Health International

കോവിഡ് വാക്സിന്‍: ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന് അമേരിക്കന്‍ കമ്പനി

രണ്ടാം ഘട്ടത്തിൽ 600 പേരിൽ പരീക്ഷണം നടത്താനാണ് തീരുമാനം.

കോവിഡിന് വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി അമേരിക്കന്‍ മരുന്ന് കമ്പനി. മോഡേണ എന്ന കമ്പനിയാണ് വാക്സിന്‍ വികസിപ്പിച്ചത്. മാര്‍ച്ചില്‍ നടത്തിയ മരുന്ന് പരീക്ഷണം വിജയകരമായെന്ന് കമ്പനി അവകാശപ്പെട്ടു. മരുന്ന് സ്വീകരിച്ചവരുടെ ശരീരത്തില്‍ കോറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടെന്നും ഇത് കോവിഡ് രോഗമുക്തരായവരുടെ ശരീരത്തില്‍ കണ്ടെത്തിയ ആന്റിബോഡിയുടെ അളവിനേക്കാള്‍ കൂടുതലാണെന്നുമാണ് പഠന ഫലം.

45 വളണ്ടിയർമാരിലാണ് mRNA-1273 വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണം നടത്തിയത്. ഇതിൽ എട്ട് പേരിൽ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പൂര്‍ണ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രണ്ടാം ഘട്ടത്തിൽ 600 പേരിൽ പരീക്ഷണം നടത്താനാണ് തീരുമാനം. വാക്സിന്റെ കാര്യക്ഷമത ഉറപ്പാക്കാനുള്ള അവസാന ഘട്ട പരീക്ഷണം ജൂലൈയിൽ നടക്കും. നേരത്തെ എലികളില്‍ നടത്തിയ പരീക്ഷണവും വിജയകരമായിരുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആദ്യ ഘട്ട പരീക്ഷണത്തില്‍ കോവിഡ് വാക്‌സിന്‍ വിജയമായതിനെ തുടര്‍ന്ന് മോഡേണയുടെ ഓഹരിയില്‍ 240 ശതമാനം വര്‍ദ്ധനയുണ്ടായി. മോഡേണയുടെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള പദ്ധതിയില്‍ അമേരിക്കന്‍ സര്‍ക്കാരും വന്‍തുക നിക്ഷേപിച്ചിട്ടുണ്ട്.