Entertainment Movies

ലോകമെങ്ങും മിന്നലടിക്കുന്നു; പല രാജ്യങ്ങളിലും മിന്നൽ മുരളി ആദ്യ പത്തിൽ

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ മിന്നൽ മുരളി ആഗോള ഹിറ്റ്. വിവിധ രാജ്യങ്ങളിൽ മിന്നൽ മുരളി നെറ്റ്‌ഫ്ലിക്സിൻ്റെ ആദ്യ മികച്ച പത്ത് സിനിമകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫ്ലിക്സ് പട്രോളിൻ്റെ കണക്ക് പ്രകാരം ബംഗ്ലാദേശ്, യുഎഇ, ന്യൂസീലൻഡ്, നൈജീരിയ തുടങ്ങി 16ഓളം രാജ്യങ്ങളിൽ മലയാളത്തിൻ്റെ കൊച്ചുചിത്രം ആദ്യ പത്തിലുണ്ട്. ഇത് ആദ്യമായാണ് ഒരു ഏഷ്യൻ സിനിമ ആദ്യ 24 മണിക്കൂറിൽ ഇത്ര ട്രെൻഡ് ആവുന്നത്. ഓസ്ട്രേലിയ അടക്കം വിവിധ രാജ്യങ്ങളിൽ വമ്പൻ പ്രമോഷനാണ് മിന്നൽ മുരളിക്ക് നെറ്റ്ഫ്ലിക്സ് നൽകുന്നത്. (minnal murali varous countries)

മിന്നൽ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാവ് സോഫിയ പോൾ പറഞ്ഞിരുന്നു. കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോൾ പറഞ്ഞു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട് എന്നും സോഫിയ പോൾ പ്രതികരിച്ചു.

‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ വി എഫ് എക്‌സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിജുക്കുട്ടൻ, ഫെമിന ജോർജ്, സ്നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.