India National

ബീഹാറിൽ വിദേശത്ത് നിന്ന് എത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബീഹാറിൽ വിദേശത്ത് നിന്ന് എത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയക്കും. മ്യാൻമാർ, തായ്ലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്ന് ബീഹാറിലെ ഗയ വിമാനത്താവളത്തിലെത്തിയ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. 

വിമാനത്താവളങ്ങളിൽ പരിശോധന ശക്തമായി തുടരുകയാണ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലുടനീളം നാളെ നടക്കുന്ന മോക്ക്ഡ്രില്ലിനായി ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് കേസുകൾ വർധിച്ചാൽ അടിയന്തര സാഹചര്യത്തെ നേരിടുന്നതിന് എല്ലാം സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക്ഡ്രിൽ. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ആരോഗ്യവകുപ്പ് മോക്ഡ്രിൽ നടത്തുക.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് വിശദമായ നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. നാളെ വൈകീട്ട് തന്നെ മോക്ക് ഡ്രിൽ ഫലം എല്ലാ സംസ്ഥാനങ്ങളും അപ്ലോഡ് ചെയ്യണം.ഇതുവഴി ഓരോ സംസ്ഥാനങ്ങളിലേയും ആകെയുള്ള ഐസൊലേഷൻ വാർഡുകളുടെയും, ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങളുടെയും ലഭ്യത പരിശോധിക്കും. കോവിഡ് സാഹചര്യം നേരിടാൻ ആവശ്യമായ ആരോഗ്യപ്രവർത്തകർ, കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയവ കാര്യങ്ങളും ഉറപ്പാക്കാനും മോക്ക്ഡ്രിൽ ലക്ഷ്യമിടുന്നു. ഇന്ന് വൈകിട്ട് കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗത്തിൽ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരും,ഐഎംഎ ഭാരവാഹികളും പങ്കെടുക്കും.