Entertainment

ഷാജി പാപ്പനും പിള്ളാരും വീണ്ടുമെത്തുന്നു; ആട് 3 വരുന്നു

ഷാജി പാപ്പനും പിള്ളാരും വീണ്ടുമെത്തുമെന്ന പ്രതീക്ഷ നല്‍കി നിര്‍മ്മാതാവ് വിജയ് ബാബു. ആട് 2വിന് ശേഷം ചിത്രത്തിന്റെ മൂന്നാംഭാഗവും ഉടനെത്തുമെന്നാണ് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആടിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത് ഫെബ്രുവരി ആറിനായിരുന്നുവെന്ന് വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ഈ ദിവസം തന്നെയാണ് ആടിന്റെ രണ്ടാം ഭാഗവും ഞങ്ങള്‍ തീരുമാനിച്ചത്. എന്നാ ഇന്നു തന്നെ പറഞ്ഞേക്കാം ആട് 3 വരും- വിജയ് ബാബു കുറിച്ചു.

മിഥുന്‍ മാനുവലിന്റെ സംവിധാനത്തില്‍ 2015ലായിരുന്നു ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രം പരാജയമായിരുന്നുവെങ്കിലും പിന്നീട് ചാനലുകളില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്ന് ആട് ആരാധകര്‍ ഏറ്റെടുത്തു. ഒടുവില്‍ കാത്തിരിപ്പിന് വിരാമമെന്നോണം ആടിന്റെ രണ്ടാം ഭാഗം 2017 ഡിസംബറില്‍ തിയറ്ററുകളിലെത്തി. വന്‍വിജയം നേടിയാണ് ആട് 2 തിയറ്ററുകള്‍ വിട്ടത്. ആദ്യ ഭാഗം റിലീസ് ചെയ്ത് രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആടിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയിരുന്നത്.

ജയസൂര്യക്കൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സൈജു കുറുപ്പ്,ഭഗത് മാനുവല്‍,സണ്ണി വെയ്ന്‍ വിനായകന്‍,വിജയ് ബാബു,തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.