Health India

കൗമാരക്കാര്‍ക്ക് കൊവാക്‌സിന്‍ മാത്രം; പുതിയ മാര്‍ഗരേഖ പുറത്തിറക്കി

രാജ്യത്ത് കൗമാരക്കാര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കൊവാക്‌സിന്‍ മാത്രമായിരിക്കും 15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് നല്‍കുകയെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 2007ലോ അതിന് മുമ്പോ ജനിച്ചതോ ആയ എല്ലാവരും വാക്‌സിനെടുക്കാന്‍ അര്‍ഹരാണ്.

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. ആധാര്‍ കാര്‍ഡോ, സ്‌കൂള്‍ ഐഡി കാര്‍ഡോ ഉപയോഗിച്ച് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ചില വ്യവസ്ഥകളോടെ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കായി ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

ജനുവരി 10 മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്‍നിര പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും ബൂസ്റ്റര്‍ ഷോട്ടുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം. 60 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ക്കും രോഗാവസ്ഥയിലുള്ളവര്‍ക്കും ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുക. 9 മാസമാണ് വാക്‌സിനേഷന്‍ ഇടവേള.