India National

കോവിഡ് ജാഗ്രതയില്‍ ഇന്ന് മുതല്‍ ജെ.ഇ.ഇ പരീക്ഷകള്‍

കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഹരജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു

ജെ.ഇ.ഇ മെയിന്‍ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 660 കേന്ദ്രങ്ങളിലായി എട്ടര ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 13 പ്രധാന പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഈ മാസം ആറിന് പരീക്ഷ അവസാനിക്കും. സെപ്റ്റംബർ 13 മുതലാണ് നീറ്റ് പരീക്ഷ.

കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഹരജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. മഹാമാരിയുടെ പശ്ചാതലത്തിൽ പരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ വെള്ളിയാഴ്ച്ച കോടതിയെ അറിയിക്കുകയുണ്ടായി. എന്നാൽ പരീക്ഷ നടത്താൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി കോടതിയെ അറിയിക്കുകയായിരുന്നു.

കോവിഡ് കാരണം നേരത്തെ രണ്ടു തവണ ജെ.ഇ.ഇ മാറ്റി വെച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്ന് എൻ.ടി.എ ഡയറക്ടർ വിനീത് ജോഷി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. 12 മുതല്‍ 24 വരെ പരീക്ഷാര്‍ഥികള്‍ മാത്രമേ ഒരു മുറിയില്‍ ഉണ്ടാവുകയുള്ളു. പരീക്ഷാർഥികൾക്കായി സൗകര്യങ്ങളൊരുക്കി കൊടുക്കണമെന്ന് കേന്ദ്ര വിദ്യഭ്യാസമന്ത്രി രമേശ് പൊക്രിയാൽ സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.

പരീക്ഷാര്‍ഥികള്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍: https://jeemain.nta.nic.in/WebInfo/Handler/FileHandler.ashx?i=File&ii=667&iii=Y