Entertainment

മലയാള സിനിമയിൽ പുതുപുത്തൻ പൊലീസ് അനുഭവമൊരുക്കി നാലാം മുറ

പൊലീസ് കുറ്റാന്വേഷണ സിനിമകൾ മലയാളത്തിൽ നിരവധി പിറന്നിട്ടുണ്ട് ആ സിനിമകളിലെ ഏറ്റവും ഹൃദയഹാരിയായ സിനിമകളിലൊന്നായി മാറുകയാണ് ബിജു മേനോൻ നായകനായ ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാം മുറ. ‘ലക്കി സ്റ്റാർ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയാണ് നാലാം മുറ. ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷത്തിലെത്തുന്ന സിനിമ ക്രൈം ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ആകാംക്ഷയും കൗതുകവും ഉണർത്തുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന സിനിമ ആദ്യ ദിനം തന്നെ പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ്

കേരളക്കരയെന്നല്ല ലോകം മുഴുവൻ ചർച്ചചെയ്യുന്ന ലഹരിയെന്ന വിപത്തിന്റെ പ്രശ്നങ്ങളെ കൂടി ചർച്ച ചെയ്യുന്നുണ്ട് ഈ സിനിമ. കാലങ്ങളായി മലയാള സിനിമയിൽ കാണുന്ന വിഷയമാണെകിലും പുതുമയോടെ അവതരിപ്പിക്കാൻ പിന്നണി പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. യു.എഫ്.ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യു.എസ്.എ), ലക്ഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സൂരജ് വി ദേവാണ്.

സിനിമയുടെ സുന്ദരമായ ഒഴുക്കിനെ കൂടുതൽ മികവുള്ളതാക്കി മാറ്റുന്ന വിധം സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോനും പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറുമാണ്.

ഒരിക്കലും തളരാതെ താൻ അന്യോഷിക്കുന്ന പ്രതിയെ പിടികൂടാൻ ശ്രമിക്കുന്ന രാജീവൻ എന്ന പൊലീസുകാരനെ തന്മയത്തത്തോടെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ ബിജു മേനോൻ. മിന്നൽ മുരളി എന്ന ചിത്രത്തിന് ശേഷം ഗുരു സോമ സുന്ദരം മികച്ച ഭാവ പ്രകടനങ്ങളുള്ള വില്ലൻ കഥാപാത്രമായി നിറഞ്ഞാടുന്നുണ്ട് സിനിമയിൽ. അഭിനയിച്ച താരങ്ങൾക്കെല്ലാം കൃത്യമായ സ്പേസ് നൽകുന്നതാണ് നാലാം മുറ. കുറ്റാന്വേഷകരായ പൊലീസുകാർ അനുഭവിക്കുന്ന വേദനകളെയും മാനസിക പ്രശ്നങ്ങളെയും കൂടി കൃത്യമായി സിനിമ കാണിച്ച് തരുന്നുണ്ട്.

മനുഷ്യ മനസിന്റെ സഞ്ചാരങ്ങളും അവസ്ഥകളും കൃത്യമായി സംസാരിക്കുന്ന സിനിമ വീണ്ടും വീണ്ടും കാണാൻ പ്രക്ഷകരെത്തുമെന്ന് ഉറപ്പിക്കുകയാണ് ആദ്യ ദിനം തന്നെ. ചിത്രത്തെ പ്രക്ഷക സ്വീകാര്യതയുള്ളയാക്കുന്നതിൽ നിർണായക ഘടകം താരങ്ങളുടെ അഭിനയ പ്രകടനം തന്നെയാണ്. ദിവ്യ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു എബ്രഹാം, ശ്യാം, ഋഷി സുരേഷ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.