Europe International

ലോക് ഡൌണ്‍ മൂലം യൂറോപ്പില്‍ 60,000 പേരെ കൊറോണ വൈറസില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് പഠന റിപ്പോര്‍ട്ട്

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ പോലുള്ള നടപടികള്‍ യൂറോപ്പില്‍ 60,000 പേരുടെ ജീവന്‍ രക്ഷിച്ചതായി പഠനറിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇംപീരിയല്‍ കോളേജ് നടത്തിയ പഠനത്തിലാണ് ലോക്ക്ഡൌണുകൾ പോലുള്ള ഫാർമസ്യൂട്ടിക്കൽ അല്ലാത്ത സർക്കാർ ഇടപെടലുകൾ പത്തോളം യൂറോപ്യന്‍ രാജ്യങ്ങളിലായ 60,000 പേരെ കൊറോണ വൈറസില്‍ നിന്നും രക്ഷിച്ചതായി കണ്ടെത്തിയത്.മാര്‍ച്ച് 30നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

വീടുകളിലെ ഐസലോഷന്‍, സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചത്, ആള്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഒഴിവാക്കിയത്, ദേശീയ ലോക് ഡൌണുകള്‍ തുടങ്ങിയവ വൈറസിന്റെ സാമൂഹിക വ്യാപനം കുറച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ ലോക് ഡൌണിന് മുന്‍പും ശേഷവുമുള്ള മരണനിരക്കിനെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ലോക് ഡൌണ്‍ പോലുള്ള നടപടികള്‍ തുടരുന്നതുകൊണ്ട് കൂടുതല്‍ ആളുകളെ വൈറസില്‍ നിന്നും രക്ഷപ്പെടുത്താനാകുമെന്ന് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ അവസാനം ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 ഇതുവരെ 40,000ത്തിലധികം പേരുടെ ജീവന്‍ കവര്‍ന്നു.കൊറോണ ഇറ്റലിയുടെ ആരോഗ്യരംഗത്ത കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ലോക് ഡൌണ്‍ നടപടികള്‍ ദുരന്തത്തെ ഒരു പരിധി വരെ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്പെയിനിലെ ഗവേഷകരുടെ കണക്ക് പ്രകാരം രാജ്യത്ത് 16,000 ജീവൻ ലോക് ഡൌണ്‍ മൂലം രക്ഷിക്കാനായി എന്നാണ്. ഫ്രാൻസിൽ -2,500, ബെൽജിയം -560, ജർമ്മനി -550, യുകെ- 370, സ്വിറ്റ്സർലൻഡ്- 340, ഓസ്ട്രിയ- 140, സ്വീഡൻ- 82, ഡെൻമാർക്ക് -69, നോർവേ- 10 എന്നിങ്ങിനെയാണ് കണക്ക്.

“നിലവിലെ നടപടികൾ യൂറോപ്പിലെ പകർച്ചവ്യാധിയെ നിയന്ത്രിച്ചുവെന്ന് ഞങ്ങൾക്ക് കൃത്യമായി പറയാൻ കഴിയില്ല; എന്നിരുന്നാലും, നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ പ്രതീക്ഷക്ക് വകയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.