Gulf

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം

നാലാംഘട്ടത്തില്‍ സൌദിയെ അവഗണിച്ചതിലുള്ള നിരാശയിലാണ് സൌദിയിലെ പ്രവാസികള്‍

ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം. മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ കേരളത്തിലേക്കുള്ളത്. നാലാംഘട്ടത്തില്‍ സൌദിയെ അവഗണിച്ചതിലുള്ള നിരാശയിലാണ് സൌദിയിലെ പ്രവാസികള്‍.

ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ലഭിച്ചത് ഖത്തറിലെ പ്രവാസികള്‍ക്കാണ്. മൊത്തം 151 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്കുള്ളത്. ഏകദേശം ഇരുപത്തിയേഴായിരം പ്രവാസികള്‍ക്ക് ഇക്കുറി ഖത്തറില്‍ നിന്ന് മടങ്ങാം. ഇതോടെ ഖത്തറില്‍ നിന്നും ഇനി ചാര്‍ട്ടര്‍ഡ് സര്‍വീസുകളുടെ ആവശ്യം വരില്ലെന്നാണ് വിലയിരുത്തല്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഖത്തറില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും നടത്തുന്നത്.

അതേസമയം സൌദിയില്‍ നിന്ന് ആകെ 11 സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്. കുവൈത്തില്‍ നിന്ന് നിലവില്‍ പതിനൊന്ന് സര്‍വീസുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമാനില്‍ നിന്ന് ആകെ എട്ട് സര്‍വീസുകള്‍ മാത്രം. യു.എഇ.യില്‍ നിന്ന് മുപ്പത്തിമൂന്ന് സര്‍വീസുകള്‍. ഇതില്‍ ആദ്യത്തെ സര്‍വീസ് ഇന്ന് ദുബൈയില്‍ നിന്നും കൊച്ചിയിലേക്ക് തിരിക്കും.