Gulf

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് അടുത്തമാസം ആറു വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് അടുത്തമാസം ആറു വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ. ഈ മാസം 30 വരെ ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി നീട്ടിയതായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഏപ്രിൽ 25 മുതൽ നാട്ടിൽ കുടുങ്ങിയ ആയിരങ്ങളുടെ മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. എമിറേറ്റ്സ് എയർലൈൻസ് കൂടി സ്ഥിരീകരിച്ചതോടെ അടുത്ത മാസം 6 വരെ വിലക്ക് നീളും എന്നുറപ്പായി. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കും യുഎഇയിലേക്ക് ജൂലൈ ആറുവരെ പ്രവേശിക്കാനാകില്ല. ഈ മാസം മുപ്പതോടെ വിലക്ക് ഒഴിവാക്കുമെന്ന പ്രതീക്ഷയും നഷ്ടമായതോടെ ബദൽ യാത്രാ മാർഗങ്ങളെ കുറിച്ച് ആലോചിക്കുന്നവരുടെ എണ്ണവും കൂടി.

അർമീനിയ, ഉസ്ബെകിസ്താൻ രാജ്യങ്ങളിലെ വിസ ലഭിച്ചാൽ രണ്ടാഴ്ച കാലം അവിടെ ക്വാറന്‍റൈൻ ചെലവിട്ട് യു.എഇയിലേക്ക് വരാനാകും. സാമ്പത്തിക ചെലവും മറ്റുമാണ് പലരെയും കുറച്ചു കൂടി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നത്. ജൂലൈ ‌ ആദ്യ വാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളെ ബന്ധപ്പെട്ട് യാത്ര പുനക്രമീകരിക്കണമെന്ന് എമിറേറ്റ്സ് എയർലെൻസ് അറിയിച്ചു.യുഎ.ഇയിൽ പ്രതിദിന കോവിഡ് രോഗികൾക്കൊപ്പം മരണസംഖ്യയും ഉയരുന്ന പ്രവണതയെ ആശങ്കയോടെയാണ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ നോക്കി കാണുന്നത്.