Gulf

റമദാന്‍ 2023: ഇഫ്താര്‍ സംഗമങ്ങള്‍ സജീവമാക്കി റിയാദിലെ പ്രവാസി കൂട്ടായ്മകള്‍

റമദാന്‍ വ്രതം തുടങ്ങിയതോടെ സൗദിയിലെ റിയാദില്‍ പ്രവാസി കൂട്ടായ്മകളുടെ ഇഫ്താര്‍ സംഗമങ്ങളും സജീവമായി. റമദാനില്‍ മുഴുവന്‍ ദിവസങ്ങളിലും മലയാളി കൂട്ടായ്മകളുടെ ഇഫ്താര്‍ വിരുന്നുണ്ടാകും. ചിലര്‍ അത്താഴ വിരുന്നിലൂടെയാണ് റമദാന്‍ സംഗമങ്ങള്‍ക്ക് വേദി ഒരുക്കുന്നത്.

സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മലയാളികളുടെ നേതൃത്വത്തില്‍ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ രണ്ട് കേന്ദ്രങ്ങളിലായി വിപുലമായ ഇഫ്താര്‍ സംഗമമാണ് ഒരുക്കിയിട്ടുളളത്. ബത്ഹ, സുമേശി എന്നിവിടങ്ങളില്‍ 500റിലധികം പേരാണ് ഇഫ്താറില്‍ പങ്കെടുക്കുന്നത്. 30 ദിവസവും ഇതു തുടരും.

വാരാന്ത്യങ്ങളില്‍ സമൂഹ നോമ്പുതുറകള്‍ക്കായി ഒഡിറ്റോറിയങ്ങളും വിശ്രമ കേന്ദ്രങ്ങളും റസ്റ്ററന്റുകളും മലയാളി സംഘടനകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഇതോടെ ചിലര്‍ അന്താഴ സംഗമം ഒരുക്കാനുളള ഒരുക്കത്തിലാണ്.

റമദാന്‍ ഒന്നിന് വിപുലമായ ഇഫ്താര്‍ വിരുന്നാണ് പയ്യന്നൂര്‍ സൗഹൃദ വേദി ഒരുക്കിയത്. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ സ്വലാഹി റമദാന്‍ സന്ദേശം പങ്കുവെച്ചു. വിശുദ്ധ ഖുര്‍ആന്‍ അടിസ്ഥാനമാക്കി ഉമര്‍ അമാനത്ത് നയിച്ച ചോദ്യോത്തര പരിപാടിയും നടന്നു.

റിയാദ് പാലക്കാട് അസോസിയേഷനും ഇഫ്താര്‍ സംഗമം ഒരുക്കി. ഇരുനൂറിലധികം ആളുകളാണ് സംഗമത്തില്‍ പങ്കെടുത്തത്. മുഹിയുദ്ദീന്‍ മാള റമദാന്‍ സന്ദേശം നല്‍കി. മുഹമ്മദലി മണ്ണാര്‍ക്കാട്, സുരേഷ് ഭീമനാട്, ഷമീര്‍ വല്ലപ്പുഴ, നിയാസ് ചിറക്കപ്പടി, മുജീബ് ചുട്ടിപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി.