India Social Media

അക്കൗണ്ട് നിരോധനത്തിൽ ചർച്ച വേണമെന്ന് ട്വിറ്റർ; കൂ വഴി മറുപടി നൽകി കേന്ദ്രം

ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് 1178 അക്കൗണ്ടുകൾ നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ ചർച്ച വേണമെന്ന അഭ്യർത്ഥനയുമായി ട്വിറ്റർ. ഇന്ത്യയിൽ വികസിപ്പിച്ച മൈക്രോബ്ലോഗിങ് ആപ്ലിക്കേഷനായ കൂ വഴിയാണ് സർക്കാർ ഇതിന് മറുപടി നൽകിയത്.

ട്വിറ്റർ മാനേജ്‌മെന്റുമായി ഐടി സെക്രട്ടറി കൂടിക്കാഴ്ച നടത്തും. ഇതേക്കുറിച്ച് ട്വിറ്റർ ബ്ലോഗിൽ പോസ്റ്റിട്ടത് അസാധാരണമാണ്. സർക്കാർ ഉടൻ മറുപടി അറിയിക്കും- എന്നാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം കൂ വിൽ കുറിച്ചത്.

റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് പോസ്റ്റുകളിട്ട 250 ട്വിറ്റർ അക്കൗണ്ടുകൾ പൂട്ടാനാണ് സർക്കാർ ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഏതാനും മണിക്കൂർ സസ്‌പെൻഡ് ചെയ്യപ്പെട്ട ശേഷം ഈ അക്കൗണ്ടുകൾ മിക്കതും പിന്നീട് സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ആയിരത്തിലേറെ അക്കൗണ്ടുകൾ നിരോധിക്കണമെന്ന ആവശ്യവുമായി സർക്കാർ ട്വിറ്ററിനെ സമീപിച്ചത്.

ഇതിനാണ് കൂ വഴി സർക്കാർ മറുപടി നൽകിയിട്ടുള്ളത്. എല്ലാ മന്ത്രാലയങ്ങളും കൂ വിൽ അക്കൗണ്ട് ഉണ്ടാക്കുമെന്ന സൂചനയാണ് സർക്കാർ കൈമാറിയിട്ടുള്ളത്.

ബദലാകുമോ കൂ?

അക്കൗണ്ടുകൾ ബ്ലോക് ചെയ്യണമെന്ന ആവശ്യത്തിന് ട്വിറ്റർ വഴങ്ങാതിരുന്നതോടെയാണ് കേന്ദ്രം കൂ വിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ഏറ്റവുമൊടുവിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് കൂവിൽ അക്കൗണ്ട് തുടങ്ങിയത്.

അപരമേയ രാധാകൃഷ്ണ, മായങ്ക് ബിദവത്ക എന്നിവർ സ്ഥാപിച്ച ബോംബിനെറ്റ് ടെക്‌നോളജീസാണ് കൂവിന് പിന്നിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതോടെയാണ് കൂ പ്രചാരം നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.

ട്വിറ്ററിന് സമാനമായ ആപ്ലിക്കേഷനാണ് കൂവും. പങ്കുവയ്ക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിളിക്കുക. ഷെയർ ചെയ്യുന്ന പോസ്റ്റ് റികൂ എന്ന് അറിയപ്പെടും. ഐഒഎസിലും ആൻഡ്രോയിഡിലും ആപ്ലിക്കേഷൻ പ്രവർത്തിക്കും. 400 വാക്കുകളാണ് ഒരു പോസ്റ്റിന്റെ പരിധി. ഒരു മിനിറ്റ് ഷോർട്ട് വീഡിയോ/ഓഡിയോയും പബ്ലിഷ് ചെയ്യാം.