India

ലക്ഷദ്വീപിൽ കനത്ത മഴ: ബേപ്പൂരില്‍ നിന്നുള്ള കപ്പല്‍ സര്‍വ്വീസ് റദ്ദാക്കി

ലക്ഷദ്വീപിൽ കനത്ത മഴ. വെള്ളം കയറിയതിനെ തുടർന്ന് കവരത്തി ദ്വീപിൽ 42 പേരെ മാറ്റിപ്പാർപ്പിച്ചു. ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രാ – ചരക്ക് കപ്പലുകളുടെ സർവ്വീസ് റദ്ദാക്കി.

അറബിക്കടലിൽ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടർന്നാണ് ലക്ഷദ്വീപ് മേഖലകളിൽ അതി ശക്തമായ കാറ്റും മഴയും തുടരുന്നത്. ലക്ഷദ്വീപിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കവരത്തി, ആന്ത്രോത്ത്, കല്പേനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. എല്ലായിടങ്ങളിലും ചുഴലിക്കാറ്റ് ആഞ്ഞുവീശുകയാണ്.

ബേപ്പൂരിൽ നിന്നും മിനിക്കോയിലേക്ക് പുറപ്പെടേണ്ട യാത്രാ കപ്പൽ സർവീസ് റദ്ദാക്കി. മൂന്ന് ചരക്ക് കപ്പലുകളും തുറമുഖത്ത് നിന്ന് പുറപ്പെട്ടിട്ടില്ല. നവംബർ നാലിന് ശേഷമേ സർവ്വീസ് വീണ്ടും ആരംഭിക്കൂ.