India National

ഹാഥ്റസ് ബലാല്‍സംഗ കൊല; ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി ചന്ദ്രശേഖര്‍ ആസാദ്

ഇന്ത്യാ ഗേറ്റിന് മുന്നില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഭീം ആര്‍മി നേതാവ് കൂടിയായ ചന്ദ്രശഖര്‍ ആസാദ് അറിയിച്ചത്.

ഹാഥ്റസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിനൊരുങ്ങി ചന്ദ്രശേഖര്‍ ആസാദ്. ഇന്ത്യാ ഗേറ്റിന് മുന്നില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഭീം ആര്‍മി നേതാവ് കൂടിയായ ചന്ദ്രശഖര്‍ ആസാദ് അറിയിച്ചത്.

ഉത്തര്‍ പ്രദേശില്‍ ഇത്ര വലിയ ക്രൂരത അരങ്ങേറിയിട്ടും പ്രധാനമന്ത്രി ഒരു വാക്കു പോലും പ്രതികരിക്കുന്നില്ലെന്നും ആസാദ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ മൌനം രാജ്യത്തെ പെണ്‍കുട്ടികളെ സംബദ്ധിച്ച് അപകടകരമാണെന്നും മൌനം വെടിഞ്ഞ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.

‘പ്രധാനമന്ത്രി മറുപടി പറയണം. മറുപടി നൽകാനും നീതി ഉറപ്പാക്കാനും അദ്ദേഹത്തിന്​ കഴിയണം. പെൺകുട്ടിയുടെ നിലവി​ളിയോ അവളുടെ കുടുംബത്തിന്‍റെ രോദനമോ പ്രധാനമന്ത്രി കേട്ടില്ല. താങ്കൾ എത്രകാലം ഈ മൗനം തുടരും….? നിങ്ങൾ ഒന്നിനും മറുപടി തരുന്നില്ല. ഉത്തരങ്ങള്‍ ആവശ്യപ്പെട്ട്​ ഇന്ന്​ അഞ്ച്​ മണിക്ക്​ ഞങ്ങൾ ഇന്ത്യ ഗേറ്റിൽ ഒത്തുകൂടുന്നു’. ആസാദ് പറഞ്ഞു

മോദിയെ പാര്‍ലമെന്‍റിലേക്കയച്ച അതേ ഉത്തര്‍പ്രദേശിലെ ഹാഥ്റസിലാണ് ഒരു മകള്‍ക്കെതിരെ അതിക്രമം നടന്നതെന്നും സംഭവത്തില്‍ പ്രധാനമന്ത്രിയുടെ മറുപടി തേടുമെന്നും വീഡിയോ സന്ദേശത്തിലൂടെയാണ് ഭീം ആര്‍മി തലവന്‍ അറിയിച്ചത്. നേരത്തെ പെൺകുട്ടി മരണപ്പെട്ട ഡൽഹി സഫ്ദര്‍ജങ് ആശുപത്രിയ്ക്കു മുന്നിൽ ഭീം ആർമി പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു