Gulf

ആശങ്കകള്‍ക്ക് വിരാമം: കൊവിഡ് വാക്‌സിനേഷന് ശേഷം ഹൃദയാഘാതം വര്‍ധിച്ചിട്ടില്ലെന്ന് ഒഎച്ച്എ

കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിനേഷന് ശേഷം രാജ്യത്തെ ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചിട്ടില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍. വാക്‌സിനേഷന്‍ ഹൃദയാഘാതമുണ്ടാക്കുമെന്ന ആശങ്കകള്‍ക്ക് മറുപടിയായാണ് ഒഎച്ച്എ ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്‌സിനുള്‍പ്പെടെ എല്ലാ വാക്‌സിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. എന്നിരിക്കിലും വാക്‌സിന്‍ സ്വീകരിച്ചതുകൊണ്ട് ഹൃദയാഘാതം വര്‍ധിച്ചതിന് തെളിവുകളില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി.

സമീപകാലത്ത് ഹൃദയാഘാതം മൂലം മരണമടഞ്ഞവരുടെ എണ്ണം ചൂണ്ടിക്കാട്ടി ഒരാള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് കൊവിഡ് വാക്‌സിനേഷനുമായി ബന്ധമുണ്ടെന്ന് തെളിവുകളില്ല. ഹൃദയാഘാതങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടില്ലെന്നും കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ആദില്‍ ബറകത്ത് അല്‍ റിയാമി വ്യക്തമാക്കി.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്വീകരിച്ച 2.5 ദശലക്ഷത്തിലധികം ആളുകളില്‍ 54 മയോ കാര്‍ഡിറ്റിസ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഒരു പഠനത്തെ ഉദ്ധരിച്ചുകൊണ്ട് ഡോ. ആദില്‍ ബറകത്ത് അല്‍ റിയാമി പറഞ്ഞു. സമാനമായ രീതിയില്‍ തന്നെയാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരിലും മയോ കാര്‍ഡിറ്റിസ് കേസുകളുള്ളത്. അതിനാല്‍ ആശങ്ക വേണ്ടെന്നും വിദഗ്ധരില്‍ നിന്നും ശരിയായ വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി.