Gulf World

ദക്ഷിണ ഇറാനിൽ വൻ ഭൂചലനം; പ്രകമ്പനം ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു

ദക്ഷിണ ഇറാനിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രാദേശിക സമയം 1.30 നാണ് ഭൂചലനം ഉണ്ടായത്. പ്രകമ്പനം യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ടു. സംഭവത്തിൽ ഇറാനിൽ മൂന്നുപേർ കൊല്ലപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഗൾഫിൽ എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.

ദക്ഷിണ ഇറാനിൽ ഗൾഫ് തീരത്തോട് ചേർന്നുകിടക്കുന്ന ബന്ദർ ഖമീറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനാൽ യു.എ.ഇയിലെ മിക്കയിടത്തും ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 1.32നാണ് 10 കി.മീറ്റർ ദൂരത്തിൽ ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. ഇത് റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. പിന്നാലെ, 3.24ഓടെ മറ്റൊരു ഭൂകമ്പം കൂടി അനുഭവപ്പെട്ടു. ഇതിനിടയിൽ 4.6, 4.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങൾ 2.43നും 3.13നും റിപ്പോർട്ട് ചെയ്തു.

യു.എ.ഇക്ക് പുറമെ സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെല്ലാം പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഭൂചലനം അനുഭവപ്പെട്ടു. തുടർചലനം അനുഭവപ്പെടുന്നതിനാൽ പലരും ആശങ്കയിലാണ്. രാത്രി 1.32നും പുലർച്ചെ 3.25നും ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്.