India Social Media

2021ല്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ അന്വേഷിച്ചത് ഇക്കാര്യങ്ങള്‍…

വിവരങ്ങളറിയാന്‍ ഗൂഗിളിനെ ഒരു ദിവസം എത്രതവണ നമ്മള്‍ ആശ്രയിക്കാറുണ്ട്? എന്ത് സംശയവും ഏത് അറിവും ഗൂഗിളിനോട് ചോദിക്കുകയല്ലാതെ മറ്റെന്താണല്ലേ എളുപ്പമാര്‍ഗം? ഇത്തരത്തില്‍ ഓരോ നിമിഷവും ഓരോ മണിക്കൂറും ഓരോ ദിവസവും ഓരോ വര്‍ഷവുമുള്ള കണക്കുനോക്കിയാല്‍ അറിയാം നമ്മള്‍ ഏതെല്ലാം കാര്യങ്ങള്‍ അറിയാനാണ് ഗൂഗിളിനെ കൂടുതലായി ഉപയോഗിക്കുന്നതെന്ന്.

2021 അവസാനഘട്ടത്തിലാണ്. 2022നെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഈ വര്‍ഷം ഇന്ത്യക്കാര്‍ കൂടുതലായി ഗൂഗിളില്‍ തെരഞ്ഞത് എന്തൊക്കെയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

കൊവിഡ് മഹാമാരി വന്നതിനുശേഷം ജാഗ്രതയും കരുതലും ലോക്ക്ഡൗണുമൊക്കെയാണ് ഒരു ശരാശരി ഇന്ത്യക്കാരന്റെ ദൈനംദിന ജീവിതം. 2021ല്‍ ഗൂഗളിനോട് ചോദിച്ചതും ഇത് തന്നെയാണ്. വാക്‌സിന്‍ ലഭിക്കാന്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാമെന്ന്. 2021 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 5 വരെയും ഏപ്രില്‍ 25 മുതല്‍ മെയ് 1 വരെയുമാണ് ഈ സെര്‍ച്ച് കൂടിയത്.

വാക്‌സിന്‍ കിട്ടിക്കഴിഞ്ഞാല്‍ മാത്രം പോരല്ലോ. സര്‍ട്ടിഫിക്കറ്റ് കൂടി സൂക്ഷിക്കണം. അതുതന്നെയാണ് രണ്ടാം സ്ഥാനത്തെ സെര്‍ച്ചിങും. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന് ഇന്ത്യക്കാര്‍ ഗൂഗിളിനോട് ചോദിച്ചത്.

തെരച്ചിലില്‍ മൂന്നാം സ്ഥാനത്തും കൊവിഡ് തന്നെയാണ്. കൊവിഡ് മഹാമാരി രൂക്ഷമായിരുന്ന സമയത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യതയും രാജ്യം നേരിട്ടിരുന്നു. ഓക്‌സിജന്‍ സംബന്ധിച്ച് നിരവധി വ്യാജ വാര്‍ത്തകളും ഇക്കൂട്ടത്തില്‍ വന്നിരുന്നു. ഏതായാലും ശരീരത്തിലെ ഓക്‌സിജന്റെ അളവ് എങ്ങനെ വര്‍ധിപ്പിക്കാം എന്നാണ് പിന്നീട് ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തെരഞ്ഞത്.

കൊവിഡും ഓക്‌സിജനും സര്‍ട്ടിഫിക്കറ്റും കഴിഞ്ഞപ്പോള്‍ ആധാറും പാനും തമ്മിലുള്ള ലിങ്കിംഗ് എങ്ങനെയെന്നായിരുന്നു ഇന്ത്യക്കാരുടെ പിന്നീടുള്ള ആശങ്ക. അതിനുശേഷം മികച്ച നിക്ഷേപങ്ങളെ കുറിച്ച് അറിയാനായിരുന്നു ഇന്ത്യക്കാരുടെ ആഗ്രഹം. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യമെല്ലാം മറികടക്കണമല്ലോ. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ വളര്‍ച്ചയെപ്പറ്റയും ഇന്ത്യക്കാര്‍ അറിയാന്‍ ആശ്രയിച്ചത് ഗൂഗിളിനെ തന്നെ.

2021 ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാകട്ടെ പഞ്ചാബില്‍ നിന്നും ഭക്ഷണത്തെ കുറിച്ചുള്ള സംശയങ്ങളാണ് കൂടുതലും ഉണ്ടായിരുന്നത്. ഇതില്‍ ഏഴാം സ്ഥാനത്തെത്തിയ ചോദ്യമാണ്; പഴം ഉപയോഗിച്ച് ബ്രഡ് എങ്ങനെ ഉണ്ടാക്കാമെന്നത്.