Gulf

യുഎഇ പ്രസിഡന്റിന്റെ വിയോഗം: അനുശോചനമറിയിക്കാന്‍ സല്‍മാന്‍ രാജകുമാരന്‍ പുറപ്പെട്ടു

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎഇയിലേക്ക് പുറപ്പെട്ടു. നിരവധി ഭരണാധികാരികള്‍ ഇതിനോടകം തന്നെ യുഎഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയുടെ അനുശോചനം നേരിട്ടറിയിക്കാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് യുഎഇയിലെത്തിയത്. (saudi prince reached uae)

സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സൗദി കിരീടാവകാശി യുഎഇയിലേക്ക് പുറപ്പെട്ടതെന്ന് റോയല്‍കോര്‍ട്ട് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സ്‌പെയിനിലെ ഫിലിപ്പ് ആറാമന്‍, ജര്‍മ്മന്‍ പ്രസിഡന്റ്, ഇന്തോനേഷ്യന്‍ പ്രസിഡന്റ് എന്നിവര്‍ തുടങ്ങി സെനഗല്‍,മാലിദ്വീപ് ,ഉസ്‌ബെക്കിസ്ഥാന്‍,ഇസ്രായേല്‍ കെനിയ,ലിബിയ, പാലസ്തീന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും യുഎഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ (73) വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 2004 നവമ്പര്‍ മൂന്ന് മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ ചുമതല വഹിച്ചു വരുകയായിരുന്നു. യുഎഇ1971ല്‍ രൂപീകരിക്കുമ്പോള്‍ തന്റെ 26ാം വയസില്‍ അദ്ദേഹം ഉപപ്രധാനമന്ത്രിയായി. 1976ല്‍ ഉപ സൈന്യാധിപനായും നിയമിക്കപ്പെട്ടു.