Gulf International

ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈത്തില്‍ പ്രവേശന വിലക്ക്

വാണിജ്യ വിമാന സർവീസ് പുനരാരംഭിക്കുന്നതോടെയാണ് വിലക്ക് പ്രാബല്യത്തിലാകുക

ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള  പ്രവാസികൾക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഓഗസ്റ്റ് ഒന്ന് മുതൽ  വാണിജ്യ വിമാന സർവീസ് പുനരാരംഭിക്കുന്നതോടെയാണ് വിലക്ക് പ്രാബല്യത്തിലാകുക.

ഇന്ത്യ ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക, ഇറാൻ, പാകിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഓഗസ്റ്റ് ഒന്ന് മുതൽ കുവൈത്ത് അനിശ്ചിതകാലത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽ നിന്നൊഴികെയുള്ളവർക്ക് കുവൈത്തിലേക്ക് വരുന്നതിനും തിരിച്ചുപോകുന്നതിനും അനുമതിനൽകാൻ മന്ത്രിസഭ  തീരുമാനിച്ചു എന്നാണു സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചിരിക്കുന്നത്. വിലക്കിനു പിന്നിലെ കാരണം വ്യക്തമല്ല . കുവൈത്തിൽ കൂടുതൽ പ്രവാസികൾ ഉള്ള ഏഷ്യൻ രാജ്യങ്ങൾക്കാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ വിദേശ രാജ്യങ്ങൾക്കു ക്വർട്ട നിശ്ചയിക്കുന്നതിന്റെ ഭാഗമായാണോ തീരുമാനമെന്ന് സംശയമുണ്ട് എന്നാൽ വിദേശി ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഈജിപ്തിൽ നിന്നുള്ളവർക്ക് വിലക്ക്ഇ ഏർപെടുത്തിയിട്ടുമില്ല. നേരത്തെ കോവിഡ്  വ്യാപനത്തിന്റെ തുടക്കത്തിലും ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്  വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് അന്താരാഷ്ട്ര സർവീസുകൾ നിർത്തിയതോടെ എല്ലാ രാജ്യങ്ങൾക്കും വിലക്ക് ബാധകമാകുകയായിരുന്നു  ഓഗസ്റ്റ് ഒന്നിന് വാണിജ്യ വിമാനസർവീസ് പുനരാരംഭിക്കാനിരിക്കെയാണ് ഇപ്പോൾ ഏഴു രാജ്യങ്ങൾ ഒഴികെ ഉള്ളവർക്ക് പ്രവേശനം അനുവദിക്കുമെന്ന് കുവൈത്ത്  അറിയിച്ചിരിക്കുന്നത്.