Entertainment Movies Social Media

‘നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക’; ഷൈൻ ടോം ചാക്കോയെ പുകഴ്ത്തി ഭദ്രൻ

നടൻ ഷൈൻ ടോം ചാക്കോയെ പുകഴ്ത്തി സംവിധായകൻ ഭദ്രൻ മാട്ടേൽ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭദ്രൻ യുവനടനെ പുകഴ്ത്തി രംഗത്തെത്തിയത്. ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകയ്ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ന് അദ്ദേഹം കുറിച്ചു. ചില മുഖങ്ങൾ കാഴ്ച്ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത റോ മെറ്റീരിയൽ ആണെന്ന് ഓർക്കുക എന്നും ഭദ്രൻ കുറിച്ചു. കുറിപ്പിന് ഷൈൻ ടോം നന്ദി പറഞ്ഞിട്ടുണ്ട്. (bhadran shine tom chacko)

ഭദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടിൽ പുകയുന്ന മുറിബീഡിയ്ക്ക് ഒരു ലഹരിയുണ്ട്. ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകയ്ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ചലച്ചിത്ര അവാർഡ് കമ്മിറ്റിയിൽ ജൂറി ചെയർമാൻ ആയി ഇരിക്കെ, ഏറെ സിനിമകൾ കാണുകയുണ്ടായി. പലതിലും ഷൈൻ ടോം ചാക്കോയുടെ വേഷങ്ങളിൽ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. താൻ പറയേണ്ട ഡയലോഗുകൾ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേർന്ന് നിൽക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, a genuine actor will form. ഇയാൾ ഇക്കാര്യത്തിൽ സമർത്ഥനാണ്.

ഏറ്റവും ഒടുവിൽ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നത്. മോനേ കുട്ടാ, നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങൾ കാഴ്ച്ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത raw material ആണെന്ന് ഓർക്കുക. കമൽ സംവിധാനം ചെയ്ത നമ്മളിൽ എക്സ്ട്രാ നടനായി സിനിമാഭിനയം തുടങ്ങിയ ഷൈൻ കമലിൻ്റെ തൻ്റെ ഗദ്ദാമ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഇതിഹാസയിലെ നായക കഥാപാത്രം ബ്രേക്ക് ആയി. ഒട്ടേറെ മികച്ച ചിത്രങ്ങളിൽ അഭിനയിച്ച ഷൈൻ്റെ അടുത്ത സിനിമ അമൽ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മ പർവമാണ്. കുറുപ്പ് ആണ് താരത്തിൻ്റേതായി റിലീസായ അവസാന ചിത്രം.