ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തുന്ന സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി ഹോളിവുഡ് സംഗീത സംവിധായകൻ അലൻ സിൽവെസ്ട്രി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അലൻ മിന്നൽ മുരളിയ്ക്ക് ആശംസകൾ നേർന്നത്. ചിത്രത്തിൻ്റെ ട്രെയിലർ പങ്കുവച്ച അദ്ദേഹം ‘ഈ മനോഹര സിനിമയ്ക്ക് ആശംസകൾ നേരുന്നു’ എന്ന് കുറിച്ചു. (alan silvestri minnal murali)
എമ്മി പുരസ്കാര ജേതാവായ അലൻ സിൽവെസ്ട്രി ‘ബാക്ക് ടു ദ ഫ്യൂച്ചർ സിനിമാ പരമ്പര’, ‘ഫോറസ്റ്റ് ഗംപ്’, ‘പ്രെഡേറ്റർ, ‘കാസ്റ്റ് എവേ’, ‘ദ അവഞ്ചേഴ്സ്’, ‘റെഡി പ്ലയർ വൺ’, ‘അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ’, ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനാണ്. രണ്ട് തവണ ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് രണ്ട് തവണ ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശവും ലഭിച്ചിട്ടുണ്ട്.
![](https://i0.wp.com/www.twentyfournews.com/wp-content/uploads/2021/12/image-1.png?w=640&ssl=1)
‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നൽ മുരളി’ പ്രഖ്യാപന സമയം മുതൽ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റർ മുരളിയെന്നാണ് ഹിന്ദി പതിപ്പിൻറെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. ഈ മാസം 24ന് നെറ്റ്ഫ്ലിക്സിലൂടെ സിനിമ പുറത്തിറങ്ങും.
ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ വി എഫ് എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ ഫെമിന ജോർജ്. ബിജുക്കുട്ടൻ, ബൈജു, സ്നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.