്‍ പൊലീസിന്‍റെ വീഴ്ച കൂടുതൽ പ്രകോപനം സൃഷ്ടിച്ചിരുന്നു. നിശബ്ദരായ കാഴ്ചക്കാരെ പോലെ നിന്ന പൊലീസുകാര്‍, ആക്രമണത്തിന് ശേഷം മുഖംമൂടി ധരിച്ച ഗുണ്ടകൾക്ക് സുരക്ഷിതമായ യാത്രാമാർഗം ഒരുക്കുകയും ചെയ്തതായി അന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു അനുരാഗ് കശ്യപിന്‍റെ ട്വീറ്റ്.

നടി തപ്സി പന്നു കേന്ദ്രത്തിനും ബി.ജെ.പിക്കും എതിരെ നടത്തിയ പ്രസ്താവനകള്‍

ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് അന്തര്‍ദേശീയ തലത്തില്‍ പ്രതികരണം നടത്തുന്നവര്‍ക്കെതിരെ കേന്ദസര്‍ക്കാരും ചലച്ചിത്ര-കായിക താരങ്ങളും രംഗത്തെത്തിയപ്പോള്‍ ഇതിനെതിരെ പ്രതികരിച്ച് തപ്‍സി പന്നു ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ ഒറ്റക്കെട്ടാണെന്നും പുറത്തുനിന്നുള്ളവര്‍ അഭിപ്രായം പറയേണ്ട എന്ന തരത്തിലുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ സ്വരത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന നിലയില്‍ ചലച്ചിത്ര-കായിക താരങ്ങളും രംഗത്തുവന്നത്. എന്നാല്‍ ഇത്തരം പ്രതികരണത്തില്‍ ശക്തമായ വിയോജിപ്പാണ് തപ്‍സി പന്നു രേഖപ്പെടുത്തിയത്.

‘ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്നുണ്ടെങ്കില്‍ ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍, മറ്റുള്ളവരെ പാഠം പഠിപ്പിക്കാന്‍ പോകുകയല്ല പോകേണ്ടത്, മറിച്ച് നിങ്ങളുടെ മൂല്യവ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്തുകയാണ് വേണ്ടത്’ തപ്‌സി ട്വിറ്ററില്‍ കുറിച്ചു. ആരുടെയും പേരെടുത്തു പറയാതെയയാണ് തപ്‌സിയുടെ ട്വീറ്റെങ്കിലും രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിന് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ എതിര്‍ത്ത് അഭിപ്രായ പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് ട്വീറ്റെന്ന് വ്യക്തമായിരുന്നു.

സി.ബി.എസ്.എ സിലബസില്‍ നിന്ന് ജനാധിപത്യം മതേതരത്വം, പൗരത്വം, ബഹുസ്വരത തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചും തപ്സി പന്നു ട്വീറ്റ് ചെയ്തിരുന്നു. വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ലെന്നായിരുന്നു ബോളിവുഡ് താരത്തിന്‍റെ പ്രതികരണം.

“ഔദ്യോഗിക പ്രഖ്യാപനം ഞാന്‍ അറിയാതെ പോയതാണോ? അതോ മൂല്യങ്ങളൊന്നും ഭാവിയില്‍ നമുക്ക് ആവശ്യമില്ലേ? വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ല”- എന്നാണ് സിബിഎസിഇ സിലബസ് വെട്ടിക്കുറച്ച വാര്‍ത്ത ഷെയര്‍ ചെയ്ത് തപ്സി പന്നു വ്യക്തമാക്കിയത്.

ഉത്തര്‍പ്രദേശ് ഗവണ്‍മെന്‍റ് നടപ്പിലാക്കിയ ‘ലൗ ജിഹാദ്’ നിയമത്തിനെതിരെയും തുറന്നടിച്ച് തപ്സി പന്നു രംഗത്തെത്തിയിരുന്നു. നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ എന്ന പേരില്‍ നവംബര്‍ 27നാണ് യോഗി ആദിത്യനാഥ് ഗവണ്‍മെന്‍റ് ഈ നിയമം നടപ്പിലാക്കിയത്.

‘ഇപ്പോൾ മാതാപിതാക്കളുടെ അനുമതി മതിയാകില്ല. നമുക്ക് വിവാഹം കഴിക്കാൻ സർക്കാർ അനുമതിക്കായി അപേക്ഷിക്കണം. പുതിയ തലമുറ ഇത് നിങ്ങളുടെ വിവാഹത്തില്‍ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക’ നടി എഴുതി.