India

ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും

ഒരാഴ്ചയ്ക്കിടെ രണ്ട് തവണ പിഴയിട്ടത് ചൂണ്ടിക്കാട്ടി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ തുടര്‍ നടപടികള്‍ക്ക് ഗൂഗിള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2274 കോടി പിഴയിട്ടതിനെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് സൂചന.

ചൊവ്വാഴ്ചയാണ് ഗൂഗിളിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 936 കോടി രൂപ പിഴയിട്ടത്. അതിന് മുമ്പ് 1337 കോടിയും പിഴയിട്ടിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളെ വാണിജ്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്തതിനാണ് ഇന്ത്യ ടെക് ഭീമനെതിരെ പിഴ ചുമത്തിയത്.

മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, ആപ്പ് സ്റ്റോറുകള്‍, വെബ് സെര്‍ച്ച് സേവനങ്ങള്‍, വെബ് ബ്രൗസറുകള്‍, ഓണ്‍ലൈന്‍ വീഡിയോ ഹോസ്റ്റിംഗ് സേവനങ്ങള്‍ എന്നിവയിലൂടെ ഗൂഗിള്‍ ആരോഗ്യകരമായ വിപണി മത്സരത്തിന് വിരുദ്ധമായി നേട്ടമുണ്ടാക്കിയെന്ന് കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഗൂഗിളിന്റേതാണ്. ആന്‍ഡ്രോയ്ഡിനൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് പോലുള്ള പരാതികളിലൂടെ ഗൂഗിളിന്റെ ആപ്പുകള്‍ മൊബൈല്‍ ഫോണിന്റെ നിര്‍മാണ വേളയില്‍ തന്നെ ഫോണില്‍ ഉള്‍പ്പെടുത്താറുണ്ട്. വിജറ്റ്, ഗൂഗിള്‍ ക്രോം, ഗൂഗിള്‍ സെര്‍ച്ച് ആപ്പ്, ഗൂഗിള്‍ മാപ് മുതലായവ ഉള്‍പ്പെടുത്തുന്നത് വഴി എതിരാളികളെ അപേക്ഷിച്ച് ഗൂഗിള്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയെന്നും പ്രസ്താവനയിലുണ്ട്.

വിപണിയില്‍ മെറിറ്റ് അടിസ്ഥാനപ്പെടുത്തി മത്സരിക്കാനുള്ള അവസരത്തെ ഗൂഗിള്‍ പരിമിതപ്പെടുത്തുന്നുവെന്ന് കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പറയുന്നു. ചില മേഖലകളില്‍ ഗൂഗിള്‍ പരമമായ ആധിപത്യം ഉറപ്പിക്കുന്നത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തിന് തടയിടുന്നതായും കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ വിലയിരുത്തി.