Association Pravasi Switzerland

കുളിർമയുള്ള പ്രഭാതം മേഘാവൃതമായിരുന്നു.രാത്രിയിലെ ചെറു മഴയിൽ കുളിച്ചു ഈറനണിഞ്ഞ പ്രകൃതി നിശ്ചലയായി നിലകൊണ്ടു… ഒരു വൺ ഡേ ട്രിപ്പ് …യാത്രാവിവരണം ശ്രീമതി റീത്ത വിമലശേരി

കഴിഞ്ഞ മെയ് പതിമൂന്നാം തിയതി ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ഫാമിലി ടൂറിലെ യാത്രികയായിരുന്ന ശ്രീമതി റീത്ത വിമലശേരിയുടെ യാത്രാവിവരണക്കുറിപ്പ് .

അമിതമായ സന്തോഷം, ചുറുചുറുപ്പ്, അതോടൊപ്പം സാധാരണയിൽ കവിഞ്ഞ ആകാംക്ഷ, പരിഭ്രമം തുടങ്ങിയ ലക്ഷണങ്ങൾ കഴിഞ്ഞ രണ്ടു ആഴ്ചകളിൽ നിങ്ങൾ കാണിച്ചിട്ടുണ്ടോ? ഉത്തരം ഉണ്ട് എന്നാണെങ്കിൽ നിങ്ങളെയും ഒരു വൈറൽ “അസുഖം” ബാധിച്ചിരുന്നു എന്ന് തീർച്ചയാണ്. ഇത് ഒരു തരം “പനി” എന്നാണു കരുതപ്പെടുന്നത് എങ്കിലും തെര്മോമീറ്ററിൽ നോർമൽ ആയ ടെമ്പറേച്ചർ തന്നെ കാണിക്കും, കിടക്കയിൽ തളച്ചിടുകയില്ല എന്നിവ ഈ രോഗത്തിന്റെ പ്രത്യേകതകൾ ആണ്. ഇതിനെ ശമിപ്പിക്കുന്ന മരുന്നുകൾ നിങ്ങൾ പ്രയോഗിച്ചില്ല എങ്കിൽ നിങ്ങളുടെ മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഇതിനോടകം സ്വാഭാവികമായും കുറഞ്ഞു തുടങ്ങിയിട്ടുണ്ടാകും. ഒരു യാത്ര പ്ലാൻ ചെയ്യുന്ന ആദ്യ ദിവസങ്ങളിൽ ഈ ലക്ഷണങ്ങൾ സാവധാനം ആരംഭിക്കുകയും യാത്രാദിനം അടുക്കും തോറും മൂര്ധന്യാവസ്ഥയിൽ എത്തിയശേഷം ക്രമേണ കുറഞ്ഞു, രോഗിയുടെ മാനസിക ആരോഗ്യം അനുസരിച്ചു പെട്ടന്നോ ഏതാനും ദിവസങ്ങൾ കൊണ്ടോ തീർത്തും മാറുകയും ചെയ്യും എന്നാണു വിദഗ്ധരുടെ കണ്ടെത്തൽ.

അവതാരികയും ഭർത്താവ് ജോർജ് വിമലശേരിയും

എന്റെ വ്യക്തിപരമായ അനുഭവം ഒത്തിരി സത്യവും മേമ്പൊടിക്ക് സ്വല്പം അസത്യവും ചേർത്തു പറഞ്ഞാൽ ഏപ്രിൽ 30-നു ബി ഫ്രണ്ട്സ് ടൂർ 23 – Lindau Insel എന്ന WhatsApp ഗ്രുപ്പിൽ എന്റെ പേരു ചേർക്കപ്പെട്ടു എന്ന് കണ്ടപ്പോൾ മുതൽ ആണ് രോഗലക്ഷണങ്ങൾ എന്നിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. തൊട്ടു പിന്നാലെ വന്ന ബ്രേക്കിംഗ് ന്യൂസ് “ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് വൺ ഡേ ടൂർ – മെയ് 13 – Insel Lindau – die Perle im Bodensee”, അവിടുത്തെ കാഴ്ച്ചകളുടെ വിശദമായ വിവരണം, “ടൂർ നമ്മൾ അടിപൊളിയാക്കും” “പൊളിക്കും” തുടങ്ങിയ കമെന്റുകൾ, അതേത്തുടർന്ന് ഗ്രുപ്പിലേക്കു ഒരുപറ്റം യാത്രാപ്രേമികളുടെ പൊടുന്നനെയുള്ള തള്ളിക്കയറ്റം ഇവയെല്ലാം രോഗലക്ഷണങ്ങൾ പെട്ടെന്ന് വർദ്ധിക്കുന്നതിന് കാരണമായി.അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ബോധവതിയാകുന്നതിനു ശ്രമിക്കുമ്പോൾ അതാ അടുത്ത സർപ്രൈസ് ന്യൂസ് …. “Insel Lindau സന്ദർശനത്തിനും ഉച്ചഭക്ഷണത്തിനും ശേഷം അൽഗോയിലെ ഷൈഡെഗ്ഗിൽ ഉള്ള സ്കൈവാക് പാർക്ക് കൂടി സന്ദർശിക്കുന്നതാണ്” എന്ന്. പരിചയം ഇല്ലാത്ത പേരുകൾ ആയിരുന്നതുകൊണ്ട് ഉടനെ ഗൂഗിളിനെ സമീപിച്ചു കുറച്ചു വിവരങ്ങൾ കൈക്കലാക്കി. തെക്കൻ ജർമനിയിലെ ബവേറിയ റീജിയനിൽ പെട്ട പർവ്വത പ്രദേശമാണ് അൽഗോയി(Algäu) എന്നും, Bavarian Swabiaയുടെ തെക്കുഭാഗം, Baden-Württemberg -ന്റെ തെക്കുകിഴക്ക് ഭാഗം, ഓസ്ട്രിയയുടെ ചിലഭാഗങ്ങൾ എന്നിവയിൽ ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നു എന്നുമൊക്കെ ഗൂഗിൾ ഈസി ആയി എനിക്ക് പറഞ്ഞു തന്നു.

അതിനുശേഷം ഒന്നിന് പിറകെ ഒന്നായി വന്ന 6 അറിയിപ്പുകൾ, ടൂർ പ്ലാൻ, കാപ്പിയ്ക്കുള്ള പലഹാരത്തിന്റെ ലിസ്റ്റ് ഇവയൊക്കെ വായിച്ചു തീരും മുൻപ് സൂപ്പർ ജോഡി മത്സരത്തിനായി 10 ദമ്പതികളെ രഹസ്യമായി തിരഞ്ഞെടുത്ത വിവരവും മത്സരാർഥികളുടെ ഫോട്ടോകളും ഉൾപ്പെടുത്തി അയച്ച 7-ാം അറിയിപ്പും എത്തിച്ചേർന്നു. മത്സരാർഥിയായി തെരഞ്ഞെടുക്കപ്പെടുവാൻ ഭാഗ്യം ലഭിച്ച ഒരു ജോഡി മുൻപോട്ടു വച്ച കുഞ്ഞു “പരാതി” ഉടനെ തന്നെ നിരുപാധികം പിൻവലിച്ചപ്പോൾ ജോഡി ഇല്ലാത്തതിനാൽ അവസരം നഷ്ട്ടപ്പെട്ട ചിലർ തങ്ങളുടെ നഷ്ടങ്ങളെ കുറിച്ചുള്ള വിലാപവുമായി രംഗത്തു വന്നു. എങ്കിലും സുഖിയനും കിണ്ണത്തപ്പവും വട്ടയപ്പവും ഒക്കെ തരാം എന്ന് ആരൊക്കെയോ കൊടുത്ത വാഗ്ദാനങ്ങൾ കണ്ടപ്പോൾ അവരും അടങ്ങി. പാർക്കിംഗ് സൗകര്യത്തെക്കുറിച്ചും, സമയനിഷ്ടത പാലിക്കേണ്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉള്ള കുറിപ്പുകൾ, പാസ്സ്‌പോർട്ട്, ഐഡി കാർഡ് ഇവ മറക്കരുതേ എന്നുള്ള അഭ്യർത്ഥനകൾ ഒക്കെ അയക്കുന്നതിൽ പ്രസിഡണ്ട് അമാന്തം കാണിച്ചു എന്ന് അസൂയക്കാർക്കു പോലും പറയാൻ പറ്റുകയില്ല.

ഇതൊക്കെ കണ്ടും കേട്ടും വായിച്ചും ദിവസങ്ങൾ കഴിയുംതോറും എന്റെ രോഗലക്ഷണങ്ങൾ കുതിച്ചുയർന്നു. Lindau ഐലൻഡ്, സ്കൈവാക്കിങ് ഇവ ഒക്കെ ദിവാസ്വപ്നം കണ്ടും, ശ്വാസം നീട്ടി വലിച്ചു മനസ്സിനെ ശാന്തമാക്കിയും തള്ളിനീക്കിയ നാളുകളുടെ അവസാന ഘട്ടത്തോട് അടുത്താണ് ഭർത്താവിന്റെ മുഖത്തെ പതിവില്ലാത്ത പരിഭ്രമം ഞാൻ ശ്രദ്ധിച്ചത്. പണം അയച്ചിട്ടില്ല, അതിന്റെ കാര്യം ഒന്നും പ്രസിഡണ്ട് പറയുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിൻറെ ഏകപ്രശ്നം എന്ന് കേട്ടപ്പോൾ എനിക്ക് ആശ്വാസം ആയി. കാരണം, പണമിടപാടുകൾ എനിക്ക് താല്പര്യം ഇല്ലാത്ത ഒരു പരിപാടി ആയതു കൊണ്ട് ഹബ്ബിയെ ആശ്വസിപ്പിക്കുവാനുള്ള സമാധാന വാക്കുകൾ കണ്ടെത്താൻ എനിക്ക് എളുപ്പം ആയിരുന്നു. പക്ഷെ ടൂറിന്റെ തലേന്ന് രാത്രിയായിട്ടും പേയ്‌മെന്റിനെക്കുറിച്ചു ആരും ഒന്നും പറയുന്നും ചോദിക്കുന്നും ഇല്ല എന്ന് ശ്രദ്ധിച്ചപ്പോൾ എന്റെ വാക്കുകളുടെ ഉറപ്പിനോട് എനിക്ക് തന്നെ ബലമായ സംശയം വന്നുതുടങ്ങി. ഭർത്താവിൽ നിന്നും എന്റെ ജാള്യത സമർഥമായി മറച്ചു വയ്ക്കുന്നതിൽ ഒരുപരിധി വരെ ഞാൻ വിജയിച്ചു എന്ന് പറയാം. ഇത്തരം കൺഫ്യൂഷന് ഇടക്കും ബാക്ക്പാക്ക് റെഡി ആക്കുവാനും ജീവിതചര്യകൾ തടസ്സം കൂടാതെb നിർവഹിക്കുവാനും എന്റെ സഹധർമ്മചാരിക്കു കഴിഞ്ഞപ്പോൾ ഞാൻ ദിവാസ്വപ്നത്തിന്റെ മായയിൽ മുഴുകി ഒരു അർദ്ധബോധാവസ്ഥയിൽ ചുറ്റിക്കറങ്ങുക ആയിരുന്നു എന്ന് പറയാം. ഏതാണ്ട് പാതിരാ അടുക്കാറായപ്പോൾ ആണ് സുഖിയൻ ഉണ്ടാക്കിയില്ല എന്നുമാത്രമല്ല ഡ്രസ്സ്, ബാഗ്, കുട ഇത്യാദികൾ പോലും തയ്യാർ ആക്കിയിട്ടില്ല എന്ന ബോധം എനിക്ക് വന്നത്. പെട്ടന്ന് തന്നെ തിരക്കിട്ടു കൊണ്ടുപോകേണ്ട സാധന സാമഗ്രികൾ കുറെയൊക്കെ ഒരുവിധം അടുപ്പിച്ചുവച്ചു. ഫൈനൽ തീരുമാനം ഉറക്കം കഴിഞ്ഞിട്ട് ആകാം എന്നു ഉറപ്പിച്ചു സുഖിയനുവേണ്ടി എടുത്തുവച്ച ചെറുപയറിനോട് ക്ഷമാപണവും പറഞ്ഞു ഞാൻ കിടപ്പുമുറിയിലേക്ക് നീങ്ങി.

സ്വച്ഛമായി ഉറങ്ങുന്ന ഭർത്താവിനെ അസൂയയോടെ നോക്കിയിട്ടു കണ്ണടക്കാൻ ശ്രമിച്ചെങ്കിലും ഒട്ടേറെ ചോദ്യങ്ങളുമായി എന്റെ മനസ്സ് ഉണർന്നു തന്നെയിരുന്നു. മിക്സഡ് കാലാവസ്ഥക്ക് അനുസരിച്ചു വേണ്ട ഐറ്റംസ് ഒക്കെ പാക്ക് ചെയ്തിട്ടുണ്ടോ? എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ? ഐഡി കാർഡ്, ഹെൽത്ത് ഇൻഷുറൻസ് കാർഡ്, യൂറോ, കുട ഒക്കെ ബാഗിൽ കരുതിയോ? നാളെ കൃത്യ സമയത്തു ഉണർന്നില്ലെങ്കിലോ? അലാറം അടിച്ചില്ലെങ്കിലോ? …ശ്വാസം നീട്ടിവലിച്ചു കണ്ണടച്ചു കിടന്നു എപ്പോഴോ ഉറങ്ങിയെങ്കിലും സെറ്റ് ചെയ്തു വച്ചിരുന്ന സമയത്തിനു കൃത്യം ഒരുമണിക്കൂർ മുൻപ് മനസ്സിലെ ക്ലോക്ക് നിഷ്ക്കരുണം എന്നെ വിളിച്ചുണർത്തി. അത് അത്ര രസിച്ചില്ല എങ്കിലും മൂഡ് ഓഫ് ആകേണ്ട എന്ന് കരുതി പെട്ടെന്ന് തന്നെ യാത്രക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു.

കുളിർമയുള്ള പ്രഭാതം മേഘാവൃതമായിരുന്നു. രാത്രിയിലെ ചെറു മഴയിൽ കുളിച്ചു ഈറനണിഞ്ഞ പ്രകൃതി നിശ്ചലയായി നിലകൊണ്ടു. നിശ്ചയിച്ചിരുന്ന സമയത്തു തന്നെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഏതാണ്ട് എൺപതോളം ആളുകൾ ഡബിൾ ഡക്കർ കോച്ചിൽ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ഉല്ലാസയാത്രയുടെ തുടക്കത്തിൽ ഭാരവാഹികളുടെ സ്വാഗതാശംസകൾ, വിശദമായ അറിയിപ്പുകൾ ഒക്കെ ഒന്നിന് പിറകെ ഒന്നായി മുറപോലെ വന്നു കൊണ്ടിരുന്നു. നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി രാവിലെ തന്നെ സ്കൈ വാക്കിങ് നടത്താമെന്നു ടൂർ കമ്മറ്റി തീരുമാനിച്ചത് എന്തെങ്കിലും നല്ല ഉദ്ദേശത്തോടെ ആയിരുന്നിരിക്കും എന്ന് ആശ്വസിച്ചു. എന്നെപ്പോലെ മുകളിലത്തെ ഡെക്കിൽ ഇരുന്നവർക്കു പനോരമ വ്യൂവും താഴത്തെ ഡെക്കിൽ ഇരുന്നവർക്കു “തണുത്ത” വെള്ളവും ആണ് സ്പെഷ്യൽ ഓഫർ ആയി കിട്ടിയത്. രണ്ടു കൂട്ടരും ഈ ഓഫറിൽ വളരെ ഹാപ്പി ആയിരുന്നു എന്നാണു ശ്രദ്ധിച്ചത്.

താമസിയാതെ പുഞ്ചിരിതൂകുന്ന മുഖവുമായി റിഫ്രഷ്മെന്റ് ടീം രുചിയേറിയ ചൂടുകാപ്പിയും “ഗിപ്‌ഫെലി” യും ആയി ഓരോരുത്തരുടെയും മുൻപിൽ എത്തി. അതിനു ശേഷം എനിക്ക് പേര് അറിയാവുന്നതും അല്ലാത്തതുമായ പലഹാരങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ആണ് നടന്നത്. അവയൊക്കെ പങ്കിട്ടും രുചിച്ചും കഴിഞ്ഞപ്പോൾ എവിടെയും ആവേശത്തിന്റെ അലകൾ ഉയർന്നു തുടങ്ങി. ബസിന്റെ മുകളിലത്തെ നിലയിൽ സ്ത്രീ സാന്നിദ്ധ്യം കൂടുതലുള്ള മുൻഭാഗത്തുള്ളവർ പ്രധാനമായും അന്ടാക്ഷരി, കടംകഥകൾ, കുസൃതിച്ചോദ്യങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധ ചെലുത്തിയപ്പോൾ പിൻഭാഗത്തു സ്ഥാനം ഉറപ്പിച്ചവർ ഗാനമേളയ്‌ക്കാണ്‌ മുൻ‌തൂക്കം കൊടുത്തത് എന്ന് തോന്നി. ഹാസ്യഗാനങ്ങൾ, പാരഡികൾ ഒക്കെ വിളമ്പി അവർ മേളം കൊഴുപ്പിച്ചു. താഴത്തെ നിലയിൽ ചീട്ടുകളിക്കായിരുന്നു പ്രാധാന്യം എന്നാണു പറഞ്ഞുകേട്ടുള്ള അറിവ്.

മദ്ധ്യഭാഗത്ത് സീറ്റ് പിടിച്ചതുകൊണ്ടു എനിക്കും എന്റെ ചുറ്റിലുള്ളവർക്കും ഇരുഭാഗത്തെ പരിപാടികളും നന്നായി ആസ്വദിച്ചു രസിക്കുവാൻ കഴിഞ്ഞു. അക്കൂട്ടത്തിൽ ഒരു യുവമിടുക്കൻ സംസാരത്തിനിടയ്ക്കും കടംകഥകളുടെയും കുസൃതിച്ചോദ്യങ്ങളുടെയും ഉത്തരങ്ങൾ മിന്നൽ വേഗത്തിൽ എറിഞ്ഞുകൊടുത്തുകൊണ്ടിരുന്നത് കേട്ടവരിൽ അത്ഭുതം ഉളവാക്കി. താളവും മേളവും കൊഴുക്കുന്നതിനിടെ സൂപ്പർ ജോഡികൾ അവരുടെ ഐറ്റംസ് അവതരിപ്പിക്കുവാനുള്ള ക്ഷണം സ്വീകരിച്ചു ഓരോരുത്തരായി രംഗപ്രവേശനം ചെയ്തു തുടങ്ങി. ആവോളം ചിരിക്കുവാനും ചിന്തിക്കുവാനും ആസ്വദിക്കുവാനും ഉതകുന്ന കലാസൃഷ്ടികൾ അവതരിപ്പിച്ച ഈ ജോഡികൾ ഒട്ടേറെ കയ്യടികൾ ഏറ്റുവാങ്ങി.

ഞങ്ങളുടെ ചുറ്റിലും ഇരിക്കുന്നവർ യുവജനങ്ങൾ ആയിരുന്നു. അവരുമായി ഉള്ള നേരിയ പരിചയം ഒന്നുകൂടി പുതുക്കുവാനും ഗാഡമാക്കുവാനും ഉള്ള ഞങ്ങളുടെ ശ്രമം വിഫലമായില്ല. ജനറേഷൻ ഗാപ് ഞങ്ങളുടെ ഇടയിൽ പ്രശ്ങ്ങൾ ഒന്നും തന്നെ സൃഷ്ടിച്ചില്ല എന്ന് മാത്രമല്ല അവരുമായുള്ള സംഭാഷണം പോസിറ്റീവ് ആയ ഒരു അനുഭൂതി ആണ് ഞങ്ങളിൽ അവശേഷിപ്പിച്ചത്. അവരുടെ ജീവിതത്തെക്കുറിച്ചു ഞങ്ങളും, ഞങ്ങളുടെ പ്രൊഫെഷണൽ / റിട്ടയേർഡ് ലൈഫ് നെക്കുറിച്ചു അവരും അറിയുവാൻ കാണിച്ച ജിജ്ഞാസ മൂലം വിഷയദാരിദ്രം എന്ന പ്രശ്നത്തെ അഭിമൂഖീകരിക്കേണ്ടി വന്നില്ല.

“മൂടൽ മഞ്ഞുള്ള പ്രഭാതം ദിവസത്തിലെ ആദ്യത്തെ ബ്രഷ് സ്ട്രോക്കുകൾക്കായി കാത്തിരിക്കുന്ന ഒരു ക്യാൻവാസ് ആണ്” എന്ന് ആരോ പറഞ്ഞതിനെ മുഖവിലയ്‌ക്കെടുത്തു മഴയിൽ കുതിർന്ന മരങ്ങളും ചെടികളും ഈർപ്പത്തിന്റെ തുള്ളികൾ ഇറ്റിറ്റുവീഴുന്ന ഇലകളും പൂക്കളും ഒളിച്ചുകളിക്കുന്ന സൂര്യനും കാർമേഘങ്ങളും ആ ക്യാൻവാസിൽ സങ്കല്പമാകുന്ന ബ്രഷ് കൊണ്ട് വരച്ചുചേർത്തു യാത്ര തുടർന്ന ഞങ്ങൾ നിശ്ചിത സമയത്തു തന്നെ ഷൈഡെഗ്ഗിൽ എത്തിച്ചേർന്നു. ഇടക്കൊന്നു മുഖം കാണിച്ച സൂര്യൻ വീണ്ടും കാർമേഘങ്ങളുമായി ഒളിച്ചു കളിയിൽ ഏർപ്പെട്ടപ്പോൾ, നേരിയ മഴയുടെ അകമ്പടിയോടെ അൽഗോയിലെ സ്കൈവാക് പ്രവേശനകവാടത്തിലേക്ക്‌‌ ഉള്ള നടപ്പാതയിലൂടെ ഞങ്ങൾ ഉത്സാഹത്തോടെ നടന്നു നീങ്ങി. കൂടെയുള്ള പപ്പരാസികൾ വേണ്ടതും വേണ്ടാത്തതുമായ പുറംകാഴ്ചകൾ ക്യാമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

2010 ഒക്ടോബറിൽ മാത്രമാണ് അൽഗോയി പ്രകൃതി സാഹസിക പാർക്കു തുറന്നതു; അതുകൊണ്ടു അത് അത്ര പ്രസിദ്ധമായിട്ടില്ല എന്നും ഈ പാർക്കിന്റെ പ്രത്യേകത പ്രകൃതിയെ വ്യത്യസ്ത രീതികളിൽ ഇവിടെ കണ്ടെത്താനാകും എന്നതാണ് എന്നും, സ്കൈവാക്കിന്റെ വിസ്തീർണ്ണം 60,000 ചതുരശ്ര മീറ്ററാണ് എന്നും, ഇതിന്റെ 75 ശതമാനവും വനമേഖലയാണ് എന്നുമൊക്കെ ഗൂഗിൾ പറഞ്ഞു തന്നിരുന്നു. സന്ദർശകരെ പ്രതീക്ഷിച്ചു നിന്നിരുന്നു ഒബ്സർവേഷൻ ടവറും തൂക്കുപാലങ്ങളും സാഹസിക പാലങ്ങളും ഒക്കെ ഒന്നൊന്നായി പരീക്ഷിക്കുവാനുള്ള ആവേശം ഞങ്ങളിൽ ഏവരിലും പ്രകടമായിരുന്നു. എലിവേറ്ററിനെ പുറം തള്ളി എല്ലാവരും തന്നെ കോണിപ്പടികളിലൂടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന 40 മീറ്റർ ഉയരമുള്ള നിരീക്ഷണ ഗോപുരത്തിന്റെ മുകൾ നിലയിൽ എത്തി തങ്ങളുടെ ഫിറ്റ്നസ് ലെവൽ തെളിയിച്ചു. നല്ല കാലാവസ്ഥയിൽ ടവറിൽ നിന്നുള്ള കാഴ്ച ശരിക്കും അതിശയകരമാണ്, ആൽപ്സിന്റെയും, ആൽപ്സ് താഴ് വരയുടെയും, കോൺസ്റ്റൻസ് തടാകത്തിന്റെയും സമാനതയില്ലാത്ത കാഴ്ചകൾ കാണാൻ കഴിയും എന്നാണു പറയപ്പെടുന്നത്. അതിനേക്കാൾ മനോഹരമായ കാഴ്ചകൾ മനസ്സിൽ സങ്കൽപ്പിക്കാൻ അവസരം തരുവാൻ വേണ്ടി ആകാം അന്നേ ദിവസം കോടമഞ്ഞു എല്ലാം കാഴ്ചകളും മൂടി പ്രകൃതിയെ നിഗൂഡവും മനോഹരവും ആക്കി വച്ചിരുന്നതു. അതുമല്ലെങ്കിൽ, “പ്രകൃതിയിൽ, എല്ലാത്തിനും ഒരു ജോലിയുണ്ട്. നിലവിലുള്ള സൗന്ദര്യത്തെ കൂടുതൽ മനോഹരമാക്കുക എന്നതാണ് മൂടൽമഞ്ഞിന്റെ ജോലി!” എന്നോ “മരങ്ങളോ പർവതങ്ങളോ മൂടൽമഞ്ഞോ മഴയോ ഇല്ലാതെ, സൂര്യന് അതിന്റേതായ മാന്ത്രികത സൃഷ്ടിക്കാൻ കഴിയില്ല!” എന്നോ ഒക്കെ മനസ്സിലാക്കിത്തരുവാൻ വേണ്ടി ആയിരുന്നിരിക്കും.

അത് എന്തുതന്നെ ആയിരുന്നാലും 540 മീറ്റർ നീളമുള്ള പനോരമ പാതയിലൂടെ ട്രീ ടോപ്പുകളുടെ ഉയരത്തിൽ എത്തിച്ചേരുക എന്നതും 15 മുതൽ 30 മീറ്റർ വരെ ഉയരത്തിലുള്ള മനോഹരമായ ട്രീ ടോപ് പാതയിലൂടെ മരത്തിന്റെ ശിഖരങ്ങൾക്കിടയിൽ സുരക്ഷിതമായും സുഖമായും നടക്കുക എന്നതും സമാനതകളില്ലാത്ത അനുഭവമായിരുന്നു. 14 മാസ്റ്റുകൾ തൂക്കുപാലത്തെ സപ്പോർട്ട് ചെയ്യുന്നു. സാധാരണ പാലങ്ങളിൽ തടസ്സങ്ങളില്ലാതെ വീൽ ചെയറുകൾ, പ്രാമുകൾ ഇവയൊക്കെ ഉപയോഗിക്കാൻ സാധിക്കും എന്നതുകൊണ്ട് അംഗവൈകല്യം ഉള്ളവർ, കുഞ്ഞുകുട്ടികൾ ഉള്ളവർ തുടങ്ങി എല്ലാവര്ക്കും ഇവയിലൂടെ സുരക്ഷിതമായി സഞ്ചരിക്കാം. ഒരേ സമയം ധാരാളം ആളുകൾ അതിന്മേൽ ഉള്ളപ്പോഴോ അല്ലെങ്കിൽ ആരെങ്കിലും മനഃപൂർവം പാലം ചലിപ്പിക്കുകയോ ചെയ്യുമ്പോൾ മാത്രമേ അവ ചെറുതായി ഒന്ന് ചാഞ്ചാടുകയുള്ളു എന്ന് പരീക്ഷിച്ചു അറിയുവാൻ സാധിച്ചു.

എന്നാൽ ശരിക്കും ചലിക്കുന്ന നെറ്റ് പാലം ഉപയോഗിക്കുന്നവർ ഉയരങ്ങളെക്കുറിച്ചു ഭയം ഉള്ളവർ ആയിരിക്കരുത്, പാലത്തിൽ ഉറച്ചു നിൽക്കുവാൻ സാധിക്കുന്നവർ ആയിരിക്കുകയും വേണം. ഈ രണ്ടു ടെസ്റ്റിലും പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും അതിലൂടെ പോകുക തന്നെ എന്ന് ഞാൻ തീരുമാനം എടുത്തത് ഒരുപക്ഷെ peer pressure മൂലം ആയിരുന്നിരിക്കും എന്ന് പിന്നീട് എനിക്ക് തോന്നി. ഇവിടെ എല്ലാം വളരെ സുരക്ഷിതം ആണ്. അതുകൊണ്ടു താഴേയ്ക്ക് വീഴും എന്ന ഭയം അസ്ഥാനത്താണ് എന്ന് അനുഭവത്തിലൂടെ പഠിച്ചു.

സ്വല്പം കൂടെ സാഹസികത വേണ്ടവർക്ക് സാഹസിക പാലത്തിന്റെ അറ്റത്തുള്ള ട്യൂബ് സ്ലൈഡ് ഉപയോഗിച്ച് താഴേയ്ക്ക് വരാവുന്നതാണ്. ട്യൂബ് സ്ലൈഡ് വളരെ കുത്തനെയുള്ളതായി തോന്നും, പക്ഷേ അത് നിരുപദ്രവകരമാണ് എന്നാണു അറിയുവാൻ കഴിഞ്ഞത്. ചലിക്കുന്ന നെറ്റ് ടണലിലൂടെ കയറിയിറങ്ങിയതു തന്നെ ഒരു വൻവിജയമായി തോന്നിയതുകൊണ്ട് ട്യൂബ് സ്ലൈഡിങ് എന്ന അടുത്ത വെല്ലുവിളി കൂടെ ഇത്തവണ ഏറ്റെടുക്കണ്ട എന്ന് മനസ്സ് പറഞ്ഞത് ധിക്കരിക്കുവാൻ ധൈര്യം വന്നില്ല.

ഇതിനൊക്കെ പുറമെ നിലത്ത്, വനത്തിനുള്ളിൽ വിവിധ ആക്ഷൻ സ്റ്റേഷനുകളുള്ള രണ്ട് പ്രകൃതി സാഹസിക പാതകളുണ്ട് എന്നാണ് അറിഞ്ഞത്. ഒരു മാനോളം ചാടാൻ ആർക്കാകും, പൈൻ കോൺ സ്ലിംഗ്ഷോട്ടിൽ ഏറ്റവും വൈദഗ്ദ്ധ്യം ആർക്കാണ് എന്ന് ഒക്കെ ഇഷ്ടമുള്ളവർക്ക് ഇവിടെ പരീക്ഷിക്കാമായിരുന്നു. പ്രകൃതി സാഹസിക പാതകളിലൊന്ന് ഒരു പാളി ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്നതിനാൽ പ്രാമുകളിലും വീൽചെയറുകളിലും ഇതിലൂടെ സഞ്ചരിക്കാവുന്നതാണ്. ഇനിയും പരീക്ഷണം നടത്തുവാൻ വിവിധതരം വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച നഗ്നപാദ പാത, വിശാലമായ സാഹസിക കളിസ്ഥലം, കാഴ്ചകൾ കണ്ടു വിശ്രമിക്കുവാൻ സുഖപ്രദമായ കസേരകൾ, സുവനീർ ഷോപ്പ്, സെൽഫ് സർവീസ് റെസ്റ്റോറന്റ് എന്നിവയും ഉള്ളതിൽ ചിലതൊക്കെ എങ്കിലും ഇഷ്ട്ടാനുസരണം എല്ലാവരും ഉപയോഗപ്പെടുത്തി. തുടർച്ചയായി പെയ്തുകൊണ്ടിരുന്നു ചാറ്റൽ മഴയെ ഗൗനിക്കാതെ രണ്ടുമണിക്കൂർ സമയം നെറ്റ് ടണൽ, ക്ലൈംബിംഗ് പ്ലേറ്റുകൾ, സസ്പെൻഷൻ ബ്രിഡ്ജുകൾ, ഇരുണ്ട ട്യൂബ് സ്ലൈഡ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടുന്നതിലൂടെ ഉയരങ്ങൾക്കായുള്ള തങ്ങളുടെ കഴിവും ഫിറ്റ്നസും ഒരുപോലെ പരിശോധിച്ച ശേഷം ആഹ്ലാദഭരിതരായി ഞങ്ങൾ ബസ്സിലേക്ക് മടങ്ങി.

ഷൈഡെഗ്ഗിൽ നിന്നും ഉച്ചയോടെ ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവയുടെ അതിർത്തി ത്രികോണത്തിൽ പെട്ട ബ്രെഗൻസ് എന്ന നഗരം ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. ഓസ്ട്രിയയുടെ ഏറ്റവും പടിഞ്ഞാറൻ സംസ്ഥാനമായ ഫോറാൾബർഗിന്റെ തലസ്ഥാനമാണ് ബ്രെഗൻസ്. പടിഞ്ഞാറ് സ്വിറ്റ്സർലൻഡിനും വടക്കുപടിഞ്ഞാറ് ജർമ്മനിക്കും ഇടയിൽ മധ്യ യൂറോപ്പിലെ മൂന്നാമത്തെ വലിയ ശുദ്ധജല തടാകമായ, ജർമ്മൻ ഭാഷയിൽ ബോഡൻസേ എന്ന് പറയപ്പെടുന്ന, കോൺസ്റ്റൻസ് തടാകത്തിന്റെ കിഴക്കും തെക്കുകിഴക്കും തീരത്തായിട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള Yaxiya എന്ന ചൈനീസ് റെസ്റ്റോറന്റിൽ വൈവിധ്യമാർന്ന ബുഫേ ലഞ്ച് ഏവരും വയറും മനസ്സും നിറയെ ആസ്വദിച്ച ശേഷം അടുത്ത ലക്ഷ്യസ്ഥാനമായ Lindau ദ്വീപിലേയ്ക്ക് യാത്ര തിരിച്ചു. അപ്പോഴും കാര്മേഘങ്ങളും സൂര്യനും തങ്ങളുടെ ഒളിച്ചുകളി തുടർന്നുകൊണ്ടേയിരുന്നു. ചാറ്റൽ മഴ രാവിലെ മുതൽ ഞങ്ങളെ വിട്ടുമാറാൻ കൂട്ടാക്കിയിരുന്നില്ല.

കോൺസ്റ്റൻസ് തടാകത്തിലെ ഒരു ദ്വീപിലാണ് ലിൻഡൗ പഴയ പട്ടണം സ്ഥിതി ചെയ്യുന്നത്. “ലിൻഡൗ” എന്ന പേരിന്റെ അർത്ഥം “ലിൻഡൻ മരങ്ങൾ വളരുന്ന ദ്വീപ്” എന്നാണ് എന്ന് AD 882 മുതൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. കോൺസ്റ്റൻസ് തടാകത്തിന്റെ കിഴക്കൻ തീരത്തു ഓസ്ട്രിയൻ സംസ്ഥാനമായ വോറാൾബെർഗിന്റെയും സ്വിസ് കന്റോണുകളായ സെന്റ് ഗാലന്റെയും തുർഗൗവിന്റെയും അതിർത്തിക്കടുത്തായി ഉള്ളതും, “സ്വാബിയൻ കടലിലെ” രണ്ടാമത്തെ വലിയ ദ്വീപ് എന്ന ഖ്യാതിയുമുള്ളതുമായ ഈ മനോഹര ദ്വീപിന് ഏകദേശം 70 ഹെക്ടർ വലിപ്പമാണുള്ളത്. വളഞ്ഞു പുളഞ്ഞ തെരുവുകളും മദ്ധ്യ കാലഘട്ടത്തിലെ കെട്ടിടങ്ങളും ഉള്ള പഴയ പട്ടണത്തിനു ഒരു മെഡിറ്ററേനിയൻ നഗരത്തിന്റെ ആകർഷണീയത ആണ് തോന്നിയത്. 19-ാം നൂറ്റാണ്ട് മുതൽ തുറമുഖത്തേക്ക് സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്ന, സിറ്റിയുടെ landmark ആയി തുറമുഖ വാതിലിൽ സ്ഥിതി ചെയ്യുന്ന ബവേറിയൻ സിംഹവും ജർമ്മനിയുടെ തെക്കേ അറ്റത്തുള്ള വിളക്കുമാടവും, 12-ാം നൂറ്റാണ്ടിൽ നിർമ്മിതമായ Mangturm tower, historical പെയിൻ്റിങ്ങുകൾ കൊണ്ട് അലങ്കരിച്ച പുറം ഭിത്തികളുള്ളതും , Gothic സ്റ്റൈലിൽ നിർമ്മിതവുമായ പഴയ townhall, 12-ാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ഒരു Romanesque പള്ളിയുടെ സ്ഥാനത്തു സ്ഥിതി ചെയ്യുന്ന ലളിതമായ സ്റ്റൈലിലുള്ള St. Stephan evangelische Kirche, അതിശയിപ്പിക്കുന്ന പെയിന്റിംഗുകളും ഫിറ്റിംഗുകളും കൊണ്ട് അലംകൃതമായ baroque സ്റ്റൈലിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന Münster Unserer Lieben Frau തുടങ്ങിയവയൊക്കെ കിട്ടിയ സമയം കൊണ്ട് ആകുന്നത്ര കാണുവാൻ സാധിച്ചു. വിളിച്ചാൽ വിളി കേൾക്കുന്ന ദൈവത്തെയും, വിളികേൾക്കാത്ത ദൈവത്തെയും അടുത്തടുത്ത് നിലകൊള്ളുന്ന ഈ രണ്ടു പള്ളികളിലായി കണ്ടുമുട്ടിയവർ ടൂർ ഗ്രൂപ്പിൽ ഉണ്ടായിരുന്നു.

ലിൻഡൗ ഒരു ദ്വീപ് നഗരം മാത്രമല്ല, ഒരു ഉദ്യാന നഗരം കൂടിയാണ്. പരിമിതമായ സ്ഥലവും, ഒതുക്കമുള്ള ചരിത്രപരമായ കെട്ടിടങ്ങളും ഉള്ള ദ്വീപിൽ പോലും സ്റ്റാഡ്ഗാർട്ടൻ പോലുള്ള പാർക്കുകളും മറ്റ് ഗ്രീൻ റിട്രീറ്റുകളും ഉണ്ട്. Lindau മെയിൻലാൻഡിൽ നിരവധി കാഴ്ചകളും വിപുലമായ തീരപ്രദേശങ്ങളും ആകർഷകവും ചരിത്രപ്രാധാന്യമുള്ളതുമായ പാർക്കുകളും കാണുവാൻ സാധിക്കും. സമയ പരിമിതികൊണ്ടു മെയിൻലാൻഡ് സന്ദർശിക്കുവാൻ കഴിഞ്ഞില്ല എന്നതും ദ്വീപിലെ കാഴ്ചകൾ തന്നെ ശരിക്കും explore ചെയ്യുവാൻ കഴിഞ്ഞില്ല എന്നതും ഒരിക്കൽ കൂടി ഇങ്ങോട്ടു വരുന്നതിനുള്ള പ്രചോദനം ആയി കണക്കാക്കിക്കൊണ്ടു മടക്കയാത്ര ആരംഭിച്ചു. അപ്പോഴേയ്ക്കും മഴ ശമിച്ചിരുന്നു. അതുവരെ മറഞ്ഞിരുന്ന സൂര്യൻ മേഘപാളികൾക്കിടയിൽ നിന്ന് പുറത്തുവന്നു ഞങ്ങളെ സ്നേഹത്തോടെ യാത്രയാക്കി.

യാത്രയുടെ ക്ഷീണം ആരെയും ബാധിച്ചിരുന്നില്ല എന്നതിന് വ്യക്തമായ തെളിവ് ആയിരുന്നു മടക്കയാത്രയിലെ ആവേശം. രാവിലത്തേതുപോലെ തന്നെ വിവിധ തരത്തിലുള്ള പലഹാരങ്ങൾ വീണ്ടും തങ്ങളുടെ ഘോഷയാത്ര ആരംഭിച്ചു. താളമേളങ്ങളുടെ ഇടയിൽ, രാവിലെ നടന്ന സൂപ്പർ ജോഡി മത്സരത്തിന്റെ ഫലം തിരഞ്ഞെടുപ്പ് കമ്മറ്റി ഔദ്യോഗികമായി വെളിപ്പെടുത്തുകയും വിജയികളായവർക്കും പങ്കെടുത്തവർക്കും ഉള്ള അനുമോദനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. യാത്രയെക്കുറിച്ചുള്ള അവലോകനങ്ങൾ വളരെ പോസിറ്റീവും സംഘാടകരുടെ ആത്മവിശ്വാസം വര്ധിപ്പിക്കുന്നതും ആയിരുന്നു.

പ്രിയ ടൂർ സംഘാടകരെ, ഒരിക്കൽ കൂടെ ഒരായിരം നന്ദി! ഞങ്ങളെ ഈ ടൂറിലേയ്ക്ക് ക്ഷണിച്ചതിനും, ഞങ്ങൾക്ക് തന്ന ഹൃദ്യമായ സ്വീകരണത്തിനും. ഇത്രയും മികച്ച ആതിഥേയരായതിനും ഈ യാത്ര ഇത്രയും വിജയിപ്പിച്ചതിനും. യാത്രയുടെ എല്ലാ വിശദാംശങ്ങളും ശ്രദ്ധയോടെ ആസൂത്രണം ചെയ്യുന്നതിനും സംഘടിപ്പിക്കുന്നതിനുമുള്ള നിങ്ങളുടെ കഠിനാധ്വാനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സാധ്യമായ ഏറ്റവും മികച്ച അനുഭവം ഞങ്ങൾക്കു കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിങ്ങളുടെ പരിശ്രമം ഏറ്റവും അഭിനന്ദനം അർഹിക്കുന്നു.

പ്രിയപ്പെട്ട കൂട്ടുകാരെ, നിങ്ങളോടൊപ്പം ഞങ്ങൾ പങ്കിട്ടു ഏറെ ആസ്വദിച്ച ഉല്ലാസകരമായ, സാഹസികമായ, നിമിഷങ്ങൾ ആർക്കാണ് അത്ര പെട്ടെന്ന് മറക്കാൻ കഴിയുക? നിങ്ങളുടെ സ്നേഹത്തിനും, പ്രത്യേകിച്ച് കരുതലിനും എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. നിങ്ങളൊടൊപ്പം ഒരു ദിവസം ചിലവഴിക്കുവാനും ഇതുപോലെ സ്ഥായിയായ ഓർമ്മകൾ സൃഷ്ടിക്കാനും സാധിച്ചതിനു വളരെ സന്തോഷം ഉണ്ട്. അടുത്ത അവസരത്തിനായി കാത്തിരിക്കുകയാണ്!

യാത്രയിലുടനീളം യാത്രികർ പകർത്തിയ ഫോട്ടോസ് രണ്ടു ആൽബങ്ങളിലായി ചേർത്തിരിക്കുന്നു ..താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്‌ത്‌ ഫോട്ടോസ് കാണാവുന്നതാണ്

https://photos.app.goo.gl/Esw2g2ZWkCvGcKsJ6 – പാർട്ട്-1

https://photos.app.goo.gl/MPGTF6KrooaYu9JT7 – പാർട്ട് – 2