India Kerala

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ബി.ജെ.പി; ഇന്ന് ഗവര്‍ണറെ കാണും

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണതിനു പിന്നാലെ, സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ബി.ജെ.പി. ഇന്നലെ തന്നെ, ബി.ജെ.പി നിയമസഭാ കക്ഷി യോഗം ചേര്‍ന്നിരുന്നു. ഇന്ന് രാവിലെ ഗവര്‍ണറെ കാണാന്‍ ബി.എസ്. യദ്യൂരിയപ്പ തീരുമാനിച്ചിട്ടുണ്ട്. നാളെയായിരിക്കും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെന്നാണ് സൂചനകള്‍.

പതിനെട്ട് ദിവസം നീണ്ട നാടകങ്ങള്‍ക്കൊടുവിലാണ്, കുമാരസ്വാമി മന്ത്രിസഭ പരാജയം സമ്മതിച്ചത്. ഇന്നലെ വിശ്വാസവോട്ടില്‍ പരാജയപ്പെട്ട് സര്‍ക്കാര്‍ വീണതിന് തൊട്ടുപിന്നാലെ, സര്‍ക്കാറിന് അവകാശ വാദവുമായി ബിജെപി രംഗത്തെത്തി. അടുത്തത് സുസ്ഥിര സര്‍ക്കാറായിരിയ്ക്കുമെന്നും കര്‍ഷകര്‍ക്ക് ഇനി നല്ല കാലമായിരിക്കുമെന്നുമാണ് യദ്യൂരിയപ്പ പ്രതികരിച്ചത്. അടുത്ത സര്‍ക്കാറിന് ആശംസകള്‍ അറിയിച്ചതല്ലാതെ, മറ്റൊന്നും പറയാന്‍ എച്ച്.ഡി. കുമാരസ്വാമി തയ്യാറായില്ല.

മന്ത്രിസഭ വീണതിന് തൊട്ടുപിന്നാലെ ജെ.ഡി.എസ് എം.എല്‍.എമാരെ മുഴുവന്‍ വീട്ടിലേയ്ക്ക് വരുത്തി, പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൌഡ ഭാവിപരിപാടികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. കഴിഞ്ഞ 14 മാസമായി തുടരുന്ന കോണ്‍ഗ്രസുമായുള്ള സഖ്യം തുടരണോ എന്നാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. വിമത എം.എല്‍.എമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം ഇനിയും എടുത്തിട്ടില്ല. വിമതര്‍ ചതിയന്മാരാണെന്നും അവരെ തിരിച്ചെടുക്കില്ലെന്നും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്, സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍, അയോഗ്യതയുടെ നിയമവശങ്ങളും പ്രശ്നമാണ്. കോണ്‍ഗ്രസും ജെ.ഡി.എസും സുപ്രിം കോടതിയില്‍ നല്‍കിയ വ്യക്തതാ ഹരജി ഇനിയും പരിഗണിച്ചിട്ടുമില്ല.